ദ ഗ്രേറ്റ് പസഫിക് ഗാർബേജ് പാച്ച്; കടൽ ജീവികളെ വിഴുങ്ങുന്ന പ്ലാസ്റ്റിക് മല

1.6 മില്യൺ ചതുരശ്ര കിലോമീറ്ററാണ് ദ ഗ്രേറ്റ് പസഫിക് ഗാർബേജ് പാച്ചിന്റെ വ്യാപ്തി. അതായത് ഫ്രാൻസിന്റെ ആകെ വിസ്തൃതിയുടെ മൂന്നിരട്ടി
ദ ഗ്രേറ്റ് പസഫിക് ഗാർബേജ് പാച്ച്; കടൽ ജീവികളെ വിഴുങ്ങുന്ന പ്ലാസ്റ്റിക് മല

ഒരു ദിവസം ഓരോ വീട്ടിൽ നിന്നും ഒഴിവാക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ എണ്ണം ഒന്ന് എടുത്ത് നോക്കൂ. വിരലിലെണ്ണാവുന്നതിലുമപ്പുറമായിരിക്കും. ലോകം മുഴുവൻ ഒരു ദിവസം ഉത്പാദിപ്പിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളോ, ചിന്തിക്കാവുന്നതിലും എത്രയോ മടങ്ങാണ്. ഈ പ്ലാസ്റ്റിക് മാലിന്യങ്ങളെല്ലാം യാഥാവിധമാണോ സംസ്കരിക്കുന്നത്, അല്ലെന്ന് നമുക്കറിയാം. അലക്ഷ്യമായി പുറന്തള്ളുകയാണ് പതിവ്. ഇങ്ങനെ പുറന്തള്ളുന്ന മാലിന്യങ്ങളെല്ലാം ഒടുവിൽ ചെന്നെത്തുന്നതാകട്ടെ അടുത്ത ജലാശയങ്ങളിലും. ഇത് ഒഴുകിയൊഴുകിയെത്തുന്നതോ സമുദ്രങ്ങളിലേക്കും.

ഇങ്ങനെ ഒഴുകിയെത്തുന്ന മാലിന്യങ്ങൾ സമുദ്രത്തിൽ അടിഞ്ഞു കൂടുന്നതിനെ ഗാർബേജ് പാച്ചുകളെന്നാണ് പറയുക. ഇത്തരത്തിൽ രൂപപ്പെടുന്ന ഗാർബേജ് പാച്ചുകളിൽ ഏറ്റവും വലിയത് പസഫിക് സമുദ്രത്തിൽ രൂപപ്പെട്ട ദ ഗ്രേറ്റ് പസഫിക് ഗാർബേജ് പാച്ചാണ്. 1.6 മില്യൺ ചതുരശ്ര കിലോമീറ്ററാണ് ദ ഗ്രേറ്റ് പസഫിക് ഗാർബേജ് പാച്ചിന്റെ വ്യാപ്തി. അതായത് ഫ്രാൻസിന്റെ ആകെ വിസ്തൃതിയുടെ മൂന്നിരട്ടി. അതെ അത്രയും വലുതാണ് നമ്മൾ സമുദ്രത്തിന് നൽകിയിരിക്കുന്ന ബാധ്യതകളിലൊന്ന്.

അമേരിക്കയിലെ ഹവായിക്കും കാലിഫോർണിയയ്ക്കുമിടയിൽ, നോർത്ത് പസഫിക് സമുദ്ര ഭാഗത്താണ് ഇത് രൂപപ്പെട്ടിരിക്കുന്നത്. ഏഷ്യൻ രാജ്യങ്ങൾ, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, എന്നിവിടങ്ങളിൽ നിന്നാണ് ഇവിടേക്ക് പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴുകിയെത്തുന്നത്. നാം ഉപയോഗിച്ച് ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് ലൈറ്ററുകൾ, വെള്ളകുപ്പികൾ, മൊബൈൽ ഫോണുകൾ, സിറിഞ്ചുകൾ, എന്നിവ ഈ പാച്ചുകളിൽ കാണാവുന്ന ചില വസ്തുക്കളാണ്. ഇവിടെ കാണപ്പെടുന്ന മിക്ക പ്ലാസ്റ്റിക് മാലിന്യങ്ങൾക്കും 50 വർഷത്തിലേറെ പഴക്കമുണ്ട്. വളരെ പെട്ടന്നാണ് ഈ പാച്ചുകൾ വലുതാകുന്നത്. 1945 ന് ശേഷം ഇവ ഓരോരോ ദശകങ്ങളിലും 10 ഇരട്ടി വലിപ്പം വെക്കുന്നുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

