ധോണി ഇറങ്ങിയതും പൊട്ടിത്തെറിച്ച് 'ഏകാന'; കേള്‍വി ശക്തി നഷ്ടപ്പെട്ടേക്കാമെന്ന് ഡി കോക്കിന്റെ ഭാര്യ

മൊയീന്‍ അലി പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ ചെന്നൈയുടെ മുന്‍ നായകന്‍ ഒന്‍പത് പന്തില്‍ 28 റണ്‍സെടുത്ത് പുറത്താകാതെ നിന്നു
ധോണി ഇറങ്ങിയതും പൊട്ടിത്തെറിച്ച് 'ഏകാന'; കേള്‍വി ശക്തി നഷ്ടപ്പെട്ടേക്കാമെന്ന് ഡി കോക്കിന്റെ ഭാര്യ

ലഖ്‌നൗ: ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഓരോ മത്സരവും തെളിയിക്കുന്നത് ആരാധകര്‍ക്ക് തല ധോണിയോടുള്ള സ്‌നേഹവും ആവേശവുമാണ്. ധോണി ബാറ്റിങ്ങിനിറങ്ങിയാല്‍ തന്നെ സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞിരിക്കുന്ന മഞ്ഞക്കുപ്പായക്കാരൊന്നാകെ ആര്‍ത്തിരമ്പും. അതിന് ചെന്നൈയുടെ ചെപ്പോക്കെന്നോ എവേ സ്റ്റേഡിയങ്ങളെന്നോ വ്യത്യാസവുമില്ല. മത്സരം തോല്‍ക്കുമ്പോഴും ധോണി ക്രീസിലുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ ഓരോ റണ്‍സും സ്റ്റേഡിയത്തിലെ ആരാധകര്‍ ആഘോഷിക്കുന്ന സംഭവവും ഉണ്ടായിട്ടുണ്ട്.

ലഖ്‌നൗവിനെതിരായ മത്സരത്തിലും ധോണിയുടെ വരവ് പതിവുപോലെ തന്നെ ആരാധകര്‍ ആഘോഷമാക്കി. ലഖ്‌നൗവിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ബാറ്റുകൊണ്ട് വെടിക്കെട്ട് പ്രകടനമാണ് ധോണി കാഴ്ച വെച്ചത്. 18-ാം ഓവറില്‍ മൊയീന്‍ അലി പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ ചെന്നൈയുടെ മുന്‍ നായകന്‍ ഒന്‍പത് പന്തില്‍ 28 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ധോണി ക്രീസിലെത്തിയപ്പോള്‍ 'മിനി ചെന്നൈ' എന്ന് ലഖ്‌നൗ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ തന്നെ വിശേഷിപ്പിച്ച ഏകാന സ്റ്റേഡിയത്തിലുയര്‍ന്നത് സാക്ഷാല്‍ തൃശൂര്‍ പൂരത്തെ വെല്ലുന്ന ശബ്ദമായിരുന്നു.

ധോണിയുടെ വരവ് സ്‌റ്റേഡിയത്തിലുണ്ടാക്കിയ ശബ്ദം തന്നെ വിസ്മയിപ്പിച്ചെന്നാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരം ക്വിന്റണ്‍ ഡി കോക്കിന്റെ ഭാര്യ സാഷ പറഞ്ഞത്. സ്റ്റേഡിയത്തിലെ ആരാധകരുടെ ആര്‍പ്പുവിളികളുടെ ശബ്ദതീവ്രത തന്റെ സ്മാര്‍ട്ട് വാച്ചില്‍ രേഖപ്പെടുത്തിയതിന്റെ ചിത്രം സാഷ പങ്കുവെക്കുകയും ചെയ്തു. 'നിലവിലെ അന്തരീക്ഷത്തിലെ ശബ്ദത്തിന്റെ തീവ്രത 95 ഡെസിബെല്‍ വരെയെത്തി. പത്ത് മിനിറ്റില്‍ ഇതേ ശബ്ദം ശ്രവിച്ചാല്‍ നിങ്ങളുടെ കേള്‍വി ശക്തി വരെ നഷ്ടമായേക്കാം', എന്നാണ് സ്മാര്‍ട്ട് വാച്ചില്‍ മുന്നറിയിപ്പ് നല്‍കിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com