'ലോകകപ്പ് വിജയമല്ല'; ജീവിതത്തിലെ ഏറ്റവും മികച്ച കാര്യം വെളിപ്പെടുത്തി ഡി മരിയ

'അദ്ദേഹം കളത്തില്‍ ഇറങ്ങിയാല്‍ പിന്നെ എനിക്ക് അധികം കളിക്കാന്‍ ഉണ്ടാവില്ലെന്ന് എനിക്കറിയാം'
'ലോകകപ്പ് വിജയമല്ല'; ജീവിതത്തിലെ ഏറ്റവും മികച്ച കാര്യം വെളിപ്പെടുത്തി ഡി മരിയ

ബ്യൂണസ് ഐറിസ്: തന്റെ ജീവിതത്തില്‍ സംഭവിച്ചിട്ടുള്ള ഏറ്റവും മികച്ച കാര്യത്തെ കുറിച്ച് തുറന്ന് പറഞ്ഞ് അര്‍ജന്റൈന്‍ താരം എയ്ഞ്ചല്‍ ഡി മരിയ. അര്‍ജന്റീനയ്ക്ക് വേണ്ടി ലോകകപ്പ് നേടിയതല്ല, മറിച്ച് ലയണല്‍ മെസ്സിയുടെ കൂടെ ദേശീയ ടീമിലും ക്ലബ്ബിലും കളിക്കാനായതാണ് തന്റെ ഫുട്‌ബോള്‍ കരിയറിലെ ഏറ്റവും മികച്ച നേട്ടമായി കണക്കാക്കുന്നതെന്ന് ഡി മരിയ പറഞ്ഞു. പിഎസ്ജിയില്‍ മെസ്സിക്കൊപ്പം ഒരു സീസണ്‍ കളിക്കാന്‍ കഴിഞ്ഞെന്നും അദ്ദേഹത്തോടൊപ്പം ക്ലബ്ബില്‍ ചെലവഴിച്ചതില്‍ സന്തോഷമുണ്ടെന്നും ഡി മരിയ പറഞ്ഞു. അര്‍ജന്റൈന്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'പിഎസ്ജിയില്‍ ഒരുമിച്ച് ഉണ്ടായിരുന്നെങ്കിലും ഒരു വര്‍ഷത്തോളം മെസ്സിയോടൊപ്പം കളിക്കാന്‍ സാധിച്ചിരുന്നില്ല. അദ്ദേഹം കളത്തില്‍ ഇറങ്ങിയാല്‍ പിന്നെ എനിക്ക് അധികം കളിക്കാന്‍ ഉണ്ടാവില്ലെന്ന് എനിക്കറിയാം. ഞാന്‍ അക്കാര്യം എന്റെ ഭാര്യയോട് പങ്കുവെക്കുകയും ചെയ്തു. ഒരു വര്‍ഷത്തേക്ക് എനിക്ക് ചിലപ്പോള്‍ കളിക്കാന്‍ സാധിക്കില്ലായിരിക്കാം, പക്ഷേ അദ്ദേഹത്തിനൊപ്പം നില്‍ക്കുകയും പരിശീലനം നടത്തുകയും ചെയ്യാം. മെസ്സിയെ എല്ലാ ദിവസവും കാണാന്‍ സാധിക്കുക എന്നത് തന്നെയാണ് എന്റെ ജീവിതത്തില്‍ സംഭവിക്കാവുന്നതില്‍ ഏറ്റവും മികച്ചതും പ്രധാനപ്പെട്ടതുമായ കാര്യം', ഡി മരിയ പറഞ്ഞു.

2015ലാണ് ഏയ്ഞ്ചല്‍ ഡി മരിയ ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയില്‍ ചേരുന്നത്. 2021-22 സീസണിലെ ലീഗ് വണ്‍ കിരീടം നേടിയതിന് ശേഷമാണ് താരം ക്ലബ്ബ് വിട്ടത്. 2021ലാണ് ലയണല്‍ മെസ്സി ബാഴ്‌സലോണയില്‍ നിന്ന് പിഎസ്ജിയിലേക്ക് ചേക്കേറിയത്. ഈ ഒരു വര്‍ഷത്തിനിടെ 26 മത്സരങ്ങളാണ് ഇരുവരും ചേര്‍ന്ന് പിഎസ്ജിയ്ക്ക് വേണ്ടി കളിച്ചത്. 26 മത്സരങ്ങളില്‍ നിന്ന് മെസ്സി ആറ് ഗോളുകളും 15 അസിസ്റ്റുകളും നേടിയപ്പോള്‍ ഡി മരിയ അഞ്ച് ഗോളുകളും എട്ട് അസിസ്റ്റുകളും നേടി.

2014 ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് വേണ്ടി കളിക്കുന്നതിനുള്ള അവസരം നഷ്ടമായെങ്കിലും 2021 കോപ്പ അമേരിക്ക ഫൈനലില്‍ ഏക ഗോള്‍ നേടി ആല്‍ബിസെലസ്റ്റുകളെ വിജയത്തിലേക്ക് എത്തിച്ചത് ഡി മരിയയായിരുന്നു. ഇറ്റലിയ്‌ക്കെതിരായ 'ഫൈനലിസ്സിമ' ഫൈനലില്‍ അര്‍ജന്റീന നേടിയ മൂന്ന് ഗോളുകളില്‍ ഒന്നും അദ്ദേഹത്തിന്റെ ബൂട്ടുകളില്‍ നിന്നായിരുന്നു. 2022 ലോകകപ്പ് ഫൈനലില്‍ നായകന്‍ ലയണല്‍ മെസ്സിയ്ക്ക് പുറമെ അര്‍ജന്റീനയ്ക്ക് വേണ്ടി ഗോള്‍ സ്‌കോര്‍ ചെയ്തതും ഈ മുപ്പത്തിയഞ്ചുകാരനായിരുന്നു. അര്‍ജന്റൈന്‍ ജേഴ്‌സിയില്‍ 132 മത്സരം കളിച്ചിട്ടുള്ള ഡി മരിയ 29 ഗോളുകളും 27 അസിസ്റ്റുകളും നേടിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com