'പവർപ്ലേ ഘട്ടത്തിൽ ബൗള്‍ ചെയ്യാൻ ആഗ്രഹം'; ടീമിലെ റോളിനെക്കുറിച്ച് ഹാർദ്ദിക്കിനെ ഓർമ്മിപ്പിച്ച് ബുംറ?

പഞ്ചാബിനെതിരെ മുംബൈ 9 റണ്‍സിന് ജയിച്ച മത്സരത്തിലെ സമ്മാനദാന ചടങ്ങിനിടെയായിരുന്നു ബുംറയുടെ പ്രതികരണം
'പവർപ്ലേ ഘട്ടത്തിൽ ബൗള്‍ ചെയ്യാൻ ആഗ്രഹം'; ടീമിലെ റോളിനെക്കുറിച്ച് ഹാർദ്ദിക്കിനെ ഓർമ്മിപ്പിച്ച് ബുംറ?

പന്തിന് തിളക്കമുണ്ടായിരിക്കുകയും കൂടുതല്‍ സ്വിങ്ങ് ലഭിക്കുകയും ചെയ്യുന്ന പവര്‍പ്ലേ ഘട്ടത്തില്‍ ബൗള്‍ ചെയ്യാനാണ് ആഗ്രഹമെന്ന് ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ. ടീമില്‍ തന്റെ റോള്‍ എന്തായിരിക്കണമെന്ന് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ ഓര്‍മ്മിപ്പിക്കുകയാണ് ഇതിലൂടെ ബുംറ ചെയ്തതെന്ന വാദമാണ് ഉയരുന്നത്. പഞ്ചാബിനെതിരെ മുംബൈ 9 റണ്‍സിന് ജയിച്ച മത്സരത്തിലെ സമ്മാനദാന ചടങ്ങിനിടെയായിരുന്നു ബുംറയുടെ പ്രതികരണം. മത്സരത്തില്‍ നാല് ഓവറില്‍ 21 റണ്‍സ് വിട്ടുകൊടുത്ത് ബുംറ മൂന്ന് വിക്കറ്റ് നേടിയിരുന്നു. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും ബുംറയായിരുന്നു.

മുംബൈ ടീമില്‍ നിലവില്‍ ബുംറയെ പവര്‍പ്ലേ ഓവറുകളില്‍ ആ നിലയില്‍ ഹാര്‍ദ്ദിക് ഉപയോഗിക്കുന്നില്ല. പവര്‍പ്ലേ ഓവറുകളില്‍ ബുംറയെക്കാള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ, ജെറാള്‍ഡ് കൊറ്റ്സി, ആകാശ് മധ്വാള്‍ എന്നിവരെയാണ് മുംബൈ കൂടുതല്‍ ഉപയോഗിച്ചത്. പഞ്ചാബിനെതിരായ കഴിഞ്ഞ കളിയില്‍ രണ്ടാമത്തെയും നാലാമത്തെയും ഓവറില്‍ ബൗള്‍ ചെയ്യാന്‍ ബുംറയ്ക്ക് അവസരം ലഭിച്ചിരുന്നു.

പഞ്ചാബിനെതിരായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന്റെ മുന്‍നിരയിലെ രണ്ട് വിക്കറ്റ് തുടക്കത്തില്‍ തന്നെ ബുംറെ സ്വന്തമാക്കിയിരുന്നു. പിന്നീട് ശശാങ്ക് സിങ്ങും അശുതോഷ് ശര്‍മ്മയും മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി പഞ്ചാബിനെ വിജയവഴിയിലേയ്ക്ക് നയിക്കുമ്പോള്‍ ശശാങ്ക് സിങ്ങിനെ മടക്കി ബുംറെയാണ് മുംബൈയ്ക്ക് ബ്രേക്ക് നല്‍കിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com