'വേണം നമുക്കുമൊരു സിലിക്കണ്‍ വാലി'; ടാല്‍റോപ്-റിപ്പോര്‍ട്ടര്‍ ടിവി എഡ്യു-ടെക്‌ കോണ്‍ക്ലേവ് 12ന്

കൈ കോര്‍ക്കുന്നു, സാങ്കേതിക വിദ്യയിലൂടെയുള്ള സാമൂഹിക പരിവര്‍ത്തനത്തിനായി
'വേണം നമുക്കുമൊരു സിലിക്കണ്‍ വാലി'; ടാല്‍റോപ്-റിപ്പോര്‍ട്ടര്‍ ടിവി എഡ്യു-ടെക്‌ കോണ്‍ക്ലേവ് 12ന്

തിരുവനന്തപുരം: ടാല്‍റോപിന്റെ സഹകരണത്തോടെ റിപ്പോര്‍ട്ടര്‍ ടിവി സംഘടിപ്പിക്കുന്ന ടെക്നോളജി എഡ്യുക്കേഷന്‍ കോണ്‍ക്ലേവ് സെപ്തംബര്‍ 12ന് തിരുവനന്തപുരം ഓ ബൈ താമരയില്‍ നടക്കും. നിലവിലെ വിദ്യാഭ്യാസ സംവിധാനത്തിന്റെ ഗുണവശങ്ങളും പോരായ്മകളും വിശദമായ സംവാദങ്ങള്‍ക്കും തുടര്‍ ചര്‍ച്ചകള്‍ക്കും വിധേയമാക്കി, പരിഹാര നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് കോണ്‍ക്ലേവിലൂടെ ലക്ഷ്യമിടുന്നത്. പ്രമുഖ വിദ്യാഭ്യാസ വിദഗ്ധരും എഡ്യുക്കേഷണല്‍ ആക്ടിവിസ്റ്റുകളും എഡ്യു-സംരംഭകരും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും തിരുവനന്തപുരം ജില്ലയിലെ പ്രമുഖ കാമ്പസുകളുടെ മാനേജ്‌മെന്റ് പ്രതിനിധികളും കോണ്‍ക്ലേവിന്റെ ഭാഗമാകും.

ടെക്നോളജിയിലുള്ള അറിവ് ജീവവായു പോലെ പ്രാധാന്യമേറിയതായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ലോക മാര്‍ക്കറ്റ് ആവശ്യപ്പെടുന്ന പ്രൊഫഷണല്‍ വിദ്യാഭ്യാസ മാതൃക എന്താണെന്ന് കേരളത്തെ പരിചയപ്പെടുത്താനാണ് കോണ്‍ക്ലേവിലൂടെ ലക്ഷ്യമിടുന്നതെന്ന് റിപ്പോര്‍ട്ടര്‍ നെറ്റ്‌വര്‍ക്ക് പ്രസിഡന്റ് അനില്‍ അയിരൂര്‍ അറിയിച്ചു.

ഇന്‍ഡസ്ട്രി-അക്കാദമിക് ഗ്യാപ്

തൊഴില്‍ നേടുക മാത്രമല്ല വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യമെങ്കിലും സുരക്ഷിതമായൊരു കരിയര്‍ എത്തിപ്പിടിക്കാന്‍ വിദ്യാര്‍ത്ഥിയെ പ്രാപ്തനാക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് നമ്മുടെ അക്കാദമിക് സിസ്റ്റം രൂപകല്‍പന ചെയ്തിട്ടുള്ളത്. എന്നാല്‍, ഉന്നത റാങ്ക് ലഭിച്ചവര്‍ക്ക് പോലും കരിയര്‍ രംഗത്ത് ശോഭിക്കാന്‍ കഴിയുന്നില്ലെന്ന യാഥാര്‍ത്ഥ്യം നമുക്കു മുന്നിലുണ്ട്.

ഇന്‍ഡസ്ട്രി ആവശ്യപ്പെടുന്ന തരത്തില്‍ വിദ്യാഭ്യാസം നേടുന്നതിന് സാഹചര്യമില്ലാത്തതാണ് ഇതിന് കാരണം. അതായത് പഠിച്ച കാര്യങ്ങള്‍ കൊണ്ടുമാത്രം തൊഴില്‍ നേടാന്‍ സാധിക്കുന്നില്ല. ഇതാണ് ഇന്‍ഡസ്ട്രി-അക്കാദമിക് ഗ്യാപ്. ഇത് പരിഹരിക്കാന്‍ ഇന്‍ഡസ്ട്രിയെ അടുത്തറിഞ്ഞു കൊണ്ട്, പ്രായോഗിക പരിശീലനം നേടി വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന തരത്തില്‍ ചില കൂട്ടിച്ചേര്‍ക്കലുകള്‍ നമ്മുടെ വിദ്യാഭ്യാസ രംഗത്ത് അനിവാര്യമാണ്.

