സീന്‍ മാറ്റിയ 'ബുംറ മാജിക്'; പൃഥ്വി ഷായെ ക്ലീന്‍ ബൗള്‍ഡാക്കിയ മരണ യോര്‍ക്കര്‍, വീഡിയോ

പൃഥ്വി ഷായ്ക്ക് പിന്നാലെ അഭിഷേക് പോറലിന്റെ വിക്കറ്റും ബുംറ വീഴ്ത്തി
സീന്‍ മാറ്റിയ 'ബുംറ മാജിക്'; പൃഥ്വി ഷായെ ക്ലീന്‍ ബൗള്‍ഡാക്കിയ മരണ യോര്‍ക്കര്‍, വീഡിയോ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 സീസണിലെ ആദ്യ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഹാര്‍ദ്ദിക് പാണ്ഡ്യ നയിക്കുന്ന മുംബൈ ഇന്ത്യന്‍സ്. 235 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി ക്യാപിറ്റല്‍സിന് തുടക്കം തന്നെ ഡേവിഡ് വാര്‍ണറെ (10) നഷ്ടമായെങ്കിലും ഓപ്പണര്‍ പൃഥ്വി ഷായുടെ ബാറ്റിങ്ങാണ് മുന്നോട്ട് നയിച്ചത്. അര്‍ദ്ധ സെഞ്ച്വറി നേടി പൃഥ്വി ഷാ മുന്നേറിയതോടെ ഡല്‍ഹി 100 കടന്നത് മുംബൈയ്ക്ക് തിരിച്ചടിയായി. എന്നാല്‍ 12-ാം ഓവര്‍ പന്തെറിയാന്‍ ജസ്പ്രീത് ബുംറയെന്ന വജ്രായുധത്തെ ഹാര്‍ദ്ദിക് ഇറക്കിയതാണ് മത്സരത്തിന്റെ ഗതി മാറ്റിയത്.

11.5 ഓവറില്‍ പൃഥ്വി ഷായെ ക്ലീന്‍ ബൗള്‍ഡാക്കി ജസ്പ്രീത് ബുറയാണ് മത്സരത്തിലെ നിര്‍ണായക വിക്കറ്റ് വീഴ്ത്തിയത്. 40 പന്തില്‍ 66 റണ്‍സെടുത്ത് നില്‍ക്കുന്ന പൃഥ്വി ഷായെ മരണ യോര്‍ക്കറിലൂടെ ബുമ്ര കൂടാരം കയറ്റി. കാലിനെ ലക്ഷ്യമാക്കിയെത്തിയ യോര്‍ക്കറില്‍ നിന്ന് ഒഴിഞ്ഞ് മാറാനുള്ള ശ്രമത്തില്‍ ഷായുടെ ലെഗ് സ്റ്റംപ് തന്നെ തകര്‍ന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഒലി പോപ്പിനെ ക്ലീന്‍ ബൗള്‍ഡാക്കിയ യോര്‍ക്കറിനോട് സമാനമായിരുന്നു പൃഥ്വി ഷായെ വീഴ്ത്തിയ യോര്‍ക്കറും. പൃഥ്വിക്ക് പിന്നാലെ അഭിഷേക് പോറലിന്റെയും വിക്കറ്റ് ബുംറ വീഴ്ത്തി.

ഡല്‍ഹിക്കെതിരെ നാല് വിക്കറ്റ് നേടി ജെറാള്‍ഡ് കോട്‌സിയാണ് മുന്നിലെങ്കിലും നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തി ബുംറയും മുംബൈയുടെ വിജയത്തില്‍ വലിയ പങ്ക് വഹിച്ചു. മുംബൈ ഉയര്‍ത്തിയ 235 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിയുടെ പോരാട്ടം നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സില്‍ അവസാനിച്ചു. ഇതോടെ മുംബൈ സീസണിലെ ആദ്യ വിജയം സ്വന്തമാക്കുകയും ചെയ്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com