നിർമിത ബുദ്ധി മനുഷ്യന് വെല്ലുവിളി മാത്രമല്ല തൊഴിൽ അവസരം കൂടിയാണ്; എങ്ങനെയെന്നറിയാമോ

നിർമിത ബുദ്ധി മനുഷ്യന് വെല്ലുവിളി മാത്രമല്ല തൊഴിൽ അവസരം കൂടിയാണ്; എങ്ങനെയെന്നറിയാമോ

ഒരുപാട് പേരുടെ തൊഴിൽ നഷ്ടപ്പെടുന്നതിനൊപ്പം നിരവധി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും

ചാറ്റ് ജിപിടി അവതരിച്ചത് മുതൽ ഇങ്ങോട്ട് മനുഷ്യരുടെ പണി പോകുമോ എന്ന ചർച്ചയിലാണ് ലോകം. പിന്നീട് ഗൂഗിൾ ബാർഡ് അവതരിപ്പിച്ചപ്പോഴും ചർച്ച ചൂട് പിടിച്ചു. നിർമിത ബുദ്ധി, മനുഷ്യൻമാർക്ക് പകരക്കാരനായ വാർത്തകൾ ലോകത്തിൻ്റെ ഒറ്റപ്പെട്ട ഭാഗങ്ങളിൽ നിന്ന് വന്നതോടെ ആശങ്കകൾ വർദ്ധിച്ചു. മനുഷ്യബുദ്ധിക്കുമേൽ നിർമ്മിതബുദ്ധി ആധിപത്യം സ്ഥാപിക്കുമെന്ന ഭീതിയാണ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ തലതൊട്ടപ്പൻ എന്നറിയപ്പെടുന്ന ജഫ്രി ഹിൻ്റണെ ഗൂഗിളിൽ നിന്ന് രാജി വെച്ച് നിർമിത ബുദ്ധിക്കെതിരെ തിരിയാൻ പ്രേരിപ്പിച്ചത്.

നിർമ്മിത ബുദ്ധിയുടെ വരവോടെ സാങ്കേതിക വിദ്യ അതിന്റെ നിർണ്ണായക ദിശയിലെത്തുകയും പല മേഖലകളെയും ബാധിക്കുകയും ചെയ്തു. നിർമിത ബുദ്ധി ജോലി എളുപ്പമാക്കുകയാണോ കളയുകയാണോ എന്ന കാര്യത്തിൽ ഇപ്പോഴും ധാരണയായിട്ടില്ല. ഇതിൻ്റെ സാമൂഹിക പ്രതിഫലനം ഏത് തരത്തിലാണെന്ന് വ്യക്തമാകാൻ ഇനിയും സമയമെടുക്കുമെന്നാണ് അടുത്ത് നടന്ന പഠനങ്ങൾ വ്യക്തമാക്കുന്നത്. മൈക്രോസോഫ്റ്റിലെ ജീവനക്കാരിൽ നാലിൽ മൂന്ന് പേരും നിർമിത ബുദ്ധിയെ തൊഴിൽ എളുപ്പമാക്കുന്നതിനാണ് ഉപയോഗിക്കുന്നതെന്ന് മൈക്രോസോഫ്റ്റിന്റെ വർക്ക് ട്രെൻഡ് ഇൻഡക്സ് 2023 ൽ പറയുന്നു.

ജനറേറ്റീവ് എഐ ടൂളുകളുടെ വ്യാപനം പല മേഖലകളിലും പ്രവർത്തിക്കുന്നവരുടെ തൊഴിൽ കളയാൻ സാധ്യതയുണ്ടെന്നാണ് അഭ്യൂഹം. മറ്റൊരു പ്രധാന പ്രശ്നമായി പറയപ്പെടുന്നത് നിർമിത ബുദ്ധി വരുന്നതോടെ അറിവിന്റെ പരമാധികാരം കോർപ്പറേറ്റുകളിലേക്ക് കേന്ദ്രീകരിക്കപ്പെടും എന്നതാണ്. അറിവുകൾ മുഴുവനും കോർപ്പറേറ്റുകൾ നിയന്ത്രിക്കപ്പെടുന്ന സാഹചര്യത്തിൽ, ഇന്ന് സൗജന്യമായി ലഭിക്കുന്നതെല്ലാം പെയ്ഡ് ആയി മാറാൻ സാധ്യതയുണ്ട്. സാങ്കേതികവിദ്യയിലെ മുഴുവൻ മാറ്റങ്ങളും, നിലനിൽക്കുന്ന തൊഴിൽ രീതികളെ ബാധിക്കുന്നവയാണ്.

