മെസ്സിക്കൊപ്പമില്ല; ബെന്‍ഫിക്കയിലേക്ക് ചേക്കാറാനൊരുങ്ങി ഡി മരിയ

2024 ജൂണ്‍ വരെയാണ് ക്ലബ്ബുമായുള്ള താരത്തിന്റെ കരാര്‍ എന്ന് ഇറ്റാലിയന്‍ സ്‌പോര്‍ട്‌സ് ജേണലിസ്റ്റ് ഫബ്രീസിയോ റൊമാനോ ട്വിറ്ററിലൂടെ അറിയിച്ചു
മെസ്സിക്കൊപ്പമില്ല; ബെന്‍ഫിക്കയിലേക്ക് ചേക്കാറാനൊരുങ്ങി ഡി മരിയ

പാരീസ്: അര്‍ജന്റൈന്‍ സൂപ്പര്‍ താരം എയ്ഞ്ചല്‍ ഡി മരിയ പോര്‍ച്ചുഗീസ് ക്ലബ്ബായ ബെന്‍ഫിക്കയില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍. 2024 ജൂണ്‍ വരെയാണ് ക്ലബ്ബുമായുള്ള താരത്തിന്റെ കരാര്‍ എന്ന് ഇറ്റാലിയന്‍ സ്‌പോര്‍ട്‌സ് ജേണലിസ്റ്റ് ഫബ്രീസിയോ റൊമാനോ ട്വിറ്ററിലൂടെ അറിയിച്ചു. രണ്ടാഴ്ച മുമ്പ് വാക്കാലുള്ള ധാരണയിലെത്തിയ ശേഷമാണ് അര്‍ജന്റൈന്‍ വിംഗറുടെ ക്ലബ്ബ് മാറ്റം സ്ഥിരീകരിച്ചത്. ഇപ്പോള്‍ എല്ലാ രേഖകളും പൂര്‍ത്തിയായെന്നും ബുധനാഴ്ചയോടെ താരം ബെന്‍ഫിക്കയുമായി ഔദ്യോഗിക കരാറുകളില്‍ ഒപ്പിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജൂണ്‍ ആദ്യമായിരുന്നു ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസില്‍ നിന്ന് വിടവാങ്ങുന്നതായി 35കാരനായ ഡി മരിയ പ്രഖ്യാപിച്ചത്. സൗദി അറേബ്യന്‍ ക്ലബ്ബുകളും മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മിയാമിയും താരത്തിനായി രംഗത്തുണ്ടായിരുന്നു. അര്‍ജന്റീനയിലെ തന്റെ സഹതാരമായ ലയണല്‍ മെസ്സിക്കൊപ്പം ഇന്റര്‍ മിയാമിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഡി മരിയ തന്റെ മുന്‍ ക്ലബ്ബായ ബെന്‍ഫിക്കയിലേക്ക് കൂടുമാറുന്നത്.

2007 മുതല്‍ 2010 വരെയാണ് ഡി മരിയ പോര്‍ച്ചുഗീസ് വമ്പന്മാരായ ബെന്‍ഫിക്കയോടൊപ്പം ഉണ്ടായിരുന്നത്. റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, പിഎസ്ജി എന്നീ ക്ലബ്ബുകള്‍ക്ക് മുന്‍പാണ് താരം ബെന്‍ഫിക്കയില്‍ ബൂട്ടുകെട്ടിയത്. 2022 ജൂലൈ എട്ടിലാണ് പിഎസ്ജിയില്‍ നിന്നും ഒരു വര്‍ഷത്തെ കരാറില്‍ താരം ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസില്‍ ചേര്‍ന്നത്. കഴിഞ്ഞ സീസണില്‍ സീരി എയിലും യൂറോപ്പ ലീഗിലുമായി 32 മത്സരങ്ങളില്‍ നിന്ന് എട്ട് ഗോളുകളും നാല് അസിസ്റ്റുകളുമാണ് ഡി മരിയ യുവന്റസ് ജേഴ്‌സിയില്‍ നേടിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com