'ശ്രീരാമനെ കാണിച്ച് ഇത് രാമായണമല്ലെന്ന് പറഞ്ഞാലെങ്ങനെ ശരിയാകും?'; ആദിപുരുഷിനെതിരെ അലഹാബാദ് ഹൈക്കോടതി

'ശ്രീരാമനെ കാണിച്ച് ഇത് രാമായണമല്ലെന്ന് പറഞ്ഞാലെങ്ങനെ ശരിയാകും?'; ആദിപുരുഷിനെതിരെ അലഹാബാദ് ഹൈക്കോടതി

സിനിമയിലെ സംഭാഷണങ്ങൾ തന്നെ പ്രശ്‌നമാണ്. രാമായണം മഹത്തായ മാതൃകയായാണ് കരുതപ്പെടുന്നത്. ആളുകള്‍ ക്ഷമിക്കുമെന്നു കരുതി ഇതിനെതിരേ കണ്ണടച്ചാല്‍ അവരെ ഇനിയും പരീക്ഷിക്കുകയില്ലേ ചെയ്യുകയെന്ന് കോടതി ആരാഞ്ഞു

'ആദിപുരുഷ്' സിനിമയെ വിമർശിച്ച് അലഹാബാദ് ഹൈക്കോടതി. വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നുവെന്നും സിനിമ നിരോധിക്കണമെന്നുമാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് അണിയറ പ്രവര്‍ത്തകരെയും സെന്‍സര്‍ ബോര്‍ഡിനെയും ഒരുപോലെ കോടതി വിമർശിച്ചത്. സെന്‍സര്‍ ബോര്‍ഡ് അവരുടെ കടമ കൃത്യമയാണോ നിറവേറ്റിയത് എന്നും കോടതി ചോദിച്ചു.

സിനിമയിലെ സംഭാഷണങ്ങളുടെ സ്വഭാവം തന്നെ പ്രശ്‌നമാണ്. രാമായണം മഹത്തായ ഒരു മാതൃകയായാണ് കരുതപ്പെടുന്നത്. ആളുകള്‍ എല്ലാം ക്ഷമിക്കുമെന്നു കരുതി ഇതിനെതിരേ കണ്ണടച്ചാല്‍ അവരെ ഇനിയും പരീക്ഷിക്കുകയില്ലേ ചെയ്യുക എന്ന് കോടതി ആരാഞ്ഞു. തിരക്കഥാകൃത്തായ മനോജ് മുൻതാഷിറിനെ കേസിൽ കക്ഷി ചേർക്കണമെന്നും ഒരാഴ്ചയ്ക്കുള്ളിൽ അദ്ദേഹം വിശദീകരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.

ആദിപുരുഷ് കണ്ടതിന് ശേഷവും ആളുകള്‍ നിയമം കയ്യിലെടുത്തില്ലല്ലോ എന്നതില്‍ സന്തോഷം. വിവാദപരമായ രംഗങ്ങൾ ആദ്യം തന്നെ നീക്കം ചെയ്യണമായിരുന്നു. പല രംഗങ്ങളും എ സർട്ടിഫിക്കറ്റ് കാറ്റഗറിയിൽ പെടുന്നതാണ്. സിനിമയില്‍ നിന്ന് മോശം സംഭാഷണങ്ങള്‍ ഒഴിവാക്കിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചെങ്കിലും, അതില്‍ മാത്രം കാര്യമില്ലെന്നാണ് കോടതി നല്‍കിയ മറുപടി. സംഭാഷണം മാറ്റിയാലും ദൃശ്യങ്ങൾക്കു മാറ്റം വരുന്നില്ലല്ലോ. ഇക്കാര്യത്തിലുള്ള മാർഗനിർദേശങ്ങൾ എന്താണെന്നു നോക്കിയ ശേഷം ഞങ്ങള്‍ വേണ്ടത് ചെയ്യും. ഈ സിനിമയുടെ പ്രദര്‍ശനം നിര്‍ത്തിയാല്‍ ഒരു പക്ഷെ വികാരം വ്രണപ്പെട്ടവര്‍ക്ക് ആശ്വാസം ലഭിച്ചേക്കും, കോടതി പറഞ്ഞു.

സിനിമ തുടങ്ങുന്നതിന് മുൻപ് കഥയെ സംബന്ധിച്ച് മുന്നറിയിപ്പു നൽകിയിട്ടുണ്ടെന്നായിരുന്നു മറ്റൊരു വാദം. ഇതിന് കോടതിയുടെ മറുപടി ഇങ്ങനെ, മുന്നറിയിപ്പ് നൽകിയ നിങ്ങൾ ഈ രാജ്യത്തെ പൗരന്മാരും യുവാക്കളും ബുദ്ധിയില്ലാത്തവരാണെന്നാണോ കരുതുന്നത്. ശ്രീരാമനും ലക്ഷ്മണനും രാവണനും ഹനുമാനുമൊക്കെ ചിത്രത്തിലുണ്ട്. പക്ഷേ സിനിമ രാമായണമല്ലെന്ന് പറഞ്ഞാൽ എങ്ങനെ ശരിയാകും?, കോടതി ചോദിച്ചു. കേസ് സംബന്ധിച്ച വാദം നാളെയും തുടരുമെന്നും കോടതി അറിയിച്ചു.

അതേസമയം, ആദിപുരുഷ് ബോക്‌സ് ഓഫീസില്‍ ഇന്ത്യയില്‍ നിന്ന് മാത്രം 277.50 കോടിയാണ് ഇതുവരെ നേടിയിരിക്കുന്നത്. ലോകവ്യാപകമായി 450 കോടിയും ചിത്രം സ്വന്തമാക്കി. 500 കോടി ബജറ്റിലാണ് അദിപുരഷ് ഒരുക്കിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com