'ലോകചാമ്പ്യനായ മെസ്സിയെ ആദ്യം കെട്ടിപ്പിടിച്ചത് ഞാനാണ്'; വിജയനിമിഷം ഓര്‍ത്തെടുത്ത് പരേഡസ്

'തിരിഞ്ഞ് നോക്കുമ്പോള്‍ മുട്ടുകുത്തി നില്‍ക്കുന്ന മെസ്സിയെ ആണ് അപ്പോള്‍ കണ്ടത്. ലോക ചാമ്പ്യനായ ശേഷം അദ്ദേഹത്തെ ആദ്യമായി കെട്ടിപ്പിടിച്ച നിമിഷം ഇപ്പോഴും അവിശ്വസനീയമായി തോന്നുന്നു'
'ലോകചാമ്പ്യനായ മെസ്സിയെ ആദ്യം കെട്ടിപ്പിടിച്ചത് ഞാനാണ്'; വിജയനിമിഷം ഓര്‍ത്തെടുത്ത് പരേഡസ്

2022 ഖത്തര്‍ ലോകകപ്പിന്റെ ഫൈനല്‍ ആരും മറക്കാനിടയില്ല. ഫ്രാന്‍സിനെതിരെ അര്‍ജന്റീന വിജയമുറപ്പിച്ച നിമിഷം മൈതാനത്ത് മുട്ടുകുത്തിയിരുന്ന് സന്തോഷം അടക്കാനാകാതെ കരയുകയായിരുന്നു ഫുട്‌ബോളിന്റെ മിശിഹ. ലോകം മുഴുവനും ശ്വാസമടക്കിപ്പിടിച്ച് കണ്ട പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ആല്‍ബിസെലസ്റ്റുകള്‍ വിജയിച്ചതോടെ താരങ്ങളെല്ലാം മെസ്സിക്ക് അരികിലേക്കായിരുന്നു ഓടിയെത്തിയത്. ലയണല്‍ മെസ്സി ലോകം കീഴടക്കിയ ആ വിജയനിമിഷം ഓര്‍ത്തെടുത്ത് രംഗത്തെത്തിയിരിക്കുകയാണ് അര്‍ജന്റൈന്‍ മിഡ്ഫീല്‍ഡര്‍ ലിയാന്‍ഡ്രോ പരേഡസ്.

'ലോകകപ്പ് നേടിയ ശേഷം മെസ്സിയെ ആദ്യമായി കെട്ടിപ്പിടിച്ചത് താനാണ്. തന്റെ ജീവിതകാലം മുഴുവന്‍ ആ ആലിംഗനം ഞാന്‍ ഓര്‍ത്തിരിക്കും. തിരിഞ്ഞ് നോക്കുമ്പോള്‍ മുട്ടുകുത്തി നില്‍ക്കുന്ന മെസ്സിയെ ആണ് അപ്പോള്‍ കണ്ടത്. ലോക ചാമ്പ്യനായ ശേഷം അദ്ദേഹത്തെ ആദ്യമായി കെട്ടിപ്പിടിച്ച നിമിഷം ഇപ്പോഴും അവിശ്വസനീയമായി തോന്നുന്നു', ഈയിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പരേഡസ്.

അപ്പോഴത്തെ വൈകാരിക നിമിഷങ്ങളില്‍ മെസ്സി തന്നോട് പറഞ്ഞ കാര്യവും ലിയാന്‍ഡ്രോ പരേഡസ് തുറന്ന് പറഞ്ഞു. 'നമ്മള്‍ ലോക ചാമ്പ്യന്മാരായി എന്ന് ഞാന്‍ മെസ്സിയോട് ഉറക്കെ വിളിച്ചുപറഞ്ഞു. അപ്പോള്‍ നന്ദി, നന്ദി, ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്', പരേഡസ് ഓര്‍ത്തെടുത്തു.

2022 ഖത്തര്‍ ലോകകപ്പില്‍ നീണ്ട 36 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ലയണല്‍ മെസ്സിയുടെ അര്‍ജന്റീന കിരീടമുയര്‍ത്തിയത്. ഫുട്‌ബോള്‍ ഇതിഹാസം മെസ്സിയുടെ കരിയറിലെ ഒരേയൊരു ലോകകപ്പ് വിജയമാണ് ഖത്തറിലേത്. ആവേശക്കൊടുമുടി കയറിയ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കിലിയന്‍ എംബാപ്പെയുടെ ഫ്രാന്‍സിനെ തോല്‍പ്പിച്ചുകൊണ്ടാണ് ആല്‍ബിസെലസ്റ്റുകള്‍ കിരീടം ചൂടിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com