എന്തുകൊണ്ട് ചെയ്തു? ബിസിസിഐയോട് ചോദ്യവുമായി ആരാധകർ

കഴിഞ്ഞ 17 വർഷമായി ഞങ്ങൾ കൂടെയുണ്ടെന്ന് ആരാധകർ.
എന്തുകൊണ്ട് ചെയ്തു? ബിസിസിഐയോട് ചോദ്യവുമായി ആരാധകർ

ഓസ്ട്രേലിയയിലെ ​ഗാബ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ അന്നൊരു ദിവസം. ബോർഡർ ​ഗാവസ്കർ ട്രോഫിയുടെ വിധി നിർണയിക്കുന്ന മത്സരം. അവസാന മണിക്കൂറുകളിലേക്ക് മത്സരം നീങ്ങുകയാണ്. ഇന്ത്യൻ ക്രിക്കറ്റിന്റെ പ്രതീക്ഷകളുടെ ഭാരം മുഴുവൻ ചുമലിലേറ്റി ഒരാൾ പോരാടുന്നുണ്ട്. മൂന്ന് ഓവറും മൂന്ന് വിക്കറ്റും ബാക്കിയാക്കി ഇന്ത്യ വിജയത്തിലേക്കെത്തി.

കമന്ററി ബോക്സിൽ നിന്നും പറഞ്ഞു- 'ഇന്ത്യ ഇൻക്രഡിബിൾ. റിഷഭ് പന്ത് ഈസ് ദ സ്റ്റാർ. ഇന്ത്യൻ വിൻ ദ ടെസ്റ്റ് ആന്റ് ദ സീരിസ്. ആന്റ് വിൻ ദ ഹാർട്സ് ആന്റ് ദ മൈൻഡ്സ് ഓഫ് ക്രിക്കറ്റ് ഫാൻസ് ഓൾ എറൗണ്ട് ദ വേൾഡ്'.

അന്ന് മുതൽ ആ ഇടം കയ്യൻ ബാറ്ററെ ഏറെ ഇഷ്ടമാണ്. അയാൾ ക്രീസിലുള്ളത് ആത്മവിശ്വാസമാണ്. വ്യത്യസ്തമായ ആ ഷോട്ടുകൾ കാണാൻ‍ എന്നും കാത്തിരിക്കും. അയാൾക്ക് അപകടം ഉണ്ടായപ്പോൾ ഏറെ വിഷമിച്ചു. ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് അതിലേറെ സന്തോഷിക്കുന്നു. ആ പഴയ റിഷഭ് പന്തിനെ തിരിച്ചുകിട്ടിയിരിക്കുന്നു.

ഇന്ത്യൻ ക്രിക്കറ്റിൽ ടീമിൽ റിഷഭ് പന്തിനെ വേണോ? അതോ മലയാളി താരം സഞ്ജു സാംസണെ വേണോ? ഓരോ ക്രിക്കറ്റ് ആരാധകനും ഒരുപോലെ പറയും. ഞങ്ങൾക്ക് രണ്ട് പേരെയും വേണം. രണ്ട് പേരുടെ കഴിവിലും ‍ഞങ്ങൾക്ക് വിശ്വാസമുണ്ട്. പക്ഷേ അതിന് വേണ്ടി ബിസിസിഐ യാതൊരു ശ്രമങ്ങളും നടത്തേണ്ടതില്ല.

ഐപിഎല്ലിൽ രാജസ്ഥാനും ഡൽഹിയും നേർക്കുനേർ വരുന്നതിനായി ഞങ്ങൾ കാത്തിരുന്നു. ഫ്രെസർ മക്​ഗർ​ഗിനെയും അഭിഷേക് പോറലിനെയും ട്രിസ്റ്റൺ സ്റ്റബ്സിനെയും ഞങ്ങൾ ഒരുപോലെ ആസ്വദിച്ചു. സീസണിൽ ആദ്യമായി രവിചന്ദ്രൻ അശ്വിന്റെ മാന്ത്രിക സ്പിൻ ‍‍ഞങ്ങൾ കണ്ടിരുന്നു. സഞ്ജു സാംസണിന്റെ വെടിക്കെട്ട് ഏറെ സന്തോഷമേകി. പക്ഷേ ക്രിക്കറ്റ് പ്രേമികളുടെ മുഖത്തടിക്കുന്നതായിരുന്നു ആ തീരുമാനം.

മുകേഷ് കുമാറിന്റെ പന്തിൽ സഞ്ജുവിന്റെ ഷോട്ട് ബൗണ്ടറി ലൈനിൽ ഷായി ഹോപ്പ് പിടികൂടി. ബൗണ്ടറി ലൈനിൽ ടച്ച് ഉണ്ടോയെന്ന് സംശയം ജനിപ്പിക്കുന്ന ക്യാച്ച്. ഒറ്റ നോട്ടത്തിൽ അത് ബൗണ്ടറിയിൽ ടച്ച് ചെയ്തതായി കാണാം. പിന്നാലെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങളിൽ സഞ്ജു ഔട്ടെന്ന് ചിലർ തീർപ്പാക്കി. എന്നാൽ അത് പറയേണ്ടത് സമൂഹമാധ്യമങ്ങളിലെ ആരാധകർ അല്ല. ഇത്രമേൽ മികച്ച സാങ്കേതിക വിദ്യയുള്ള ഇന്ത്യൻ ക്രിക്കറ്റ് തന്നെയാണ്.

എന്തിനുവേണ്ടിയാണ് അത്ര തിടുക്കപ്പെട്ട് ഒരു തീരുമാനമെടുനത്തത്? അനാവശ്യമായി അധികൃതർ വിവാദം വിളിച്ചുവരുത്തിയതല്ലേ? ആ ഒരൊറ്റ വിക്കറ്റ് മത്സരത്തിന്റെ വിധി നിർണയിച്ചു. അത് ഔട്ടോ നോട്ടൗട്ടോ ആകട്ടെ. ഇനിയും ക്രിക്കറ്റ് ലോകത്തെ ഇങ്ങനെ വിഡ്ഢികളാക്കരുത്. കാരണം കഴിഞ്ഞ 17 വർഷമായി ഞങ്ങൾ കൂടെയുണ്ട്. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് ഉത്സവമാണ് ഐപിഎൽ. അതിന് കാരണക്കാർ ‍ഞങ്ങളാണ്. ലോകമെങ്ങുമുള്ള ഇന്ത്യൻ ക്രിക്കറ്റിന്റെ ആരാധകർ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com