ഉച്ചയ്ക്ക് സൂര്യന്‍ ഇരുളുന്ന ആകാശ വിസ്മയം; വീണ്ടും കാണണമെങ്കില്‍ 126 വർഷം കാത്തിരിക്കണം

കഴിഞ്ഞ അരനൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ പൂർണ സൂര്യഗ്രഹണമായിരിക്കും ഇത്.
ഉച്ചയ്ക്ക് സൂര്യന്‍ ഇരുളുന്ന ആകാശ വിസ്മയം; വീണ്ടും കാണണമെങ്കില്‍ 126 വർഷം കാത്തിരിക്കണം

ആകാശ വിസ്മയക്കാഴ്ചയ്ക്കായി കാത്തിരിക്കുകയാണ് ലോകം. ഈ വര്‍ഷം ഏപ്രിലില്‍ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സമ്പൂര്‍ണ്ണ സൂര്യഗ്രഹണം ഏപ്രില്‍ എട്ടിന് ഉച്ചയ്ക്ക് 2.12ന് ആരംഭിച്ച് 2.22ന് അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാനഡ, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, മെക്‌സികോ, വടക്കേ അമേരിക്ക എന്നിവിടങ്ങളില്‍ സൂര്യഗ്രഹണം ദൃശ്യമാകും. ഇനി 126 വർഷങ്ങള്‍ക്ക് ശേഷമാകും ഇത്തരമൊരു സമ്പൂർണ സൂര്യഗ്രഹണം വീണ്ടും സംഭവിക്കുക.

പൂർണ്ണ സൂര്യഗ്രഹണം 7.5 മിനിറ്റ് നീണ്ടുനിൽക്കുമെന്നാണ് കണക്കുകൂട്ടൽ. 50 വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ സമ്പൂർണ സൂര്യഗ്രഹണം ആയിരിക്കും ഇതെന്നാണ് കണക്കുകൂട്ടൽ. ഇന്ത്യയിലെ ജനങ്ങള്‍ക്ക് സമ്പൂര്‍ണ്ണ സൂര്യഗ്രഹണം കാണാന്‍ സാധിക്കില്ല. ചന്ദ്രൻ്റെ സാമീപ്യവും ദൂരെയുള്ള സൗര പശ്ചാത്തലവും ആളുകൾക്ക് കാണാൻ കഴിയുന്ന മനോഹരമായ ഒരു ആകാശ കാഴ്ച സൃഷ്ടിക്കും.

ചന്ദ്രൻ സൂര്യനെ പൂർണ്ണമായും മറയ്ക്കുകയും കൊറോണ എന്നറിയപ്പെടുന്ന സൂര്യന്‍റെ ബാഹ്യ വലയം മാത്രം ദൃശ്യമാകുകയും ചെയ്യുമ്പോഴാണ് സമ്പൂർണ സൂര്യഗ്രഹണം നടന്നുവെന്ന് പറയാൻ കഴിയുക. അതായത് പകൽ സന്ധ്യയായെന്ന പ്രതീതിയായിരിക്കും. ആ പകലിൽ നക്ഷത്രങ്ങൾ കാണാൻ കഴിഞ്ഞേക്കാം. 32 ലക്ഷത്തോളം ആളുകൾക്ക് നഗ്ന നേത്രങ്ങൾ കൊണ്ട് ഈ പ്രതിഭാസത്തെ കാണാൻ സാധിക്കുമെന്നാണ് റിപ്പോർട്ടുകളില്‍ പറയുന്നത്.

സമ്പൂർണ്ണ സൂര്യ​ഗ്രഹം സാധാരണയേക്കാൾ വലുതായാണ് ആകാശത്ത് ദൃശ്യമാകുക. ഭൂമിയിൽ എവിടെയെങ്കിലും 18 മാസത്തിലൊരിക്കൽ സൂര്യഗ്രഹണം സംഭവിക്കാറുണ്ട്. എന്നാൽ ശരാശരി 100 വർഷത്തിലൊരിക്കൽ മാത്രമേ ഒരു പ്രദേശത്ത് സമ്പൂർണ സൂര്യഗ്രഹണം ഉണ്ടാകുന്നുള്ളൂ. സൂര്യഗ്രഹണസമയത്ത് വടക്കേ അമേരിക്കയുടെ ചില ഭാഗങ്ങൾ ഇരുട്ടിലാകുമെന്നും സന്ധ്യയ്ക്ക് സമാനമായ പ്രകാശമാകും അനുഭവപ്പെടുകയെന്നുമാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. ചന്ദ്രനും ഭൂമിയും തമ്മിലുള്ള ഏറ്റവും അടുത്ത ദൂരം 3,60,000 കിലോമീറ്റ‍റാണ്.‌ 2017ലാണ് അവസാനമായി സമ്പൂ‍ർണ സൂര്യ​ഗ്രഹണം രൂപം കൊണ്ടത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com