വെള്ളിത്തിരയിലേക്ക് ഒരു ഫ്ലീകിക്ക്; മെസ്സി അഭിനയരംഗത്തേക്ക്

ഫുട്‌ബോള്‍ ഏജന്റുമാരുടെ കഥ പറയുന്ന സീരിസില്‍ മെസ്സിയായിട്ട് തന്നെയാണ് താരം എത്തുന്നത്
വെള്ളിത്തിരയിലേക്ക് ഒരു ഫ്ലീകിക്ക്; മെസ്സി അഭിനയരംഗത്തേക്ക്

പാരീസ്: അഭിനയരംഗത്തേക്ക് ചുവടുവെച്ച് ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി. അര്‍ജന്റീനയിലെ പ്രശസ്ത ടെലിവിഷന്‍ സീരിസായ 'ലോസ് പ്രൊട്ടക്ടോറസി'ലാണ് (ദ പ്രൊട്ടക്ടേഴ്‌സ്) മെസ്സി അഭിനയിക്കുന്നത്. സീരിസില്‍ ഏകദേശം അഞ്ച് മിനിറ്റോളം ദൈര്‍ഘ്യമുള്ള അതിഥിവേഷമാണ് മെസ്സിക്ക്.

പരസ്യചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് മെസ്സി ഒരു വെബ് സീരിസിന്റെ ഭാഗമാകുന്നത്. ഫുട്‌ബോള്‍ ഏജന്റുമാരുടെ കഥ പറയുന്ന സീരിസില്‍ മെസ്സിയായിട്ട് തന്നെയാണ് താരം എത്തുന്നത്. മൂന്ന് ഫുട്‌ബോള്‍ ഏജന്റുമാര്‍ താരത്തെ സമീപിക്കുകയും അവര്‍ക്ക് പ്രചോദനം നല്‍കുന്നതുമാണ് സീരിസില്‍ മെസ്സിയുടെ ഭാഗം. പ്രശസ്ത അര്‍ജന്റൈന്‍ അഭിനേതാക്കളായ ഗുസ്താവോ ബെര്‍മൂഡസ്, ആന്ദ്രേസ് പരാ, അഡ്രിയാന്‍ സുവാര്‍ എന്നിവരാണ് ലോസ് പ്രൊട്ടക്ടോറസിലെ പ്രധാന കഥാപാത്രങ്ങള്‍.

മെസ്സി അഭിനയിച്ചതോടെ സീരിസും ലോകശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്. സ്റ്റാര്‍ പ്ലസില്‍ സംപ്രേക്ഷണം ചെയ്യുന്ന ഹിറ്റ് സീരിസിന്റെ രണ്ടാം സീസണിലെ ആദ്യ എപ്പിസോഡിലാണ് മെസ്സി പ്രത്യക്ഷപ്പെടുന്നത്. ബ്യൂണസ് ഐറിസിലും പാരീസിലുമായാണ് സീരിസ് ചിത്രീകരിച്ചിരിക്കുന്നത്.

ഇതിനിടെ ഫ്രെഞ്ച് ക്ലബ്ബായ പിഎസ്ജി വിട്ട മെസ്സി മേജര്‍ സോക്കര്‍ ലീഗ് ക്ലബ്ബായ ഇന്റര്‍ മിയാമിയുമായി കരാര്‍ ഒപ്പിട്ടിരുന്നു. ജൂണ്‍ ഏഴിനാണ് മെസ്സി സൂപ്പര്‍ താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ക്ലബ്ബില്‍ ചേക്കേറിയത്. 1230 കോടി രൂപയുടെ വേതനത്തില്‍ രണ്ട് വര്‍ഷത്തെ കരാറിലാണ് താരം എത്തുന്നത്. ഇന്റര്‍ മിയാമി ജേഴ്സിയില്‍ മെസ്സി കളത്തിലിറങ്ങുന്നത് കാണാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ജൂലൈ 16ന് ഇന്റര്‍ മിയാമിയില്‍ മെസ്സി തന്റെ അരങ്ങേറ്റ മത്സരം കളിക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ ഇതിനിടെ പുറത്തുവന്നിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com