ലഖ്‌നൗവിനെ പറപ്പിച്ച് പന്തും പിള്ളേരും; കോളടിച്ചത് സഞ്ജുവിന്‍റെ രാജസ്ഥാന്

ലഖ്‌നൗവിനെ പറപ്പിച്ച് പന്തും പിള്ളേരും; കോളടിച്ചത് സഞ്ജുവിന്‍റെ രാജസ്ഥാന്

ലഖ്‌നൗവിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പ്ലേ ഓഫ് ഉറപ്പിച്ച് രാജസ്ഥാന്‍ റോയല്‍സ്. നിർണായക മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ ഡല്‍ഹി ക്യാപിറ്റല്‍സ് വീഴ്ത്തിയതോടെയാണ് സഞ്ജുവും സംഘവും പ്ലേ ഓഫ് ഉറപ്പിച്ചത്. ലഖ്‌നൗവിനെ 19 റണ്‍സിനാണ് റിഷഭ് പന്തും കൂട്ടരും തകര്‍ത്തെറിഞ്ഞത്.

ക്യാപിറ്റല്‍സ് ഉയര്‍ത്തിയ 209 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്‌നൗവിന് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് മാത്രമാണ് നേടാനായത്. വിജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കാന്‍ ക്യാപിറ്റല്‍സിന് സാധിച്ചു. എന്നാല്‍ ലഖ്‌നൗവിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിച്ചു. ലഖ്‌നൗവിന്‍റെ പരാജയം റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനും പ്രതീക്ഷ നല്‍കിയിട്ടുണ്ട്.

12 മത്സരങ്ങളിൽ 16 പോയിന്റുള്ള രാജസ്ഥാൻ രണ്ടു മത്സരങ്ങൾ ബാക്കി നിൽക്കെയാണ് പ്ലേ ഓഫ് ഉറപ്പിച്ചത്. ലീ​ഗ് ഘട്ടത്തിലെ മുഴുവൻ മത്സരങ്ങളും പൂർത്തിയായ ഡൽഹി 14 പോയിന്റുമായി അഞ്ചാമതാണ്. താരതമ്യേന കുറഞ്ഞ റൺറേറ്റുള്ള ഡൽഹിക്ക് മറ്റു ടീമുകളുടെ മത്സരഗതിയെ ആശ്രയിച്ചായിരിക്കും മുന്നോട്ടുപോകാനാകുക. അതേസമയം 13 മത്സരം പൂര്‍ത്തിയാക്കിയ ലഖ്‌നൗ 12 പോയിന്റുമായി ഏഴാമതാണ്.

ന്യൂഡല്‍ഹിയില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ക്യാപിറ്റല്‍സ് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് 208 റണ്‍സ് അടിച്ചുകൂട്ടിയത്. അര്‍ദ്ധ സെഞ്ച്വറി നേടിയ അഭിഷേക് പോറെലിന്റെയും (58) ട്രിസ്റ്റണ്‍ സ്റ്റബ്സിന്റെയും (57*) തകര്‍പ്പന്‍ ഇന്നിങ്സാണ് ഡല്‍ഹിക്ക് കരുത്തായത്. ലഖ്നൗവിന് വേണ്ടി നവീന്‍ ഉള്‍ ഹഖ് രണ്ട് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങില്‍ ലഖ്‌നൗവിന്റെ പോരാട്ടം 19 റണ്‍സകലെ അവസാനിച്ചു. 27 പന്തില്‍ നാല് സിക്‌സും ആറ് ഫോറുമുള്‍പ്പെടെ 61 റണ്‍സെടുത്ത നിക്കോളാസ് പൂരന്റെയും എട്ടാമനായി ഇറങ്ങി അര്‍ധസെഞ്ച്വറി നേടിയ അര്‍ഷദ് ഖാന്റെയും (33 പന്തില്‍ 58) ചെറുത്തു നില്‍പ്പ് ലഖ്‌നൗവിനെ വിജയത്തിലെത്തിച്ചില്ല. ഡല്‍ഹിക്ക് വേണ്ടി ഇഷാന്ത് ശര്‍മ മൂന്ന് വിക്കറ്റ് നേടി.

logo
Reporter Live
www.reporterlive.com