കോതമംഗലം പാലമറ്റത്ത് സര്‍ക്കാര്‍ ഭൂമി കയ്യേറ്റമെന്ന് ആരോപണം;ഉദ്യോഗസ്ഥരെത്തി പ്രാഥമിക പരിശോധന നടത്തി

സര്‍ക്കാര്‍ വക ജണ്ടകള്‍ തകര്‍ത്തും തന്നിഷ്ടത്തിന് അതിരുകള്‍ നിശ്ചയിച്ചുമാണ് നിര്‍മ്മാണമെന്നും അവര്‍ പറയുന്നു.
കോതമംഗലം പാലമറ്റത്ത് സര്‍ക്കാര്‍ ഭൂമി കയ്യേറ്റമെന്ന് ആരോപണം;ഉദ്യോഗസ്ഥരെത്തി പ്രാഥമിക പരിശോധന നടത്തി

കോതമംഗലം: പാലമറ്റത്ത് സര്‍ക്കാര്‍ ഭൂമി കയ്യേറി ആഡംബര വില്ല പ്രൊജക്ട് നിര്‍മ്മാണമെന്ന് ആക്ഷേപം. പാലമറ്റം സ്റ്റേഡിയത്തിന് സമീപത്തുള്ള ഭൂമിയിലാണ് പട്ടാപ്പകല്‍ അനധികൃത കയ്യേറ്റവും നിര്‍മ്മാണവും തുടരുന്നുവെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. മഴക്കാലത്ത് 611 മലയുടെ മുകളില്‍ നിന്ന് മലവെള്ളമെത്തുന്ന തോടിന്റെ ഇരുവശവും കയ്യേറി തോട്ടില്‍ നിന്ന് തന്നെ മണ്ണും കല്ലും വാരി തോട് നികത്തുന്നു, അതിനാല്‍ തോടിന്റെ വീതി പകുതിയില്‍ താഴെയായി കുറഞ്ഞു, പ്രദേശ വാസികള്‍ അലക്കാനും കുളിക്കാനും ഉപയോഗിച്ചിരുന്ന ഇടങ്ങളും ഇതോടെ ഇല്ലാതായെന്നും പരാതിക്കാര്‍ ആരോപിച്ചു. പെരിയാര്‍ വാലി ജലസേചന വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലവും വന്‍ തോതില്‍ കൈയ്യേറി മണ്ണിട്ട് നികത്തിയിട്ടുണ്ട്. സര്‍ക്കാര്‍ വക ജണ്ടകള്‍ തകര്‍ത്തും തന്നിഷ്ടത്തിന് അതിരുകള്‍ നിശ്ചയിച്ചുമാണ് നിര്‍മ്മാണമെന്നും അവര്‍ പറയുന്നു.

പാലമറ്റം സ്റ്റേഡിയത്തിന്റെ ഡ്രെയിനേജ് സംവിധാനത്തെ ബാധിക്കും വിധം വലിയ പൈപ്പ് സ്ഥാപിച്ച് കലുങ്ക് നിര്‍മ്മാണവും റിയല്‍ എസ്റ്റേറ്റ് മാഫിയ നടത്തുന്നു. പൊതുമൈതാനത്തെ വെള്ളം വാര്‍ന്നുപോകാന്‍ മുന്‍പ് കുഴിച്ച കാനയിലേക്ക് തോട്ടിലെ വെള്ളം തിരിച്ചുവിടാനാണ് ശ്രമം. മഴ പെയ്താല്‍ മൈതാനത്തില്‍ വെള്ളം നിറയാന്‍ ഇതിടയാക്കുമെന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു. തോടിന്റെ സ്വാഭാവിക ഒഴുക്ക് തടസപ്പെടുത്തുന്നത് മൈതാനത്തിന്റെ വശങ്ങള്‍ ഇടിയാനും കാരണമാകും. അനധികൃത കയ്യേറ്റം തടയണമെന്നും സര്‍വ്വേ നടത്തി സര്‍ക്കാര്‍ ഭൂമി വീണ്ടെടുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട് വ്യാപക പരാതി ഉയര്‍ന്നതിനേത്തുടര്‍ന്ന് പെരിയാര്‍ വാലി ഉദ്യോഗസ്ഥരെത്തി സ്ഥലത്ത് പ്രാഥമിക പരിശോധന നടത്തി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com