എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരമാണ്: ടൊവിനോ

വഴക്ക് ഒരു നല്ല സിനിമയാണെന്നും താൻ ചെയ്ത ഒരു സിനിമയെയും മോശമായി കാണുന്ന ആളല്ല താനെന്നും ടൊവിനോ
എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരമാണ്: ടൊവിനോ

‘വഴക്ക്’ എന്ന സിനിമയുടെ തിയറ്റർ-ഒടിടി റിലീസുമായി ബന്ധപ്പെട്ട് തനിക്കെതിരെ സംവിധായകൻ സനൽകുമാർ ശശിധരൻ ഉന്നയിച്ച ഗുരുതര ആരോപണങ്ങൾക്ക് മറുപടിയുമായി ചിത്രത്തിന്റെ നിർമാണ പങ്കാളി കൂടിയായ നടൻ ടൊവിനോ തോമസ്. വഴക്ക് ഒരു നല്ല സിനിമയാണെന്നും താൻ ചെയ്ത ഒരു സിനിമയെയും മോശമായി കാണുന്ന ആളല്ല താനെന്നും ടോവിനോ പറഞ്ഞു. പരിചയപ്പെട്ട കാലത്തെ സനലേട്ടനെ ഇപ്പോഴും ഇഷ്ടമുണ്ട്. എന്നാൽ ഇപ്പോഴത്തെ സനലേട്ടനെ മനസിലാകുന്നില്ല. എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരമാണെന്നും അദ്ദേഹം പറഞ്ഞു.

‘വഴക്ക്’ എന്ന സിനിമ തിയറ്ററിലൂടെ പുറത്തിറക്കാൻ ടോവിനോ ശ്രമിക്കുന്നില്ലെന്നും സിനിമ തിയറ്ററുകളിലെത്തിയാൽ അത് തന്റെ കരിയറിനെ ബാധിക്കുമെന്ന് ടോവിനോ പറഞ്ഞെന്നുമായിരുന്നു സനലിന്റെ ആരോപണം. പൊതുവെ 'വഴക്ക്' എന്ന സിനിമ പുറത്തുവരുന്നത് ടോവിനോയ്ക്ക് അത്ര ഇഷ്ടമില്ല എന്ന് ഇതിനിടെ പല കാരണങ്ങൾ കൊണ്ടും തോന്നിയിരുന്നുവെന്നും ആളുകൾ വലുതെന്നു കരുതുന്ന മനുഷ്യർ പലരും വാസ്തവത്തിൽ എത്ര ചെറുതാണെന്ന സത്യം എന്നെ പഠിപ്പിച്ച സംഭവങ്ങളാണിതെന്നും സനൽ കുമാർ പറഞ്ഞിരുന്നു.

ടോവിനോ തോമസിന്റെ വാക്കുകൾ

‘‘2020ലാണ് ‘വഴക്ക്’ ചെയ്യാൻ തീരുമാനിച്ചത്. വളരെ നല്ല ലേണിങ് എക്സ്പീരിയൻസ് ആയിരുന്നു ആ സിനിമ. ഷൂട്ടിന്റെ സമയത്തു മുഴുവൻ സനലേട്ടനുമായി വളരെ നല്ല ബോണ്ടായിരുന്നു. പലരും പുള്ളിയെക്കുറിച്ച് മുന്നറിയിപ്പ് തന്നെങ്കിലും അങ്ങനെ തോന്നിയിരുന്നില്ല. അദ്ദേഹത്തോടുള്ള റെസ്പെക്ട് കൊണ്ടാണ് ചിത്രത്തിൻറെ പ്രൊഡക്‌ഷന്റെ പങ്കാളിത്തം ഏറ്റെടുത്തത്. 27ലക്ഷം മുടക്കുകയും ഒരു രൂപപോലും ശമ്പളമായി കിട്ടാതിരിക്കുകയും ചെയ്ത സിനിമയാണ് അത്. ഷൂട്ട് കഴിഞ്ഞ് വളരെ നാളുകൾക്കുശേഷമാണ് ചിത്രം ഒരു ഫിലിം ഫെസ്റ്റിവലിന് അയച്ചിട്ടുണ്ട് എന്ന് പറഞ്ഞത്. പിന്നീട് ദിവസങ്ങൾക്കുശേഷം അവർ അത് റിജെക്ട് ചെയ്തു എന്നും ഒരു ഇന്റർനാഷ്നൽ കോക്കസ് സിനിമയെ തകർക്കാൻ ശ്രമിക്കുന്നുണ്ട് എന്ന് പറഞ്ഞു.പിന്നീട് വേറെ ഫെസ്റ്റിവലുകൾ കിട്ടി. അതിനുശേഷം ഐഎഫ്എഫ്കെയിൽ അവസരം കിട്ടിയപ്പോഴും അവരും തകർക്കാൻ ശ്രമിക്കുന്നുണ്ട് എന്ന് പറഞ്ഞെങ്കിലും അതിന് സ്ക്രീനിങ്ങിന് അവസരം കിട്ടി. നല്ല പ്രതികരണമാണ് മേളയിൽ നിന്നു ലഭിച്ചത്. കാസർഗോട് അജയന്റെ രണ്ടാം മോഷണം സിനിമയുടെ ലൊക്കേഷനിൽ നിന്നും വന്നാണ് മേളയിൽ പ്രേക്ഷകർക്കൊപ്പം ഞാൻ ആ സിനിമ കണ്ടത്. അതിനുശേഷമാണ് ചിത്രം തിയറ്ററിൽ റിലീസ് ചെയ്യാം എന്ന് അദ്ദേഹം പറഞ്ഞത്. ഞാൻ ഒരിക്കലും തിയറ്റർ റിലീസിന് എതിർക്കില്ല എന്ന് പറഞ്ഞു. എന്നാൽ മറ്റൊരാളെ കൊണ്ട് ഇൻവെസ്റ്റ് ചെയ്യിക്കാം എന്നാണ് പുള്ളി പറഞ്ഞത്. എന്തിനാണ് മറ്റൊരാളെ കൂടി ഇതിലേക്കു കൊണ്ടുവരുന്നത്.ഇതൊരു ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ആളുകൾ തിക്കിത്തിരക്കിവരുന്ന സിനിമ ആയിരിക്കില്ല എന്ന ബോധ്യം ഉള്ളതിനാലാണ് ഐഎഫ്കെയിൽ കണ്ട ആളുകളൊന്നും തിയറ്ററിൽ ഉണ്ടാകില്ല എന്ന് എഴുതി ഒപ്പിട്ട് തരാം എന്ന് പറഞ്ഞത്. തിയറ്ററുകളിലെത്തി, ഇത് ടൊവിനോയുടെ പരാജയചിത്രം എന്ന് വിലയിരുത്തപ്പെട്ടാലും തനിക്ക് രണ്ടുമൂന്ന് സിനിമകൾകൊണ്ട് അത് മാനേജ് ചെയ്യാം. എന്നാൽ ഈ സിനിമ അത് അർഹിക്കുന്ന റെസ്പെക്ട് കിട്ടാതെ പോകും എന്നാണ് പറഞ്ഞത്.

