ക്രീസിൽ തലയ്ക്ക് അഞ്ച് മിനുട്ട് മതി; സിക്സറിൽ നാല് പുതിയ റെക്കോർഡുകൾ

അഞ്ച് മിനുട്ടേ ക്രീസിൽ ഉണ്ടായിരുന്നുള്ളുവെങ്കിലും നിരവധി പുതിയ റെക്കോർഡുകൾ എഴുതിച്ചേർത്താണ് ധോണി മടങ്ങിയത്.
ക്രീസിൽ തലയ്ക്ക് അഞ്ച് മിനുട്ട് മതി; സിക്സറിൽ നാല് പുതിയ റെക്കോർഡുകൾ

മുംബൈ : മുംബൈക്കെതിരെ ഇന്നലെ നടന്ന മത്സരത്തിൽ പുതിയ ചരിത്രം കുറിച്ച് ചെന്നൈ സൂപ്പർ കിങ്സിന്റെ സൂപ്പർ താരം മഹേന്ദ്ര സിങ് ധോണി. അഞ്ച് മിനുട്ടേ ക്രീസിൽ ഉണ്ടായിരുന്നുള്ളുവെങ്കിലും നിരവധി പുതിയ റെക്കോഡുകൾ എഴുതിച്ചേർത്താണ് ധോണി മടങ്ങിയത്.

"ഐപിഎൽ ചരിത്രത്തിൽ ഒരിന്നിങ്സിൽ നേരിടുന്ന ആദ്യ മൂന്നു പന്തുകളും സിക്സറിന് പറത്തുന്ന ആദ്യ ഇന്ത്യൻ താരം, ഓവറോൾ രണ്ടാമൻ". ഇതിനോടപ്പം മറ്റൊരു പ്രധാന റെക്കോർഡും ധോണി സ്വന്തം പേരിലാക്കി. ഇത് ഏഴാം തവണയാണ് ഇരുപതാം ഓവറിൽ ധോണി ഇരുപത് റൺസിന് മുകളിൽ നേടുന്നത്. ഇരുപതാം ഓവറിൽ മൂന്ന് തവണ മാത്രമാണ് മറ്റ് താരങ്ങൾക്ക് ഐപിഎൽ മത്സരത്തിൽ ഇരുപത് റൺസ് മറികടക്കാനായത്.

ഇരുപതാം ഓവറിൽ രണ്ടോ അതിലധികമോ സിക്സറുകൾ ഏറ്റവും കൂടുതൽ തവണ നേടുന്നതും ധോണിയാണ്. 17 തവണയാണ് ധോണി ഈ നേട്ടം കൈവരിച്ചത്. ഈ ലിസ്റ്റിൽ രണ്ടാമതുള്ള താരം നേടിയത് വെറും എട്ട് തവണ മാത്രമാണ്. ഇരുപതാം ഓവറുകളിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയതും ധോണിയാണ്. 64 സിക്സറുകളാണ് ഇരുപതാം ഓവറിൽ ധോണി ഇതുവരെ നേടിയത്. രണ്ടാമതുള്ള താരത്തിന്റെ സിക്സർ നേട്ടം 33 ആണ്. ഏകദേശം 31 സിക്സറുകളുടെ ലീഡ്.

ഇന്നലെ മുംബൈക്കെതിരെ അവസാന ഓവറിൽ ബാറ്റിങ്ങിറങ്ങിയ ധോണി നാല് പന്തുകൾ നേരിട്ടു. അതിൽ ആദ്യ മൂന്ന് പന്തുകളും സിക്സ് പറത്തി ഇതിഹാസ താരം വാങ്കഡെ സ്റ്റേഡിയത്തെ ആവേശത്തിലാഴ്ത്തി. മുംബൈ ഇന്ത്യൻസ് നായകൻ കൂടിയായ ഹാർദ്ദിക്ക് പാണ്ഡ്യയെയാണ് ധോണി പഞ്ഞിക്കിട്ടത്. ഡാരൽ മിച്ചൽ പുറത്തായതോടെയാണ് ധോണി ക്രീസിലെത്തിയത്. ഹാർദ്ദിക്ക് പാണ്ഡ്യയുടെ മൂന്നാം പന്ത് ലോങ് ഓഫിലേക്ക് പറത്തി ധോണി ആദ്യ സിക്സ് നേടി. നാലാം പന്ത് ലോങ് ഓണിലേക്കാണ് ധോണി അടിച്ചു പറത്തിയത്. അഞ്ചാം പന്തിൽ നിലതെറ്റിയ പാണ്ഡ്യയുടെ പന്ത് ലോ ഫുൾഡോസായി. ഇതിനെ സ്ക്വയർ ലെ​ഗിലേക്ക് അടിച്ചുപറത്തി ധോണി തന്റെ ഹാട്രിക് പൂർത്തിയാക്കി. ഇന്നിം​ഗ്സിന്റെ അവസാന പന്തിൽ രണ്ട് റൺസ് കൂടി ചെന്നൈ മുൻ നായകൻ കൂട്ടിച്ചേർത്തു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നാല് വിക്കറ്റ് നഷ്ടത്തിൽ 206 റൺസെടുത്തു. ധോണി നാല് പന്തുകളിൽ നിന്ന് 20 റൺസ് നേടി. ചെന്നൈ വിജയിച്ചതും ഈ മത്സരത്തിൽ 20 റൺസിനായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com