കയ്യടി ഹക്കീമിനും; ആടുജീവിതത്തില്‍ ശ്രദ്ധ നേടി പുതുമുഖ താരം ഗോകുല്‍

ഗോകുലിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആറ് വര്‍ഷമാണ് പൂര്‍ണമായും സിനിമയ്ക്കായി മാറ്റിവെക്കേണ്ടി വന്നത്.
കയ്യടി ഹക്കീമിനും; ആടുജീവിതത്തില്‍ ശ്രദ്ധ നേടി പുതുമുഖ താരം ഗോകുല്‍

ലോകസിനിമയിലേക്കുള്ള മലയാളത്തിന്റെ സംഭാവന എന്ന നിലയ്ക്കാണ് ആടുജീവിതത്തെ ഭൂരിപക്ഷം പ്രേക്ഷകരും വിലയിരുത്തിക്കൊണ്ടിരിക്കുന്നത്. സിനിമയ്ക്ക് വേണ്ടി 16 വര്‍ഷത്തോളം പ്രയത്‌നിച്ച സംവിധായകന്‍ ബ്ലെസിയ്ക്കും, മികച്ച പ്രകടം കാഴ്ചവെച്ച പൃഥ്വിരാജിനുമൊപ്പം ഏറെ ശ്രദ്ധ നേടുകയും അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്യുന്ന മറ്റൊരാള്‍ കൂടിയുണ്ട്. സിനിമയില്‍ ഹക്കീം ആയെത്തിയ പുതുമുഖ താരം കെ ആര്‍ ഗോകുല്‍.

പ്രവാസ ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകളുമായി ഗള്‍ഫിലേക്ക് കുടിയേറി, മരുഭൂമിയിലകപ്പെട്ടുപോയ നജീബ്, ഹക്കീം എന്നീ കഥാപാത്രങ്ങളെ മുന്‍നിര്‍ത്തി ബെന്യാമിന്‍ എഴുതിയ നോവല്‍ സിനിമയായപ്പോള്‍ നജീബിന്റെ കഥാപാത്രം അവതരിപ്പിച്ചത് നടന്‍ പൃഥ്വിരാജും ഹക്കീം ആയി എത്തിയത് കോഴിക്കോട്ടുകാരനായ പുതുമുഖ നടന്‍ കെ ആര്‍ ഗോകുലുമാണ്. ജീവിതത്തിനും മരണത്തിനുമിടയിലെ അതിതീവ്രമായ വൈകാരിക രംഗങ്ങളെ അത്രമേല്‍ തീവ്രതയോടെയാണ് നജീബും ഹക്കീമും അവതരിപ്പിച്ചത്. തുടക്ക സിനിമയില്‍ തന്നെ ഇത്രയധികം ആഴമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു എന്നതിലുള്ള മിടുക്കാണ് ഗോകുലിനെ ശ്രദ്ധേയനാക്കുന്നത്.

17ാം വയസ്സില്‍ ആടുജീവിതത്തിലേക്ക്

കോഴിക്കോട് ജില്ലയിലെ പൂവാട്ടുപറമ്പിനടുത്ത് പെരുമണ്‍പുറ സ്വദേശിയായ ഗോകുല്‍ നാടകങ്ങളിലൂടെയാണ് സിനിമയിലെത്തുന്നത്. കോഴിക്കോട് സാമൂതിരി ഹയര്‍ സെക്കന്ററി സ്‌കൂളിലും ഗുരുവായൂരപ്പന്‍ കോളേജിലും വിദ്യാര്‍ത്ഥിയായിരിക്കെ കലോത്സവ നാടകങ്ങളില്‍ നിരവധി തവണ നേട്ടങ്ങള്‍ ഗോകുല്‍ കരസ്ഥമാക്കിയിരുന്നു. അന്തരിച്ച, പ്രശസ്ത നാടകപ്രവര്‍ത്തകന്‍ എ ശാന്തകുമാറിന്റെ നേതൃത്വത്തിലുള്ള കലാജാഥയില്‍ പങ്കെടുത്തുകൊണ്ടിരിക്കവെയാണ് ഗോകുലിന് ആടുജീവിതം സിനിമയിലേക്കുള്ള അവസരം വന്നെത്തുന്നത്.

