സഞ്ജുവിന് വീണ്ടും നിരാശ?; ലോകകപ്പ് ടീമില്‍ സ്ഥാനമുറപ്പിച്ചത് മറ്റ് രണ്ട് താരങ്ങളെന്ന് റിപ്പോര്‍ട്ട്

ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല
സഞ്ജുവിന് വീണ്ടും നിരാശ?; ലോകകപ്പ് ടീമില്‍ സ്ഥാനമുറപ്പിച്ചത് മറ്റ് രണ്ട് താരങ്ങളെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ പ്രകടനമാണ് മലയാളി താരവും രാജസ്ഥാന്‍ റോയല്‍സ് താരവുമായ സഞ്ജു സാംസണ്‍ കാഴ്ച വെക്കുന്നത്. ടൂര്‍ണമെന്റിലെ എട്ട് മത്സരങ്ങളില്‍ ഏഴിലും വിജയിച്ച് 14 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്. ക്യാപ്റ്റനായും താരമായും മികച്ച പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. ഈ മിന്നും പ്രകടനത്തിനിടയിലും വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജു സാംസണെ കാത്തിരിക്കുന്നത് നിരാശയെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍.

വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണെ പരിഗണിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകകപ്പിന് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ആരാവുമെന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സഞ്ജുവിനെ കൂടാതെ റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, ദിനേശ് കാര്‍ത്തിക് എന്നിവരെയാണ് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ഇപ്പോള്‍ സഞ്ജു സാംസണ് സ്ഥാനമില്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

ബിസിസിഐ പ്രഖ്യാപിക്കാനിരിക്കുന്ന 15 അംഗ ടീമിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് സഞ്ജുവിന് പകരം റിഷഭ് പന്തും കെ എല്‍ രാഹുലും സ്ഥാനമുറപ്പിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും ന്യൂഡല്‍ഹിയില്‍ വെച്ച് നടത്തിയ ചര്‍ച്ചയിലാണ് താരങ്ങളുടെ ലോകകപ്പ് സാധ്യതകള്‍ വിലയിരുത്തിയത്. ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല.

വാഹനാപകടത്തിന് ശേഷം ഐപിഎല്ലിലൂടെ കളിക്കളത്തില്‍ തിരിച്ചെത്തിയ റിഷഭ് പന്തിന്റെ മിന്നും ഫോമാണ് സഞ്ജുവിന്റെ വഴിയടച്ചത്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ക്യാപ്റ്റനായ റിഷഭ് പന്തും മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ അവസാന ഓവറില്‍ തകര്‍ത്തടിച്ച് 88 റണ്‍സ് നേടിയ പന്ത് ഡല്‍ഹിയെ വിജയത്തിലേക്ക് നയിച്ചിരുന്നു. ഇതോടെ പന്ത് ഇന്ത്യന്‍ ടീമിന്റെ ഒന്നാം നമ്പര്‍ കീപ്പറായും ഫിനിഷറായും ഏറെക്കുറെ സ്ഥാനമുറപ്പിച്ചെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം ബാക്ക് അപ്പ് കീപ്പറായി ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ് ക്യാപ്റ്റന്‍ രാഹുലിനാണ് നറുക്ക് വീണത്.

ഇന്ത്യയുടെ ടി20 ലോകകപ്പിനുള്ള ടീമിനെ തിരഞ്ഞെടുക്കാനുള്ള യോഗം 28ന് ന്യൂഡല്‍ഹിയില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും കൂടിക്കാഴ്ചയില്‍ പങ്കെടുക്കുമെന്നാണ് വിവരം. ടീമിനെയും ഔദ്യോഗികമായി അന്നുതന്നെ പ്രഖ്യാപിച്ചേക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com