'അന്‍വര്‍ അലിയല്ല, ഇന്ത്യയാണ് ഗോള്‍ വഴങ്ങിയത്'; സെല്‍ഫ് ഗോള്‍ വിവാദത്തില്‍ ഛേത്രി

ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ ഡിഫന്‍ഡര്‍ അന്‍വര്‍ അലിയുടെ സെല്‍ഫ് ഗോളിലാണ് ഇന്ത്യയെ കുവൈത്ത് സമനിലയില്‍ തളച്ചത്
'അന്‍വര്‍ അലിയല്ല, ഇന്ത്യയാണ് ഗോള്‍ വഴങ്ങിയത്'; സെല്‍ഫ് ഗോള്‍ വിവാദത്തില്‍ ഛേത്രി

ബെംഗളൂരു: കുവൈത്തിനെതിരെ വഴങ്ങേണ്ടി വന്ന സെല്‍ഫ് ഗോള്‍ വിവാദത്തില്‍ പ്രതികരണവുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി. അത് അന്‍വര്‍ അലിയല്ല, ഇന്ത്യയാണ് ആ ഗോള്‍ വഴങ്ങിയതെന്നാണ് സുനില്‍ ഛേത്രി പറഞ്ഞത്. സാഫ് കപ്പില്‍ ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ ഡിഫന്‍ഡര്‍ അന്‍വര്‍ അലിയുടെ സെല്‍ഫ് ഗോളിലാണ് ഇന്ത്യയെ കുവൈത്ത് സമനിലയില്‍ തളച്ചത്.

'ഇത്തരം തെറ്റുകള്‍ ആര്‍ക്കും സംഭവിക്കാം. മത്സരത്തിന് ശേഷം ഞങ്ങളാരും അതിനെ പറ്റി സംസാരിച്ചിട്ടില്ല. മാത്രവുമല്ല അതിനെ പറ്റി സംസാരിക്കാതിരിക്കാനും മാത്രമുള്ള പ്രൊഫഷണലിസം ഞങ്ങള്‍ക്കുണ്ട്. അവന്‍ അത് തിരുത്തുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞങ്ങളെല്ലാവരും അവനൊപ്പമുണ്ട്', ഛേത്രി വ്യക്തമാക്കി.

'സാങ്കേതിക പിഴവുകളെ ഞങ്ങള്‍ ഗൗരവത്തില്‍ എടുക്കാറില്ല. ഞങ്ങളുടെ പ്രയത്‌നത്തെ മാത്രമാണ് കാര്യമായി കാണുന്നത്. ഗോള്‍ നേടാന്‍ കഴിയുന്ന അവസരങ്ങള്‍ ചിലപ്പോഴൊക്കെ ഞാനും നഷ്ടപ്പെടുത്തിക്കളഞ്ഞിട്ടുണ്ട്. അതുപോലെ തന്നെ എതിരാളികള്‍ നടത്തുന്ന ചെറിയ ഫൗളുകള്‍ക്ക് പോലും പെനാല്‍റ്റി വഴങ്ങേണ്ടിയും വന്നിട്ടുണ്ട്. അതുകൊണ്ടാണ് സാങ്കേതികമായി വരുന്ന പിഴവുകള്‍ കാര്യമായി കാണാത്തത്', ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു.

ആദ്യപകുതിയില്‍ സുനില്‍ ഛേത്രി നേടിയ അക്രോബാറ്റിക് ഗോളിലൂടെ ഇന്ത്യ മുന്നിലെത്തിയിരുന്നു. മത്സരത്തിലുടനീളം ബ്ലൂ ടൈഗേഴ്‌സ് ആധിപത്യം സ്ഥാപിക്കുന്ന കാഴ്ചയായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ജയമുറപ്പിച്ച ഇന്ത്യയ്ക്ക് അധികസമയത്ത് ഗോള്‍ വഴങ്ങേണ്ടിവരികയായിരുന്നു. കുവൈത്ത് താരത്തിന്റെ ഗോള്‍ തടുക്കാനുള്ള ശ്രമത്തില്‍ അന്‍വര്‍ അലിയുടെ കാലില്‍ തട്ടി പന്ത് സ്വന്തം വലയ്ക്കുള്ളില്‍ കയറുകയായിരുന്നു. അങ്ങനെയാണ് കരുത്തരുടെ പോരാട്ടം സമനിലയില്‍ അവസാനിച്ചത്. സാഫ് ടൂര്‍ണമെന്റില്‍ നേരത്തെ തന്നെ ഇന്ത്യ സെമി ഉറപ്പിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com