തൊഴിൽ രീതികളിൽ കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ടുവരുന്ന താെഴിലാളികൾക്ക് പണിയില്ലാതാകുമെന്ന ഭയം വേണ്ടെന്നാണ് വിദഗ്ദാഭിപ്രായം. ഒരുപാട് പേരുടെ തൊഴിൽ നഷ്ടപ്പെടുന്നതിനൊപ്പം നിരവധി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും. പുതിയ തരം തൊഴിലുകൾക്ക് ആളുകളെ പ്രാപ്തരാക്കുന്ന പണി സർക്കാരുകൾ ചെയ്യേണ്ടതാണ്. പഠിച്ചു കഴിഞ്ഞ് ജോലി കിട്ടിയാൽ പിന്നെ ഒന്നും പഠിക്കേണ്ടതില്ല എന്ന മനോനിലയ്ക്ക് മാറ്റം വരേണ്ടതുണ്ട്. കാലഘട്ടത്തിനനുസരിച്ച് മാറ്റങ്ങളെ ഉൾക്കൊണ്ട് മുന്നോട്ട് പോവാൻ, ജോലി കിട്ടിയതിന് ശേഷവും ശ്രദ്ധിക്കണം എന്നാണ് നിലവിലെ സ്ഥിതി വ്യക്തമാക്കുന്നത്.

നിർമിത ബുദ്ധി തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുമെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ മുമ്പ് അഭിപ്രായപ്പെട്ടിരുന്നു. ടെക് ഭീമൻമാർക്ക് നിർമിത ബുദ്ധിയുമായി ബന്ധപ്പെട്ട കഴിവുകൾ ഉള്ളവരെ ധാരാളമായി ആവശ്യം വരും. കേവലം പ്രോഗ്രാമിംഗ് മാത്രമല്ലാതെ‌ പ്രാവീണ്യമുള്ള, കാര്യക്ഷമമായി നിർമിതബുദ്ധി ഉപയോഗിക്കുന്നവർക്ക് ജോലി സാധ്യത വർദ്ധിക്കുന്നു. ഏതാക്കെ വിഭാഗത്തിലേക്കാണ് ജോലി സാധ്യതയുള്ളതെന്ന് നോക്കാം.

മെഷീൻ ലേണിംഗ്

‌കമ്പ്യൂട്ടറുകൾ അവയ്ക്ക് ലഭിക്കുന്ന വിവരങ്ങളിലെ പ്രത്യേകതകളും പാറ്റേണുകളും മനസ്സിലാക്കുന്നതും പ്രവചനങ്ങൾ നടത്തുന്നതും ഈ സാങ്കേതികവിദ്യ ഉപയോഗിച്ചാണ്.

ഡീപ് ലേണിംഗ്

ചിത്രങ്ങളും സംസാരങ്ങളുമൊക്കെ തിരിച്ചറിയാൻ ഉപയോഗിക്കുന്ന സാങ്കേതികതയയായ ഡീപ് ലേണിംഗ് മെഷീൻ ലേണിംഗിൻ്റെ ഉപവിഭാഗമാണ്.

പ്രോഗ്രാമിംഗ്

ജാവ, പൈത്തൺ പ്രോഗ്രാാമർമാരെ കാത്തിരിക്കുന്നത് നിരവധി അവസരങ്ങളാണ്

ഡേറ്റ ബേസ് മോ‍ഡലിംഗ്

ഡേറ്റ മാനേജ്മെൻ്റും സംഭരണവുമെല്ലാം നിർമിത ബുദ്ധിയെ സംബന്ധിച്ച് നിർണായകമാണ്. ഡേറ്റ പ്രൊസസിംഗ്, മാനേജ്മെൻ് എന്നിവയിൽ വൈദഗ്ദ്യമുള്ളവരെ തൊഴിൽ അവസരങ്ങൾ കാത്തിരിക്കുന്നുണ്ട്.

നിർമിത ബുദ്ധിയിൽ പ്രശ്നപരിഹാരം നടത്തുന്നവർക്കും നിരവധി അസരങ്ങളുണ്ട്. ഓരോ വിഭാഗത്തിലുമുള്ള പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കുന്നത് ഈ മേഖലയിലെ പ്രധാന ജോലിയാണ്. ഇത്തരത്തിൽ നിരവധി വിഭാഗങ്ങളിലേക്കായി ഒരുപാട് തൊഴിൽ അവസരങ്ങളും നിർമ്മിത ബുദ്ധി സൃഷ്ടിക്കുന്നുണ്ട്. ഓരോ പുതിയ മേഖല വരുമ്പോഴും അതിലെ അവസരങ്ങളും സാധ്യതകളും പ്രയോജനപ്പെടുത്തുന്നവർക്ക് തൊഴിൽ പോകുമെന്ന ഭയം വേണ്ടെന്ന് ചുരുക്കം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com