'ആദിപുരുഷി'നെ ട്രോളി, കളി കാര്യമായി; രാമാനന്ദ് സാഗറിന്റെ 'രാമായൺ' സീരിയൽ പുന:സംപ്രേഷണത്തിന്

രാമായൺ സീരിയിലിലെ രാമനെയും ആദിപുരുഷിലെ രാമനായ പ്രാഭാസിനേയും തമ്മിൽ താരതമ്യപ്പെടുത്തി ട്രോളുകൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു
'ആദിപുരുഷി'നെ ട്രോളി, കളി കാര്യമായി; രാമാനന്ദ് സാഗറിന്റെ 'രാമായൺ' സീരിയൽ പുന:സംപ്രേഷണത്തിന്

മുംബൈ: ബോക്സ് ഓഫീസിൽ ആദ്യ ദിനങ്ങൾ മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചെങ്കിലും ആദിപുരുഷിന് സോഷ്യൽ മീഡിയയിൽ ലഭിക്കുന്ന ട്രോളുകൾക്കും ഹൈക്കോടതി വരെ എത്തിനിൽക്കുന്ന വിമർശനങ്ങൾക്കും കുറവൊന്നും സംഭവിച്ചിട്ടില്ല. കോടതിയുടെ താക്കീതോടെ ആദിപുരുഷിന് രക്ഷപെടാമെങ്കിലും സമൂഹ മാധ്യമത്തിന്റെ കണ്ണിൽപെടാതിരിക്കാൻ ചിത്രത്തിന്റെ അണിയറക്കാർക്കായില്ല. ടീസർ മുതലേ ആദിപുരുഷിനെ പിന്തുടർന്നുകൊണ്ടിരിക്കുന്ന ട്രോൾ ഇപ്പോൾ മറ്റൊരു കഥയിലേക്ക് എത്തിനിൽക്കുകയാണ്.

ആദിപുരുഷ് നിരൂപണം കൊണ്ടും പ്രേക്ഷക അഭിപ്രായം കൊണ്ടും വൻ പരാജയം നേരിടുമ്പോൾ, ആ പരാജയത്തെ മുതലെടുക്കുകയാണ് ഒരു ഹിന്ദി എന്റർടെയ്ൻമെന്റ് ചാനൽ. ഷെമാറൂ ടി വിയിൽ രാമാനന്ദ് സാഗർ സംവിധാനം ചെയ്ത പ്രശസ്ത സീരിയലായ 'രാമായൺ' വീണ്ടും സംപ്രേഷണത്തിന് ഒരുങ്ങുകയാണ്. രാമായൺ സീരിയലിലെ രാമനെയും ആദിപുരുഷിലെ രാമനായ പ്രഭാസിനേയും തമ്മിൽ താരതമ്യപ്പെടുത്തി ട്രോളുകൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ഈ സാഹചര്യത്തിലാണ് യഥാർത്ഥ രാമായണകഥയെ പ്രേക്ഷകർക്കു മുന്നിലെത്തിക്കാനുള്ള ചാനലിന്റെ പുതിയ നീക്കം.

വരുന്ന ജൂലൈ മൂന്ന് മുതലാണ് പുന:സംപ്രേഷണം ആരംഭിക്കുക. 1987-88 വർഷങ്ങളിലാണ് രാമായൺ സംപ്രേഷണം ആരംഭിച്ചത്. 78 എപ്പിസോഡുകളായിരുന്നു ഉണ്ടായിരുന്നത്. ബോളിവുഡ് താരങ്ങളായ അരുൺ ഗോവിൽ ശ്രീരാമനായും ദീപികാ ചിഖില സീതയായും വേഷമിട്ടപ്പോൾ മറ്റൊരു ബോളിവുഡ് താരമായ സുനിൽ ലാഹ്‌രിയാണ് ലക്ഷ്മണന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com