എട്ടാം ദിനത്തിൽ തിയേറ്ററുകളിൽ കൂപ്പുകുത്തി 'ആദിപുരുഷ്'; ഷോകൾ റദ്ദാക്കുന്നു

ആദിപുരുഷിന്റെ വിഎഫ്എക്സും ചില ഡയലോഗുകളും കടുത്ത ട്രോളുകളാണ് ഏറ്റുവാങ്ങിയത്.
എട്ടാം ദിനത്തിൽ തിയേറ്ററുകളിൽ കൂപ്പുകുത്തി 'ആദിപുരുഷ്'; ഷോകൾ റദ്ദാക്കുന്നു

പ്രഭാസിനെ നായകനാക്കി ഓം റൗത്ത് സംവിധാനം ചെയ്ത ചിത്രം 'ആദിപുരുഷ്' ഈ മാസം 16-നാണ് റിലീസ് ചെയ്തത്. ഒരാഴ്ച്ച പിന്നിടുമ്പോൾ രാമായണം ആസ്പദമാക്കി ഒരുങ്ങിയ സിനിമയെ തിയേറ്ററുകളിൽ പ്രേക്ഷകർ കൈവിടുന്ന കാഴ്ചയാണുള്ളത്. എട്ടാം ദിവസം രാജ്യത്തുടനീളമുള്ള തിയേറ്ററുകളിൽ നിന്ന് 3.25 കോടി രൂപയാണ് ചിത്രം നേടിയത്. എട്ട് ദിവസത്തെ റണ്ണിൽ ഒരു ചിത്രം നേടിയ ഏറ്റവും കുറഞ്ഞ തുകയാണിത്.

സിനിമയുടെ ഹിന്ദി പതിപ്പ് ഇതുവരെ 125 കോടിയാണ് നേടിയത്. വെള്ളിയാഴ്ച മൊത്തത്തിലുള്ള ഹിന്ദി ഒക്യുപൻസി 8.30 ശതമാനവും തെലുങ്ക് ഒക്യുപൻസി 16.31ശതമാനവും തമിഴിൽ 23.81ശതമാനവും കന്നഡ 8.56 ശതമാനവും ആയിരുന്നു. ചിത്രം ഇന്ത്യയിൽ നിന്ന് 263.15 കോടി രൂപയാണ് ഇതുവരെ നേടിയത്. ആഗോളതലത്തിൽ സിനിമ 378.01 കോടി നേടിയെന്നാണ് ട്രേഡ് അനലിസ്റ്റ് മനോബാല വ്യക്തമാക്കുന്നത്.

500 കോടി ബജറ്റിൽ ഒരുങ്ങിയ സിനിമയുടെ കളക്ഷൻ മുടക്ക് മുതലിന് അടുത്തെത്തിയെങ്കിലും പ്രേക്ഷകരിൽ നിന്ന് വലിയ തോതിൽ വിമർശനങ്ങളും നേരിടുന്നുണ്ട്. ആദിപുരുഷിന്റെ വിഎഫ്എക്സും ചില ഡയലോഗുകളും കടുത്ത ട്രോളുകളാണ് ഏറ്റുവാങ്ങിയത്. കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ സിനിമയിലെ ചില ഡയലോഗുകൾ നീക്കുകയും ടിക്കറ്റ് നിരക്ക് വെട്ടിക്കുറക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ മാറ്റങ്ങൾക്ക് സിനിമയുടെ ബോക്സ് ഓഫീസ് പ്രകടനങ്ങളിൽ ഒരു പുരോഗതിയും കൊണ്ടുവരാൻ കഴിഞ്ഞില്ല.

മോശം റിവ്യൂ മൂലം വെള്ളിയാഴ്ച ചിത്രത്തിന്റെ ഷോകൾ റദ്ദാക്കേണ്ടി വന്നതായി മുംബൈയിലെ ഗെയ്‌റ്റി ഗാലക്‌സി സിനിമാ ഹാൾ എക്‌സിക്യൂട്ടീവ് ഡയറക്ടർ മനോജ് ദേശായി പറഞ്ഞു. 'പ്രേക്ഷകർ ഈ സിനിമ നിരസിച്ചു. ഇന്നലെ ഞങ്ങളുടെ രണ്ട് ഷോകൾ റദ്ദാക്കി. ഇന്ന് മാറ്റിനി ഷോകൾ റദ്ദാക്കേണ്ടിവന്നു. ഈ സിനിമ ഉടൻ തന്നെ തിയേറ്ററുകളിൽ നിന്ന് നീക്കം ചെയ്യും', മനോജ് ദേശായി പറഞ്ഞു. തങ്ങൾക്ക് മാത്രമല്ല, ചിത്രം റിലീസ് ചെയ്ത എല്ലാ തിയേറ്ററുകളുടെയും ഉടമകൾക്ക് നഷ്ടം സംഭവിച്ചിട്ടുണ്ട് എന്നും അദ്ദേഹം വാർത്താ ഏജൻസിയായ എഎൻഐയോട് വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com