അടുത്ത നൂറ്റാണ്ടോടെ യുഎസ്സിൽ അവശേഷിക്കുക 30000 പ്രേതനഗരങ്ങളോ?കാലാവസ്ഥാ വ്യതിയാനം വില്ലൻ

അടുത്ത നൂറ്റാണ്ടോടെ യുഎസ്സിൽ അവശേഷിക്കുക 30000 പ്രേതനഗരങ്ങളോ?കാലാവസ്ഥാ വ്യതിയാനം വില്ലൻ

2100-ഓടെ അമേരിക്കയിലെ ആയിരക്കണക്കിന് നഗരങ്ങൾ പ്രേത നഗരങ്ങളായി മാറാൻ സാധ്യതയുണ്ടെന്നാണ് അടുത്തിടെ പുറത്തിറങ്ങിയ പഠനത്തിൽ വ്യക്തമാക്കുന്നത്

ലോകം മുഴുവൻ നേരിടുന്ന കാലാവസ്ഥാ വ്യതിയാനം അമേരിക്കയെയും പിടിമുറുക്കുന്നു. 2100-ഓടെ അമേരിക്കയിലെ ആയിരക്കണക്കിന് നഗരങ്ങൾ പ്രേത നഗരങ്ങളായി മാറാൻ സാധ്യതയുണ്ടെന്നാണ് അടുത്തിടെ പുറത്തിറങ്ങിയ പഠനത്തിൽ വ്യക്തമാക്കുന്നത്. ഇല്ലിനോയിസ് സർവകലാശാലയിലെ ഗവേഷകരാണ് അമേരിക്കയുടെ ഭാവിയെ കുറിച്ച് ഇങ്ങനൊരു റിപ്പോ‍ർട്ട് പുറത്തുവിട്ടിരിക്കുന്നത്.

2100 ഓടെ അമേരിക്കയുടെ ഭൂപ്രകൃതിയിൽ കാര്യമായ പരിവർത്തനം ഉണ്ടാകും. ഏകദേശം 30,000 നഗരങ്ങൾ ആൾപ്പാർപ്പില്ലാത്ത പ്രേത നഗരങ്ങളായി മാറാൻ സാധ്യതയുണ്ട്. പാരിസ്ഥിതിക വെല്ലുവിളികൾ, നഗരാസൂത്രണത്തിലെ പാളിച്ചകൾ, വിജനമായ ഭൂപ്രകൃതി എന്നിവയാണ് നഗരങ്ങളുടെ തകർച്ചയ്ക്ക് കാരണമാകുന്നതെന്നാണ് ഈ ഗവേഷണത്തിലെ കണ്ടെത്തലുകൾ. ജനസംഖ്യാ ഇടിവ് 12 മുതൽ 23 ശതമാനം വരെയാകാനും സാധ്യതയുണ്ട്. ജനനനിരക്കിലെ കുറവും കുടിയേറ്റ പ്രവണതകളും നഗരങ്ങളുടെ മൂന്നിൽ രണ്ട് ഭാഗത്തെ വരെ ബാധിക്കും.

ഹവായിയും വാഷിംങ്ടൺ ഡിസിയും ഒഴികെയുള്ള എല്ലാ അമേരിക്കൻ നഗരങ്ങളെയും തകർച്ച ബാധിക്കുമെന്നാണ് ഇല്ലിനോയിസ് സർവകലാശാലയിലെ ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്. 2080 ഓടെ അമേരിക്കയിലെ മൊത്തത്തിലുള്ള ജനസംഖ്യ കുറയുമെന്ന യുഎസ് സെൻസസ്, ഈ പഠനത്തെ ശരിവയ്ക്കുന്നു. നഗരാസൂത്രണത്തിൽ കാര്യമായ മാറ്റം വരുത്തണമെന്ന മുന്നറിയിപ്പാണ് വിദഗ്ധ‍ർ നൽകുന്നത്. വളർച്ചയെ മുന്നിൽ കണ്ടാണ് എല്ലാ പദ്ധതികളും നടപ്പിലാക്കുന്നത്. നഗരാസൂത്രണവും അങ്ങനെ തന്നെ. ആയതിനാൽ തന്നെ ഒട്ടുമിക്ക നഗരങ്ങളിലെയും ജനവാസം കുറഞ്ഞുവരുന്നു. നഗരങ്ങൾ സമ്പൂർണമായി ആളുകളില്ലാത്ത നഗരങ്ങളായി മാറില്ലെങ്കിലും ഭാവിയിൽ നഗരങ്ങൾക്കിടയിലെ ജനസാന്ദ്രതയുടെ വ്യത്യാസം ജനജീവിതത്തെയും പ്രവർത്തനങ്ങളെയും കാര്യമായി ബാധിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.

കുറഞ്ഞ ജനനനിരക്കും കുറഞ്ഞുവരുന്ന നഗരങ്ങളും ഈ വെല്ലുവിളികൾക്ക് കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ജനസംഖ്യാ വ്യത്യാസം അവശ്യ സേവനങ്ങളായ വൈദ്യുതി, ശുദ്ധജലം, ഇന്റർനെറ്റ് എന്നിവയുടെ ലഭ്യതയെ സാരമായി ബാധിക്കും. കുറഞ്ഞ ശരാശരി വരുമാനം നഗരങ്ങളിലെ ജനസംഖ്യ ഗണ്യമായി കുറയ്ക്കുന്നു. ഗ്രാമപ്രദേശങ്ങളിൽ ജനസംഖ്യ കുറയുന്നത് സമൂഹത്തിന്റെ സാമ്പത്തിക സ്ഥിതിയെയും ബാധിക്കുന്നു. ഈ പ്രദേശങ്ങളിൽ നിന്ന് ചെറുപ്പക്കാർ മറ്റ് സ്ഥലങ്ങളിലേക്ക് ചേക്കേറുന്നത് ജനസംഖ്യാപരമായ മാറ്റത്തിന് ഇടയാക്കും. ജനവാസമില്ലാത്ത പ്രദേശങ്ങളുടെ എണ്ണം കൂടുന്നതിനൊപ്പം പ്രായമായവരുടെ എണ്ണത്തിലും വ‍ർദ്ധനവുണ്ടാകാൻ ഇത് കാരണമാകും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com