മാലിന്യവും കയ്യേറ്റവും; വേമ്പനാട് കായലിന്റെ ജീവൻ ഭീഷണിയിൽ

കണ്ണഞ്ചിക്കുന്ന കാഴ്ചകളിൽ നിന്ന് കണ്ണ് നിറയ്ക്കുന്ന ചിത്രങ്ങളിലേക്കാണ് വേമ്പനാട് കായലിപ്പോൾ ഒഴുകിയെത്തിയിരിക്കുന്നത്.
വേമ്പനാട് കായൽ
വേമ്പനാട് കായൽ

രാജ്യത്തെ നീളം കൂടിയ കായൽ, രണ്ടാമത്തെ ഏറ്റവും വലിയ തണ്ണീർത്തടം. മനുഷ്യനടക്കം നാനാതരം ജീവജാലങ്ങളുടെ ജീവനോപാതി - വേമ്പനാട് കായലിനെ ജീവനുള്ള കായൽ എന്ന് വിളിക്കാൻ ഇനിയുമേറെ കാരണങ്ങളുണ്ട്. എന്നാൽ കയ്യേറ്റങ്ങളും മലിനീകരണവും കാരണം ജീവനറ്റ നിലയിലാണ് കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയുടെ മുഖമായ വേമ്പനാട് കായലിന്ന്. കണ്ണഞ്ചിക്കുന്ന കാഴ്ചകളിൽ നിന്ന് കണ്ണ് നിറയ്ക്കുന്ന ചിത്രങ്ങളിലേക്കാണ് വേമ്പനാട് കായലിപ്പോൾ ഒഴുകിയെത്തിയിരിക്കുന്നത്.

ദശാബ്ദങ്ങളുടെ അവഗണന വേമ്പനാട് കായലിനെ ആശ്രയിച്ച് ജീവിക്കുന്നവരുടെ ജീവിതത്തെയും ആവാസവ്യവസ്ഥയയെയും സാരമായി ബാധിച്ചു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി വേമ്പനാട് കായലിലെ ആവാസവ്യവസ്ഥ തകർന്നുകൊണ്ടിരിക്കുകയാണെന്നാണ് കേരള സർവ്വകലാശാലയ്ക്ക് കീഴിലുള്ള സെന്റർ ഫോർ അക്വാട്ടിക് റിസോഴ്സ് മാനേജ്മെന്റ് ആന്റ് കൺസർവേഷൻറെ പഠനത്തിൽ വ്യക്തമാക്കുന്നത്. ആലപ്പുഴ, പത്തനംതിട്ട എറണാകുളം ജില്ലകളിലായി 80 ലക്ഷം ജനങ്ങളുടെ ജീവിതത്തെ വേമ്പനാട് കായലിന്റെ തകർച്ച ബാധിക്കുമെന്നും ഈ പഠനം മുന്നറിപ്പ് നൽകുന്നു. കേരളത്തിന്റെ നെല്ലറയായ ആലപ്പുഴയിലെ കുട്ടനാട് പൂർണ്ണമായും ആശ്രയിക്കുന്നത് വേമ്പനാടിനെയാണ്.

അനധികൃത കയ്യേറ്റം

കായലിന്റെ തീരത്തെ അനധികൃത കയ്യേറ്റങ്ങളും, കെട്ടിട നിർമ്മാണവും, എല്ലാ തരം മാലിന്യങ്ങളും തള്ളുന്നതുമാണ് കായലിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് പ്രധാന കാരണം. തീരദേശപരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച, ആലപ്പുഴയിലെ സെവൻ സ്റ്റാർ കാപ്പികോ റിസോർട്ടാണ് അനധികൃത കയ്യേറ്റങ്ങളിലൊന്ന്. പൊളിച്ച് നീക്കാൻ സുപ്രീം കോടതി ഉത്തരവ് വന്നു. എന്നാൽ 200 കോടിയുടെ കെട്ടിടം ഉണ്ടാക്കിയതിലും വലിയ പ്രത്യാഘാതമാണ് നിർമ്മാണം പൊളിക്കുന്നതിലൂടെയുണ്ടാകുക എന്ന മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഗണിച്ച് പ്രകൃതിക്ക് നാശം വരാത്ത വിധത്തിൽ വേണം കെട്ടിടം പൊളിക്കാനെന്ന് കോടതി സർക്കാരിന് നിർദ്ദേശം നൽകുകയും ചെയ്തു. ഒരു കാപ്പിക്കോ റിസോർട്ട് മാത്രമല്ല വേമ്പനാടിന്റെ ദുഃഖം.