ഒഴുകി നടക്കാനാകുന്ന വസ്തുക്കൾ കാറ്റിന്റെ ഗതിക്കനുസരിച്ച് സമുദ്രാോപരിതലത്തിലൂടെ നീങ്ങുകയും എന്നാൽ ബാക്കിയുള്ളവ പാച്ചിനുള്ളിൽ തന്നെ അടിഞ്ഞുകിടക്കുകയും ചെയ്യുന്നു. നിലവിൽ ദ ഗ്രേറ്റ് പസഫിസ് ഗാർബേജ് പാച്ചിൽ ഏകദേശം 80,000 മെട്രിക് ടൺ പ്ലാസ്റ്റിക് അടിഞ്ഞുകൂടിയിട്ടുണ്ട്. 500 സൂപ്പർ ജംബോ ജെറ്റുകളുടെ ഭാരത്തോളം വരും ഇത്.  ഏകദേശ കണക്കുകൾ പ്രകാരം 1.8 ട്രില്യൺ പ്ലാസ്റ്റിക് വസ്തുക്കൾ പാച്ചിൽ ഒഴുകി നടക്കുന്നുണ്ട്. അതായത് ഓരോ മനുഷ്യനും 250 പ്ലാസ്റ്റിക് വസ്തുക്കൾ വലിച്ചെറിയുന്നുവെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. മത്സ്യബന്ധനത്തിന്റെ ഭാഗമായും പ്ലാസ്റ്റിക് മാലിന്യം കടലിലെത്തുന്നു. സിന്തറ്റിക് മീൻ വലകൾ, ബോട്ടിൽ നിന്നും കപ്പലുകളിൽ നിന്നും പുറന്തള്ളുന്ന വസ്തുക്കൾ എന്നിവയും കടലിലെ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അളവ് കൂട്ടുന്നു. ലോകത്താകമാനം വെറും ഒമ്പത് ശതമാനം പ്ലാസ്റ്റിക് മാത്രമാണ് പുനരുപയോഗിക്കുന്നത് എന്ന് കൂടി ഓർക്കണം.

കടൽ ജീവികളുടെ ജീവനെടുക്കുന്ന 'പ്ലാസ്റ്റിക് ബെർഗുകൾ'

ദ ഇന്റേണൽ യൂണിയൻ ഫോർ കൺസർവേറ്റീവ് ഓഫ് നേച്ചറിന്റെ (The International Union for Conservation of Nature) കണക്കുകൾ പ്രകാരം ഓരോ വർഷവും 14 മില്യൺ ടൺ പ്ലാസ്റ്റിക് ആണ് സമുദ്രത്തിലെത്തുന്നത്. സമുദ്ര ജീവികളുടെ ആവാസ വ്യവസ്ഥയെ മാത്രമല്ല, മനുഷ്യരുടെ ആരോഗ്യ സാമ്പത്തികാവസ്ഥയെ കൂടിയാണ് ഈ മാലിന്യ കൂമ്പാരങ്ങൾ ബാധിക്കുന്നത്.

കടൽ പക്ഷികൾ, മീനുകൾ, കടലാമകൾ, തുടങ്ങിയ 700 ഓളം കടൽ ജീവിവർഗങ്ങൾ പ്ലാസ്റ്റിക് മാലിന്യം നേരിട്ട് ബാധിക്കുന്നവരാണ്. ആഹാരമെന്ന് തെറ്റിദ്ധരിച്ച് പലപ്പോഴും ഇവർ പ്ലാസ്റ്റിക് കഴിക്കുന്നു. മറ്റ് ചിലപ്പോൾ ഇവരുടെ ആഹാരത്തിൽ പ്ലാസ്റ്റിക് അടിയുന്നത് വഴി ഇത് ശരീരത്തിലെത്തുന്നു. കടലാമകളാണ് ഏറ്റവുമധികം ഇരകളാകുന്നത്. ജെല്ലി ഫിഷെന്ന് തെറ്റിദ്ധരിച്ച് കടലാമകൾ പ്ലാസ്റ്റിക് കവറുകൾ ആഹാരമാക്കുന്നതോടെ ഇവ വയറ്റിലെത്തുകയും ദഹനവ്യവസ്ഥയെ ബാധിക്കുകയും ചെയ്യുന്നു. ഇത് ഈ ജീവികളുടെ മരണത്തിന് വരെ കാരണമാകുന്നു. കടലിൽ ഉപേക്ഷിക്കുന്ന മത്സ്യബന്ധന വലകളിൽ കുടുങ്ങുന്ന ഡോൾഫിനുകൾ, തിമിംഗലങ്ങൾ, എന്നിവ മറ്റൊരു ദയനീയ കാഴ്ചയാണ്. ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ 100,000 ത്തോളം സമുദ്ര ജീവികളെയാണ് ഓരോ വർഷവും പ്ലാസ്റ്റിക് കൊല്ലുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com