വെടിക്കെട്ടിന് തുടക്കമിട്ട് ഹിറ്റ്മാന്‍, ഫിനിഷ് ചെയ്ത് ഷെപ്പേര്‍ഡ്; മുംബൈയ്ക്ക് കൂറ്റന്‍ സ്കോര്‍

49 റണ്‍സെടുത്ത രോഹിത് ശര്‍മ്മയാണ് മുംബൈയുടെ ടോപ് സ്‌കോറര്‍
വെടിക്കെട്ടിന് തുടക്കമിട്ട് ഹിറ്റ്മാന്‍, ഫിനിഷ് ചെയ്ത് ഷെപ്പേര്‍ഡ്; മുംബൈയ്ക്ക് കൂറ്റന്‍ സ്കോര്‍

മുംബൈ: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കൂറ്റന്‍ വിജയലക്ഷ്യമുയര്‍ത്തി മുംബൈ ഇന്ത്യന്‍സ്. വാങ്കഡെ സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സ് അടിച്ചെടുത്തു. 27 പന്തില്‍ നിന്ന് 49 റണ്‍സെടുത്ത രോഹിത് ശര്‍മ്മയാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. അവസാന ഓവറുകളില്‍ ടിം ഡേവിഡും റൊമേരിയോ ഷെപ്പേര്‍ഡും ചേര്‍ന്ന് നടത്തിയ കിടിലന്‍ ഫിനിഷും മുംബൈയെ മികച്ച സ്‌കോറിലെത്തിച്ചു. ഡല്‍ഹിക്ക് വേണ്ടി അക്‌സര്‍ പട്ടേല്‍, ആന്റിച്ച് നോര്‍ക്യ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

സ്വന്തം തട്ടകത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് വെടിക്കെട്ട് തുടക്കമാണ് ലഭിച്ചത്. ഓപ്പണിങ് വിക്കറ്റില്‍ 80 റണ്‍സ് അടിച്ചെടുക്കാന്‍ രോഹിത് ശര്‍മ്മ- ഇഷാന്‍ കിഷന്‍ സഖ്യത്തിന് സാധിച്ചു. ആക്രമിച്ച് കളിച്ച രോഹിത് ശര്‍മ്മ 27 പന്തില്‍ മൂന്ന് സിക്‌സും ആറ് ബൗണ്ടറിയും സഹിതം 49 റണ്‍സ് അടിച്ചുകൂട്ടിയ രോഹിത്തിനെ പുറത്താക്കി അക്‌സര്‍ പട്ടേലാണ് ഡല്‍ഹിക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. പരിക്ക് മാറി കളിക്കളത്തിലേക്ക് തിരിച്ചെത്തിയ സൂര്യകുമാര്‍ യാദവ് വണ്‍ഡൗണായി ഇറങ്ങിയെങ്കിലും റണ്‍സൊന്നുമെടുക്കാതെ ഡ്രസിങ് റൂമിലേക്ക് മടങ്ങി. ആന്റിച്ച് നോര്‍ക്യയ്ക്കായിരുന്നു വിക്കറ്റ്.

പിന്നീട് ഇഷാന്‍ കിഷന്‍ ആക്രമണത്തിന്റെ ചുമതല ഏറ്റെടുത്തു. 23 പന്തില്‍ രണ്ട് സിക്‌സും നാല് ബൗണ്ടറിയുമടക്കം 42 റണ്‍സെടുത്ത ഇഷാനെ അക്‌സര്‍ പട്ടേല്‍ സ്വന്തം പന്തില്‍ പിടികൂടുകയായിരുന്നു. മുംബൈ സ്‌കോര്‍ 110 കടത്തിയാണ് ഇഷാന്‍ മടങ്ങിയത്. ആറ് റണ്‍സ് മാത്രമെടുത്ത തിലക് വര്‍മ്മ നിരാശപ്പെടുത്തി. പിന്നീട് ക്രീസിലൊരുമിച്ച ടിം ഡേവിഡും ഹാര്‍ദ്ദിക് പാണ്ഡ്യയും ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് ഉയര്‍ത്തി മുംബൈയെ മുന്നോട്ട് നയിച്ചു.

ടിം ഡേവിഡ് ആക്രമിച്ചുകളിച്ചെങ്കിലും ക്യാപ്റ്റന്‍ ഹാര്‍ദ്ദിക്ക് ബൗണ്ടറി കണ്ടെത്താന്‍ ബുദ്ധിമുട്ടി. 33 പന്തില്‍ ഒരു സിക്‌സും മൂന്ന് ബൗണ്ടറിയുമടക്കം 39 റണ്‍സെടുത്ത ഹാര്‍ദ്ദിക്കിനെയും ആന്റിച്ച് നോര്‍ക്യ മടക്കി. എങ്കിലും ഏഴാമനായി എത്തിയ റൊമേരിയോ ഷെപ്പേര്‍ഡിനെ കൂട്ടുപിടിച്ച് ടിം ഡേവിഡ് മുംബൈയെ 200 കടത്തി. ആന്റിച്ച് നോര്‍ക്യ എറിഞ്ഞ അവസാന ഓവറില്‍ മാത്രം 32 റണ്‍സെടുത്ത ഷെപ്പേര്‍ഡിന്റെ ഫിനിഷില്‍ മുംബൈ 234 റണ്‍സ് നേടി. ഷെപ്പേര്‍ഡ് വെറും പത്ത് പന്തില്‍ നാല് സിക്‌സും മൂന്ന് ബൗണ്ടറിയുമടക്കം 39 റണ്‍സെടുത്തപ്പോള്‍ ടിം ഡേവിഡ് 21 പന്തില്‍ നിന്ന് 45 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com