ഇതിന്റെയെല്ലാം ഓഡിയോ ക്ലിപ്പ് ഇപ്പോഴും കയ്യിലുണ്ട്.തിയറ്ററിൽ റിലീസ് ചെയ്താൽ ദിവസങ്ങൾക്കുള്ളിൽ ഒരു പരാജയ ചിത്രം എന്ന നിലയിൽ ആ സിനിമ അർഹിക്കുന്ന അംഗീകാരം കിട്ടാതെ പോകും എന്നറിയാവുന്നതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. എന്നാലും ചേട്ടന് താൽപ്പര്യമുണ്ടെങ്കിൽ ചെയ്യാം എന്നും പറഞ്ഞു. ഇത് നടക്കാതായതോടെ ഒടിടി റിലീസിനായി ശ്രമിച്ചു. എന്നാൽ ഒടിടി പോളിസി അംഗീകരിക്കാത്തതും അദ്ദേഹത്തിന്റെ സോഷ്യൽ പ്രൊഫൈലും തടസമായി വന്നു. ’ഇത്തരം സിനിമകൾ ചെയ്താൽ തകർന്നുപോകുന്ന കരിയർ ആണ് എന്ന ഭയം ഉണ്ടായിരുന്നെങ്കിൽ ‘അദൃശ്യജാലകങ്ങൾ’എന്ന സിനിമയുടെ കോ പ്രൊഡ്യൂസർ ആകുമായിരുന്നോ. ആ സിനിമയു‌ടെ ഒടിടി റിലീസിന് പോളിസികൾ അംഗീകരിച്ചതുകൊണ്ടും ഡോ. ബിജുവിന്റെ സോഷ്യൽ പ്രൊഫൈൽ നല്ലതായിരുന്നതുകൊണ്ടും യാതൊരു പ്രശ്നമുണ്ടായിട്ടില്ല. ഇപ്പോഴും ‘വഴക്ക്’ ഡിസ്ട്രിബ്യൂട്ട് ചെയ്യാനോ ഒടിടി റിലീസിനോ അവസരമുണ്ടെങ്കിൽ അതിനോട് സഹകരിക്കാൻ യാതൊരു മടിയുമില്ല.ഒരാൾ ലോകം മുഴുവൻ തന്നെ തകർക്കാൻ ശ്രമിക്കുന്നു എന്ന് കരുതുന്നത് അയാളുടെ കുഴപ്പമാണ് എന്ന് ചിന്തിക്കണം. പരിചയപ്പെട്ട കാലത്തെ സനലേട്ടനെ ഇപ്പോഴും ഇഷ്ടമുണ്ട്. എന്നാൽ ഇപ്പോഴത്തെ സനലേട്ടനെ മനസിലാകുന്നില്ല. എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരമാണ്.’'

Related Stories

No stories found.
logo
Reporter Live
www.reporterlive.com