ടൊവിനോ ഡബിൾ റോളിൽ?; 'അന്വേഷിപ്പിൻ കണ്ടെത്തും' ഒഫീഷ്യൽ പോസ്റ്റർ പുറത്തിറക്കി

പൊലീസ് തൊപ്പി വെച്ചും അല്ലാതെയുമുള്ള ടൊവിനോയെ പോസ്റ്ററിൽ കാണാം
ടൊവിനോ ഡബിൾ റോളിൽ?; 'അന്വേഷിപ്പിൻ കണ്ടെത്തും' ഒഫീഷ്യൽ പോസ്റ്റർ പുറത്തിറക്കി

ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമാകുന്ന 'അന്വേഷിപ്പിൻ കണ്ടെത്തും' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ പോസ്റ്റർ പുറത്തിറക്കി. ഫെബ്രുവരി 9ന് ചിത്രം തിയേറ്ററുകളിലെത്തും. പൊലീസ് യൂണിഫോമിലുള്ള ടൊവിനോയുടെ ലുക്കാണ് പോസ്റ്ററിലുള്ളത്. രണ്ട് രീതിയിൽ താരത്തെ പോസ്റ്ററിൽ കാണിച്ചിട്ടുള്ളതിനാൽ ഡബിൾ റോളിൽ എത്തുന്നുവോ എന്ന ആകാംക്ഷയും പോസ്റ്റർ ഉയർത്തുന്നുണ്ട്. പൊലീസ് തൊപ്പി വെച്ചും അല്ലാതെയുമുള്ള ടൊവിനോയെ പോസ്റ്ററിൽ കാണാം.

തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയനായ സംഗീത സംവിധായകൻ സന്തോഷ് നാരായണൻ സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും നി‍‍ർവ്വഹിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിന്‍റെ ഫസ്റ്റ് ഗ്ലാൻസും അനൗൺസ്മെന്‍റ് പോസ്റ്ററും ഏറെ ദുരൂഹവും നിഗൂഢവുമായൊരു പൊലീസ് സ്റ്റോറിയാണെന്ന സൂചന നൽകുന്നതായിരുന്നു. തികച്ചും സാധാരണക്കാരനായൊരു റിയൽ പൊലീസുകാരന്‍റെ ലുക്കിലാണ് ചിത്രത്തിൽ ടൊവിനോ അവതരിപ്പിക്കുന്ന എസ്ഐ ആനന്ദിനെ കാണിച്ചിരിക്കുന്നത്.

സിനിമയിൽ ടൊവിനോയുടെ പിതാവ് അഡ്വ. ഇല്ലിക്കൽ തോമസും ആദ്യമായി അഭിനയിക്കുന്നുണ്ട്. തിയേറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ നിർമ്മാണത്തിൽ ഡാര്‍വിന്‍ കുര്യാക്കോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വൻ താരനിരയും സംഭവ ബഹുലങ്ങളായ നിരവധി മുഹൂർത്തങ്ങളും കോർത്തിണക്കി വിശാലമായ ക്യാൻവാസ്സിലാണ് സിനിമയുടെ അവതരണം.

വലിയ മുതൽ മുടക്കിൽ ഒരുങ്ങുന്ന ഈ ബിഗ് ബജറ്റ് ചിത്രം ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ജോണറിലുള്ളതാണെന്നാണ് വിവരം. എഴുപതോളം താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ ടൊവിനോയ്ക്ക് പുറമെ സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രമ്യാ സുവി എന്നിവർ പ്രധാന താരങ്ങളായെത്തുന്നു. ചിത്രത്തിൽ രണ്ടു നായികമാരാണുള്ളത്. ഇവർ പുതുമുഖങ്ങളാണ്. ഗൗതം ശങ്കർ ഛായാഗ്രഹണം നിർവ്വഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് സൈജു ശ്രീധറാണ്. കലാ സംവിധാനം ദിലീപ് നാഥ്, മേക്കപ്പ് സജീ കാട്ടാക്കട, കോസ്റ്റ്യും ഡിസൈൻ സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു ജെ, പി ആർ ഒ ശബരി, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ്, മാർക്കറ്റിങ് ബിനു ബ്രിങ്ഫോർത്ത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com