പൊന്നിയന്‍ സെല്‍വന് ടിക്കറ്റെടുത്തു,തുടക്കം കാണാനായില്ല,യുവാക്കളെ പുറത്തുനിര്‍ത്തി; തിയേറ്ററിന് പിഴ

പൊന്നിയന്‍ സെല്‍വന് ടിക്കറ്റെടുത്തു,തുടക്കം കാണാനായില്ല,യുവാക്കളെ പുറത്തുനിര്‍ത്തി; തിയേറ്ററിന് പിഴ

2023 ഏപ്രില്‍ 30 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

മലപ്പുറം: കൃത്യസമയത്ത് തിയേറ്ററില്‍ എത്തിയിട്ടും തുടക്കം മുതല്‍ സിനിമ കാണാനുള്ള അവസരം നിഷേധിച്ചെന്ന പരാതിയില്‍ തിയേറ്ററുടമയ്ക്ക് പിഴയിട്ട് ജില്ലാ ഉപഭോക്തൃകമ്മീഷന്‍. പെരിന്തല്‍മണ്ണയിലെ പ്ലാസാ തിയേറ്ററിനെതിരെ 50,000 രൂപയാണ് പിഴയിട്ടത്. പെരിന്തല്‍മണ്ണ ഏലംകുളം സ്വദേശികളായ ശരത്, ആനന്ദ്, സുജീഷ്, വിജേഷ്, നിഖില്‍ എന്നിവര്‍ ചേര്‍ന്ന് നല്‍കിയ ഹര്‍ജിയിലാണ് കമ്മീഷന്‍ ഉത്തരവ്. 2023 ഏപ്രില്‍ 30 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

മണിരത്‌നം സംവിധാനം ചെയ്ത 'പൊന്നിയന്‍ സെല്‍വന്‍ 2' കാണാന്‍ വൈകിട്ട് 6.45 നാണ് പരാതിക്കാര്‍ തിയേറ്ററിലെത്തിയത്. 7 മണിക്കായിരുന്നു സിനിമ ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ തിയേറ്റര്‍ വൃത്തിയാക്കുകയാണെന്ന് പറഞ്ഞ് ജീവനക്കാര്‍ ഇവരെ പുറത്ത് നിര്‍ത്തിയെന്നാണ് ആരോപണം. അതേസമയം ഏഴ് മണിക്ക് തന്നെ തിയേറ്ററില്‍ പ്രദര്‍ശനം ആരംഭിച്ചിരുന്നു. സിനിമയുടെ തുടക്കം കാണാന്‍ കഴിയാത്തതില്‍ പ്രതിഷേധം അറിയിച്ച യുവാക്കളോട് അധികൃതര്‍ മോശമായി പെരുമാറിയെന്നും അപമാനിച്ചെന്നുമായിരുന്നു പരാതി.

അതേസമയം ബോധപൂര്‍വ്വം പ്രവേശനം നിഷേധിച്ചിട്ടില്ലെന്നും ഒരു പ്രദര്‍ശനം കഴിഞ്ഞ് തിയേറ്റര്‍ വൃത്തിയാക്കിയ ശേഷമാണ് അടുത്ത പ്രദര്‍ശനം കാണാന്‍ അനുവദിക്കുന്നതെന്നും പരാതിക്കാര്‍ 7.05 നാണ് തിയേറ്ററിലെത്തിയതെന്നും ഉടമകള്‍ കമ്മീഷനെ അറിയിച്ചു.

സാധാരണഗതിയില്‍ 10 മണി, ഒരു മണി, ഏഴ് മണി, രാത്രി 10 മണി എന്നിങ്ങനെ അഞ്ച് പ്രദര്‍ശനങ്ങളാണ് ഉണ്ടാകാറുള്ളത്. എല്ലാ സിനിമകളും രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമാണുള്ളത്. 'പൊന്നിയന്‍ സെല്‍വം 2' സിനിമ 2.55 മണിക്കൂര്‍ ദൈര്‍ഘ്യമുണ്ടായിരുന്നു. അതിന് ശേഷം വൃത്തിയാക്കാനെടുത്തത് രണ്ട് മിനിറ്റ് സമയം മാത്രമാണെന്നും ഉടമ ബോധിപ്പിച്ചു. എന്നാല്‍ പ്രദര്‍ശനത്തിനും തിയേറ്റര്‍ വൃത്തിയാക്കാനും പ്രവേശനത്തിനും സമയം ക്രമീകരിക്കാത്തത് തിയേറ്റര്‍ അധികൃതരാണ്. പ്രേക്ഷകന് സൗകര്യപ്രദമായി തിയേറ്ററില്‍ പ്രവേശിക്കാനും വൃത്തിയുള്ള അന്തരീക്ഷത്തില്‍ സിനിമ പൂര്‍ണ്ണമായി കാണാനും അവകാശമുണ്ട്. ഈ കാര്യങ്ങളില്‍ വീഴ്ച വരുത്തിയിരിക്കയാല്‍ പരാതിക്കാരായ അഞ്ച് പേര്‍ക്കുമായി 50,000 രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും കോടതി ചെലവിലേക്കായി 10,000 രൂപയും നല്‍കണമെന്നും വിധിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com