ഡല്‍ഹിയില്‍ പന്തിന്‍റെ ബാറ്റിങ് ക്ലാസ്, അക്സറിനും ഫിഫ്റ്റി; ഗുജറാത്തിന് മുന്നില്‍ റണ്‍മല

ഗുജറാത്തിന് വേണ്ടി മലയാളി താരം സന്ദീപ് വാര്യര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി തിളങ്ങി
ഡല്‍ഹിയില്‍ പന്തിന്‍റെ ബാറ്റിങ് ക്ലാസ്, അക്സറിനും ഫിഫ്റ്റി; ഗുജറാത്തിന് മുന്നില്‍ റണ്‍മല

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഗുജറാത്ത് ടൈറ്റന്‍സിന് മുന്നില്‍ 225 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഡല്‍ഹി ക്യാപിറ്റല്‍സ്. ആദ്യ ബാറ്റുചെയ്ത ഡല്‍ഹി നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സ് നേടി. ക്യാപ്റ്റന്‍ റിഷഭ് പന്തിന്‍റെ (88) തകര്‍പ്പന്‍ പ്രകടനമാണ് ഡല്‍ഹിക്ക് കരുത്തുനല്‍കിയത്. അക്‌സര്‍ പട്ടേലും (66) അര്‍ദ്ധ സെഞ്ച്വറി നേടി. ഗുജറാത്തിന് വേണ്ടി മലയാളി താരം സന്ദീപ് വാര്യര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി തിളങ്ങി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണിങ് വിക്കറ്റില്‍ 35 റണ്‍സ് അടിച്ചെടുക്കാന്‍ പൃഥ്വി ഷായ്ക്കും ജെയ്ക്ക് ഫ്രേസറിനും സാധിച്ചു. എന്നാല്‍ നാലാം ഓവറില്‍ ഫ്രേസറിനെ (11) വീഴ്ത്തി മലയാളി താരം സന്ദീപ് വാര്യര്‍ ഗുജറാത്തിന് ബ്രേക്ക് ത്രൂ നല്‍കി. അതേ ഓവറില്‍ തന്നെ പൃഥ്വി ഷായെ (11) പുറത്താക്കി സന്ദീപ് ഡല്‍ഹിക്ക് ഇരട്ട പ്രഹരമേല്‍പ്പിച്ചു.

നാലാമനായി ഇറങ്ങിയ ഷായ് ഹോപ്പും സന്ദീപ് വാര്യര്‍ക്ക് മുന്നില്‍ മുട്ടുകുത്തി. ആറാം ഓവറില്‍ ഹോപ്പിനെ (5) സന്ദീപ് റാഷിദ് ഖാന്റെ കൈകളിലെത്തിച്ചതോടെ പവര്‍പ്ലേയില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 44 റണ്‍സെന്ന നിലയിലേക്ക് ഡല്‍ഹി വീണു. എന്നാല്‍ പിന്നീട് ക്രീസിലൊരുമിച്ച ക്യാപ്റ്റന്‍ റിഷഭ് പന്ത്- അക്‌സര്‍ പട്ടേല്‍ സഖ്യം തകര്‍ത്തടിച്ചതോടെ ഡല്‍ഹിയുടെ സ്‌കോര്‍ കുതിച്ചു.

ഇതിനിടെ അക്‌സര്‍ അര്‍ദ്ധ സെഞ്ച്വറി നേടി. 37 പന്തിലാണ് താരം അര്‍ദ്ധ സെഞ്ച്വറിയിലെത്തിയത്. 17-ാം ഓവറിലെ അവസാനത്തെ പന്തില്‍ അക്‌സറിന് മടങ്ങേണ്ടി വന്നു. 43 പന്തില്‍ നാല് സിക്‌സും അഞ്ച് ബൗണ്ടറിയുമടക്കം 66 റണ്‍സെടുത്ത അക്‌സര്‍ നൂര്‍ അഹമ്മദിന്റെ പന്തില്‍ സായ് കിഷോറിന് ക്യാച്ച് നല്‍കി മടങ്ങി. സ്‌കോര്‍ 150 കടത്തിയാണ് താരം പവിലിയനിലെത്തിയത്. പന്തിനൊപ്പം സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ അക്‌സറിന് സാധിച്ചു.

പിന്നാലെ ക്രീസിലെത്തിയ ട്രിസ്റ്റണ്‍ സ്റ്റബ്‌സും ക്യാപ്റ്റന്‍ പന്തിന് മികച്ച പിന്തുണ നല്‍കി. 43 പന്തില്‍ നിന്ന് 88 റണ്‍സെടുത്ത റിഷഭ് പന്തും ഏഴ് പന്തില്‍ 26 റണ്‍സെടുത്ത സ്റ്റബ്‌സും പുറത്താകാതെ നിന്നതോടെ ഡല്‍ഹി 224 റണ്‍സെന്ന കൂറ്റന്‍ സ്‌കോറിലെത്തി. എട്ട് സിക്‌സും അഞ്ച് ബൗണ്ടറിയുമായി പന്ത് തിളങ്ങിയപ്പോള്‍ രണ്ട് സിക്‌സും ഏഴ് ബൗണ്ടറിയുമാണ് സ്റ്റബ്‌സിന്‍റെ ബാറ്റില്‍ നിന്ന് പിറന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com