'റിങ്കുവിന്‍റെ തെറ്റല്ല'; ലോകകപ്പ് ടീമില്‍ താരത്തെ തഴഞ്ഞതില്‍ വിശദീകരണവുമായി ബിസിസിഐ

സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രതികരണം
'റിങ്കുവിന്‍റെ തെറ്റല്ല'; ലോകകപ്പ് ടീമില്‍ താരത്തെ തഴഞ്ഞതില്‍ വിശദീകരണവുമായി ബിസിസിഐ

മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ യുവതാരം റിങ്കു സിങ്ങിനെ ഉള്‍പ്പെടുത്താത്തതില്‍ വിശദീകരണവുമായി ബിസിസിഐ. ടീമിന്റെ റിസര്‍വ് നിരയിലാണ് റിങ്കുവിന് സ്ഥാനം ലഭിച്ചത്. ടീമില്‍ താരത്തെ തഴഞ്ഞതില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനൊടുവിലാണ് വിഷയത്തില്‍ ബിസിസിഐ മൗനം വെടിഞ്ഞത്. ഇന്ത്യയുടെ ടി20 ലോകകപ്പ് ടീം തെരഞ്ഞെടുപ്പിനെക്കുറിച്ച് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രതികരണം.

'ഒരുപക്ഷേ ഞങ്ങള്‍ക്ക് ചെയ്യേണ്ടിവന്നതില്‍ ഏറ്റവും കഠിനമായ കാര്യമായിരുന്നു റിങ്കു സിങ്ങിനെ ടീമില്‍ ഉള്‍പ്പെടുത്താതിരിക്കുക എന്നത്. റിങ്കുവും ശുഭ്മാന്‍ ഗില്ലും ഒരു തെറ്റും ചെയ്തിട്ടില്ല. കോമ്പിനേഷനുകളുടെ ഭാഗമായാണ് ഈ നീക്കം. രോഹിത്തിന് കൂടുതല്‍ ഓപ്ഷനുകള്‍ നല്‍കുന്നതിന് വേണ്ടി രണ്ട് സ്പിന്നര്‍മാരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്', അജിത് അഗാര്‍ക്കര്‍ വ്യക്തമാക്കി.

'റിങ്കുവിന് സ്ഥാനം നഷ്ടമായത് ശരിക്കും നിര്‍ഭാഗ്യകരമാണ്. റിങ്കു റിസര്‍വ് ടീമിലുണ്ട്. ആദ്യ 15ല്‍ ഉള്‍പ്പെടുന്നതില്‍ അവന്‍ എത്രത്തോളം അടുത്തെത്തിയെന്ന് ഇതില്‍ നിന്ന് മനസ്സിലാകും. എല്ലാത്തിനും അവസാനം നിങ്ങള്‍ക്ക് 15 പേരെ മാത്രമേ ടീമില്‍ തിരഞ്ഞെടുക്കാനാകൂ'. അഗാര്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com