ന്യൂനപക്ഷ സീറ്റ് പ്രവേശനത്തിനുളള അഭിമുഖം; സെന്റ് സ്റ്റീഫൻസ് കോളേജിന് ഡൽഹി ഹൈക്കോടതിയുടെ അനുമതി

ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ അധ്യക്ഷനായ ബെഞ്ചാണ് സെന്റ് സ്റ്റീഫൻസ് കോളേജിനും ജീസസ് ആൻഡ് മേരി കോളേജിനും സംവരണം ചെയ്ത സീറ്റുകളിലേക്ക് അഭിമുഖം നടത്താൻ അനുമതി നൽകിയത്
ന്യൂനപക്ഷ സീറ്റ് പ്രവേശനത്തിനുളള അഭിമുഖം; സെന്റ് സ്റ്റീഫൻസ് കോളേജിന് ഡൽഹി ഹൈക്കോടതിയുടെ അനുമതി

ന്യൂഡൽഹി: ന്യൂനപക്ഷ സംവരണ ക്വാട്ടയിൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുന്നതിന് അഭിമുഖം നടത്താൻ സെന്റ് സ്റ്റീഫൻസ് കോളേജിന് ഡൽഹി ഹൈക്കോടതി അനുമതി നൽകി. ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ അധ്യക്ഷനായ ബെഞ്ചാണ് സെന്റ് സ്റ്റീഫൻസ് കോളേജിനും ജീസസ് ആൻഡ് മേരി കോളേജിനും ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർത്ഥികൾക്കായി സംവരണം ചെയ്ത സീറ്റുകളിലേക്ക് അഭിമുഖം നടത്താൻ അനുമതി നൽകിയത്.

ന്യൂനപക്ഷ ക്വാട്ടയിലേക്കുള്ള പ്രവേശനത്തിന് സിയുഇടി 2023 സ്‌കോറിന് 100 ശതമാനം വെയിറ്റേജ് വേണമെന്ന ഡൽഹി യൂണിവേഴ്‌സിറ്റി (DU) എക്‌സിക്യൂട്ടീവ് കൗൺസിലിന്റെ തീരുമാനം സ്റ്റേ ചെയ്യാനുള്ള കോളേജുകളുടെ അപേക്ഷയിലാണ് കോടതിയുടെ ഉത്തരവ്. സെന്റ് സ്റ്റീഫൻസ് കോളേജിൽ ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള ഇന്റർവ്യൂവിനെതിരെ ഷാരോൺ ആൻ ജോർജ്ജ് എന്ന വ്യക്തി നൽകിയ ഹർജിയിലും കോടതി ഉത്തരവ് പുറപ്പെടുവിച്ചു.

ന്യൂനപക്ഷ വിദ്യാർത്ഥികളുടെ പ്രവേശനം ഡിയുവിന് എത്രത്തോളം നിയന്ത്രിക്കാനാകുമെന്നതിൽ നേരത്തെ ചർച്ച ചെയ്തിട്ടുണ്ടെന്നും ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് 15 ശതമാനം വെയിറ്റേജോടെ ഇന്റർവ്യൂ നടത്താൻ സെന്റ് സ്റ്റീഫന്‌സിന് അവകാശമുണ്ടെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ ന്യൂനപക്ഷ വിഭാഗത്തിൽപ്പെടാത്ത വിദ്യാർത്ഥികൾക്ക് ഇത് ബാധകമല്ലെന്നും കോടതി പറഞ്ഞു.

ഹർജിക്കാരായ കോളേജുകൾക്ക് വേണ്ടി മുതിർന്ന അഭിഭാഷകരായ എ മരിയാർപുത്തം, റോമി ചാക്കോ എന്നിവർ ഹാജരായി. ഹർജിക്കാരിയായ ഷാരോൺ ആൻ ജോർജിന് വേണ്ടി മുതിർന്ന അഭിഭാഷകൻ അരുൺ ഭരദ്വാജാണ് ഹാജരായത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com