ബട്‌ലറിന് 'നൂറില്‍ നൂറ്', ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി സഞ്ജു; റോയല്‍ പോരില്‍ രാജസ്ഥാന് വിജയം

ജോസ് ബട്‌ലറുടെ 100-ാം ഐപിഎല്‍ മത്സരമാണിത്
ബട്‌ലറിന് 'നൂറില്‍ നൂറ്', ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി സഞ്ജു; റോയല്‍ പോരില്‍ രാജസ്ഥാന് വിജയം

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ റോയല്‍ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് വിജയം. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തില്‍ ആറ് വിക്കറ്റുകളുടെ വിജയമാണ് സഞ്ജുവും സംഘവും സ്വന്തമാക്കിയത്. ആര്‍സിബി ഉയര്‍ത്തിയ 184 റണ്‍സ് വിജയലക്ഷ്യം അഞ്ച് പന്തുകള്‍ ബാക്കിനില്‍ക്കേ നാല് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് നേടി രാജസ്ഥാന്‍ മറികടന്നു.

ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി സഞ്ജു സാംസണും സെഞ്ച്വറിയോടെ വിജയത്തിലേക്ക് ഫിനിഷ് ചെയ്ത ജോസ് ബട്‌ലറുമാണ് റോയല്‍സിന് ത്രില്ലർ വിജയം സമ്മാനിച്ചത്. സഞ്ജു 69 റണ്‍സില്‍ പുറത്തായപ്പോള്‍ ബട്‌ലര്‍ 58 പന്തില്‍ 100 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. സിക്‌സോടെയാണ് ബട്‌ലര്‍ തകര്‍പ്പന്‍ സെഞ്ച്വറി തികച്ചത്. തന്റെ 100-ാം ഐപിഎല്‍ മത്സരത്തിലാണ് ബട്‌ലര്‍ ഈ മാച്ച് വിന്നിങ് പ്രകടനം കാഴ്ചവെച്ചത്.

നേരത്തെ സെഞ്ച്വറിയുമായി കിങ് കോഹ്ലി തേരോട്ടം നടത്തിയെങ്കിലും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ രാജസ്ഥാന്‍ റോയല്‍സ് 183 റണ്‍സിലൊതുക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ആര്‍സിബി നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 183 റണ്‍സെടുത്തത്. സൂപ്പര്‍ താരം വിരാട് കോഹ്ലിയുടെ സെഞ്ച്വറിയാണ് ആര്‍സിബി സ്‌കോറിന് കരുത്തായത്. 72 പന്തില്‍ നിന്ന് പുറത്താകാതെ 113 റണ്‍സെടുത്ത കോഹ്ലിയാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍.

ബട്‌ലറിന് 'നൂറില്‍ നൂറ്', ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി സഞ്ജു; റോയല്‍ പോരില്‍ രാജസ്ഥാന് വിജയം
ജയ്പൂരില്‍ 'രാജാവിന്റെ' തേരോട്ടം, സെഞ്ച്വറി; ആര്‍സിബിയെ 183 റണ്‍സില്‍ പിടിച്ചുകെട്ടി സഞ്ജുപ്പട

മറുപടി ബാറ്റിങ്ങില്‍ രണ്ടാം പന്തില്‍ തന്നെ ഓപ്പണര്‍ യശസ്വി ജയ്‌സ്‌വാളിനെ (0) രാജസ്ഥാന് നഷ്ടമായി. എന്നാല്‍ ഫോം തിരിച്ചുപിടിച്ചെത്തിയ ജോസ് ബട്‌ലര്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണിനൊപ്പം രാജസ്ഥാനെ 11-ാം ഓവറില്‍ 100 കടത്തി. ബട്‌ലര്‍ 33 പന്തിലും സഞ്ജു 33 പന്തിലും അര്‍ദ്ധ സെഞ്ച്വറി തികച്ചു. 15-ാം ഓവറില്‍ സഞ്ജുവിന് മടങ്ങേണ്ടിവന്നു. 42 പന്തില്‍ 69 റണ്‍സെടുത്ത സഞ്ജുവിനെ മുഹമ്മദ് സിറാജ് യഷ് ദയാലിന്റെ കൈകളിലെത്തിക്കുകയായിരുന്നു.

പിന്നാലെ ക്രീസിലെത്തിയ റിയാന്‍ പരാഗും (4) ധ്രുവ് ജുറേലും (2) അതിവേഗം മടങ്ങിയെങ്കിലും 20-ാം ഓവറിലെ ആദ്യ പന്തില്‍ സിക്‌സടിച്ച് സെഞ്ച്വറി പൂര്‍ത്തിയാക്കുകയും മത്സരം വിജയിപ്പിക്കുകയും ചെയ്തു. ഷിംറോണ്‍ ഹെറ്റ്‌മെയര്‍ 11 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ത്രില്ലര്‍ വിജയത്തോടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ മറികടന്ന് രാജസ്ഥാന്‍ പോയിന്റ് ടേബിളില്‍ ഒന്നാമതെത്തി. നാല് മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റാണ് സഞ്ജുവിന്റെയും സംഘത്തിന്റെയും സമ്പാദ്യം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com