സിനിമയ്‌ക്കൊപ്പമുള്ള വളര്‍ച്ച

വിദേശ രാജ്യങ്ങളിലുള്ള ഷൂട്ട്, കൊവിഡ് പ്രതിസന്ധി മൂലം ചിത്രീകരണം നിര്‍ത്തിവക്കേണ്ടി വന്ന സാഹചര്യങ്ങള്‍, കഠിനമായ ശാരീരിക തയ്യാറെടുപ്പുകള്‍ തുടങ്ങി നിരവധി കാരണങ്ങള്‍ കൊണ്ട് തന്നെ ആടുജീവിതത്തിന്റെ ഭാഗമാവുക എന്നത് ഒരു 17കാരനെ സംബന്ധിച്ച് ഏറെ പ്രയാസം നിറഞ്ഞ കാര്യമായിരുന്നു. പഠനകാലത്ത് സിനിമയിലേക്കെത്തിയ ഗോകുലിന് അതുകൊണ്ട് തന്നെ സിനിമയ്ക്ക് വേണ്ടി വലിയ നഷ്ടങ്ങള്‍ സഹിക്കേണ്ടി വന്നിട്ടുണ്ട്. പഠനം പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ല. എല്ലാ കഷ്ടപ്പാടിന്റെയും ഒടുവില്‍ ഒരു വിജയം കാത്തിരിക്കുന്നുണ്ട് എന്ന പ്രതീക്ഷയായിരുന്നു ഗോകുലിനെ മുന്നോട്ടു നയിച്ചത്. ഗോകുലിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആറ് വര്‍ഷമാണ് പൂര്‍ണമായും സിനിമയ്ക്കായി മാറ്റിവെക്കേണ്ടി വന്നത്.

കെ ആര്‍ ഗോകുല്‍ കുടുംബത്തോടൊപ്പം
കെ ആര്‍ ഗോകുല്‍ കുടുംബത്തോടൊപ്പം

പൃഥ്വിരാജിന്റെയും ബ്ലെസിയുടെയും പിന്തുണ

ആടുജീവിതം സിനിമ പുരോഗമിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ തന്നെ മറ്റ് അവസരങ്ങള്‍ ഗോകുലിനെ തേടി വന്നിരുന്നുവെങ്കിലും സിനിമ ഇറങ്ങുന്നത് വരെ ക്ഷമിക്കൂ, നിന്നെ കാത്തിരിക്കുന്നത് വലിയ അവസരങ്ങളാണ് എന്നായിരുന്നു ഗോകുലിനോട് ബ്ലെസി പറഞ്ഞത്. സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം വരെ ഒരു മകനെ പോലെ തന്നെ സംരക്ഷിച്ച ബ്ലെസിയോടും, സഹോദരനെ പോലെ കൂടെ നിര്‍ത്തിയ പൃഥ്വിരാജിനോടും ഏറെ കടപ്പാടുകളുണ്ടെന്നാണ് ഗോകുല്‍ പറയുന്നത്. സിനിമയുടെ റിലീസിനോടടുത്ത ദിവസങ്ങളിലാണ് ഹക്കീം എന്ന കഥാപാത്രവും ഗോകുല്‍ എന്ന നടനും ശ്രദ്ധ നേടിയത്. സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങില്‍ വെച്ചാണ് ഗോകുലിന്റെ പ്രാധാന്യത്തെ പൃഥ്വിരാജ് അടയാളപ്പെടുത്തിയത്. സിനിമയ്ക്ക് വേണ്ടി ശാരീരികമായ തയ്യാറെടുപ്പുകള്‍ നടത്തിയതിന്റെ ക്രെഡിറ്റ് തനിക്ക് മാത്രം അര്‍ഹതപ്പെട്ടതല്ലെന്നും ഗോകുലും ഇതേ തയ്യാറെടുപ്പുകള്‍ തന്നെയാണ് നടത്തിയതെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. മരുഭൂമിയില്‍ നിന്നും രക്ഷപ്പെടുന്നതിന് വേണ്ടി നജീബും ഹക്കീമും നടത്തിയ തീവ്രമായ പരിശ്രമങ്ങളെ അവതരിച്ച സീനുകളിലാണ് ഗോകുല്‍ അസാമാന്യമായ പ്രകടനം സിനിമയില്‍ കാഴ്ചവെച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com