തൊഴില്‍ രഹിതരായ യുവജനങ്ങള്‍ 40.5 ശതമാനം

40.5 ശതമാനം തൊഴില്‍ രഹിതരായ യുവജനങ്ങളുള്ള സംസ്ഥാനമായി മാറിയിരിക്കുകയാണ് നമ്മുടെ കേരളം (Periodic Labour Force Survey released by the National Statistical Office). വലിയ വിദ്യാഭ്യാസ യോഗ്യതയുണ്ടായിട്ടും തൊഴില്‍ മേഖലയില്‍ സ്വീകാര്യര്‍ അല്ലാതാകുന്നവരാണ് തൊഴിലില്ലായ്മ നേരിടുന്ന യുവജന സമൂഹത്തില്‍ ബഹുഭൂരിപക്ഷവും. നേടിയ വിദ്യാഭ്യാസത്തിന്റെ, വിദ്യാഭ്യാസം നേടുന്ന രീതിയുടെ, ചില പോരായ്മകളാണ് വലിയ വിദ്യാഭ്യാസ യോഗ്യതയുണ്ടായിട്ടും യുവാക്കള്‍ തൊഴില്‍ മേഖലയില്‍ സ്വീകാര്യരല്ലാതാകുന്നതിന് പിന്നിലുള്ള കാരണം. സ്വന്തം അഭിരുചി കണ്ടെത്തി പരിപോഷിപ്പിച്ച് ആ മേഖലയില്‍ വൈദഗ്ധ്യം നേടുന്നതിനുള്ള അവസരങ്ങളില്ല. പ്രാഥമിക വിദ്യാഭ്യാസത്തോടൊപ്പം തന്നെ സ്വന്തം സ്‌കില്ലുകള്‍ വികസിപ്പിച്ചെടുക്കുന്നതിന് നമ്മുടെ അക്കാദമിക് രംഗത്ത് ചില കൂട്ടിച്ചേര്‍ക്കലുകള്‍ അനിവാര്യമാണ്.

Brain Drain: ജോലി തേടി പാലായനം ചെയ്യുന്ന യുവത

ടാലന്‍റുള്ള ഉദ്യോഗാര്‍ത്ഥികളില്‍ ഭൂരിഭാഗവും അവരിലെ പ്രതിഭ ആവശ്യപ്പെടുന്ന തരത്തിലുള്ള തൊഴില്‍ തേടി അന്യദേശങ്ങളിലേക്ക് പാലായനം ചെയ്യുകയാണ്. കൂടുതല്‍ മൂല്യമുള്ള കറന്‍സിയില്‍ കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന, ധാരാളം തൊഴിലവസരങ്ങളുള്ള നാടുകളിലേക്കാണ് കേരളീയ യുവത്വം കുടിയേറുന്നത്. മാന്യമായ വേതനവും അന്തസ്സും ഉറപ്പുവരുത്തുന്ന തൊഴില്‍ നല്‍കാന്‍ കഴിയുന്ന, യൂനികോണ്‍ കമ്പനികള്‍ കേരളത്തില്‍ വളര്‍ന്നുവരുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുന്നതോടെ ഈ അവസ്ഥക്ക് പരിഹാരമാവുമെന്നത് വ്യക്തമാണ്.

Upgrade the campus through Technology & Innovation Hub

ടെക്നോളജി & ഇന്നവേഷന്‍ ഹബ് ഒരുക്കി, കേരളത്തിലെ ക്യാംപസുകളെ അപ്‌ഗ്രേഡ് ചെയ്യുക എന്നത് മാത്രമാണ് ഇതിനെല്ലാം പരിഹാരം. ടെക്നോളജിയുടെ ഏറ്റവും നൂതനമായ സാധ്യതകളെ ഉപയോഗപ്പെടുത്തി ഇന്‍ഡസ്ട്രി ആവശ്യപ്പെടുന്ന തരത്തിലുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തി, തൊഴിലില്ലായ്മ പരിഹരിച്ച് സമഗ്ര മേഖലകളിലും സമൂലമായ പരിവര്‍ത്തനത്തിന് വഴിയൊരുക്കുന്നൊരു മാതൃക ഈ ഹബ്ബിലൂടെ പകര്‍ത്തിയെടുക്കാന്‍ കഴിയും.

ടെക്നോളജി ഇന്നവേഷന്‍, സംരംഭക സൗഹൃദ സംസ്‌കാരം, റിസേര്‍ച്ച് തുടങ്ങി ബിസിനസുകള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും വളരുന്നതിന് അങ്ങേയറ്റം പിന്തുണ നല്‍കുന്നതുമായ ആവാസ വ്യവസ്ഥ ഈ ഹബ്ബുകള്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ നിലവില്‍ വരും. സിലിക്കണ്‍ വാലിയിലെ, ഇത്തരത്തിലുള്ള ആവാസ വ്യവസ്ഥയുടെ തണലിലാണ് ഫെയ്സ്ബുക്കും ആമസോണും ആപ്പിളും ഗൂഗിളും ഉള്‍പ്പടെ വളര്‍ന്നത്.

ടെക്നോളജി & ഇന്നവേഷന്‍ ഹബ്ബ് ആയി മാറുന്ന, സാമൂഹിക പരിവര്‍ത്തനത്തിന് വഴിയൊരുക്കുന്ന ഗവേഷണങ്ങള്‍ നടക്കുന്ന, അതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും എക്‌സ്‌പേര്‍ട്ടുകളുടെ സേവനവും ലഭ്യമാകുന്ന മോഡലാണ് കേരളത്തിലെ കാമ്പസുകളിലേക്ക് പകര്‍ത്തേണ്ടത്. കാമ്പസുകളെ ടെക്നോളജി & ഇന്നവേഷനിലൂടെ അപ്‌ഗ്രേഡ് ചെയ്യുന്നതിലൂടെ ടെക്‌നോളജിയിലുള്‍പ്പടെ ടാലന്‍റുള്ള ഒരു സമൂഹത്തെ കൂടി വാര്‍ത്തെടുക്കാനും സാധിക്കുന്നു. ഇങ്ങനെയുള്ള കാര്യങ്ങള്‍ സാധ്യമാക്കുകയാണ് ടാല്‍റോപിന്റെ സഹായത്തോടെ റിപ്പോര്‍ട്ടര്‍ ടിവി സംഘടിപ്പിക്കുന്ന കോണ്‍ക്ലേവിന്റെ ലക്ഷ്യം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com