ഹൗസ് ബോട്ട് ടൂറിസവും മലിനീകരണവും

കുമരകം കനാലിലെ ഹൗസ് ബോട്ടുകൾ വേമ്പനാട്ടുകായലിന് വലിയൊരു ബാധ്യതയാണ്. ഹൗസ് ബോട്ടുകളിലെ മാലിന്യങ്ങൾ നേരിട്ട് ജലാശയത്തിലേക്ക് തള്ളുന്നത് വേമ്പനാട് കായലിനെ സാരമായി ബാധിക്കുന്നുണ്ട്. വേമ്പനാട്ട് കായലും അഷ്ടമുടി കായലും മലിനീകരിക്കപ്പെടുന്നത് തടയുന്നതിൽ പരാജയപ്പെട്ട സംസ്ഥാനത്തിന് മാസങ്ങൾക്ക് മുമ്പ് 10 കോടി രൂപ ദേശീയ ഹരിത ട്രിബ്യൂണൽ പിഴ ചുമത്തിയിരുന്നു. ഇന്ത്യയിൽ സംരക്ഷിക്കപ്പെടേണ്ട 75 തണ്ണീർത്തടങ്ങളുടെ പട്ടികയിലാണ് വേമ്പനാട്ട് കായലും അഷ്ടമുടി കായലും ഉൾപ്പെട്ടിരിക്കുന്നത്. കായലുകളെ സംരക്ഷിക്കുന്നതിൽ സർക്കാരിന്റെ പരിഹാരമാർഗങ്ങൾ അപര്യാപ്തമാണെന്നാണ് ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് വ്യക്തമാക്കുന്നത്.

വെള്ളം നിലനിർത്താനുള്ള കായലിന്റെ ശേഷി 85.3 വെള്ളം നിലനിർത്താനുള്ള കായലിന്റെ ശേഷി 85.3 ശതമാനമായി കുറഞ്ഞുവെന്ന് പഠനം പറയുന്നു. ജല സംഭരണ ശേഷി 1990 ൽ 2617.5 മില്യൺ ഘനമീറ്റർ ആയിരുന്നിടത്ത് നിന്ന് 2020 ൽ അത് 384.66 മില്യൺ ഘനമീറ്റർ ആയി കുറഞ്ഞു. കായലിന്റെ വിസ്തൃതിയിലെ കുറവാണ് പ്രധാന കാരണം. 1900 ൽ 365 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ടായിരുന്ന കായൽ ഇപ്പോൾ 206.30 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങി. 1980 കളെ അപേക്ഷിച്ച് കായലിന്റെ മത്സ്യ സമ്പത്തിൽ 40 ശതമാനത്തിന്റെ കുറവുണ്ടായി. 1980 കളിൽ 150 ഇനം മത്സ്യ വൈവിദ്യങ്ങൾ ഉള്ളിടത്തുനിന്ന് 90 മത്സ്യ വർഗങ്ങളിലേക്ക് ഇന്നത് ചുരുങ്ങി.

വേമ്പനാടിന്റെ ആഴം കുറയുന്നതായും പഠനം പറയുന്നു. 1930 കളിൽ ശരാശരി 8.5 മീറ്റർ ഉണ്ടായിരുന്ന ആഴം ഇന്ന് തെക്ക് ഭാഗത്ത് ശരാശരി 1.8 മീറ്ററും മധ്യത്തിൽ 2.87 മീറ്ററുമായി ചുരുങ്ങി. കായലിന്റെ 82 ശതമാനം ഭാഗവും രണ്ട് മീറ്ററിനും താഴെ മാത്രം ആഴത്തിലും 10.5 ശതമാനം ഭാഗം രണ്ട് മുതൽ മൂന്ന് മീറ്റർ വരെ ആഴത്തിലുമാണ്.

ഓർഗാനോക്ലോറിൻ, ഓർഗാനോഫോസ്ഫേറ്റ്, യൂറിയ (ഡിലൂറൻ) എന്നിവയടക്കം 30 തരം കീടനാശിനികളുടെ സാന്നിധ്യമാണ് വേമ്പനാട് കായലിൽ കണ്ടെത്തിയിരിക്കുന്നത്. ഡിലൂറൻ്റെ സാന്നിധ്യം ചെറു ആൽഗകളായ ക്ലോറോഫെൈസ്, സയനോഫൈസ് എന്നിവയുടെ വളർച്ചയെ തടയുമോ എന്ന ആശങ്ക പഠനം മുന്നോട്ട് വയ്ക്കുന്നു. മാത്രമല്ല കായലിലെ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അളവും കൂടിയിട്ടുണ്ട്. കായലിൽ 3005 ടണോളം മൈക്രോ പ്ലാസ്റ്റിക്കുകളുണ്ടെന്നാണ് ഏകദേശ കണക്ക് സൂചിപ്പിക്കുന്നത്.

ഇതിനെല്ലാം പുറമെ കായലിലെ വെള്ളത്തിന്റെ ഗുണമേന്മ വളരെയേറെ കുറഞ്ഞിട്ടുണ്ട്. വെള്ളത്തിലെ കോളിഫോം ബാക്ടീരിയയുടെ അളവ് വളരെ കൂടുതലുമാണ്. വേമ്പനാടിന്റെ കരയിലുള്ളവർ നിത്യോപയോഗത്തിന് ഈ വെള്ളമാണ് ഉപയോഗിക്കുന്നത്. കായലിന്റെ ശോഷണവും മലിനീകരണവും പ്രദേശത്തെ ജനങ്ങളുടെ ആരോഗ്യത്തെയും സാമ്പത്തികാവസ്ഥയെയും സാരമായി ബാധിക്കും. കേരളത്തിന്റെ കണ്ണായ വേമ്പനാടിന്റെ ശോഷണം തടയാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് കൂടുതൽ നടപടികൾ ഉണ്ടായേ തീരൂ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com