പരാഗ് ഓണ്‍ ഫയര്‍; ക്യാപിറ്റല്‍സിന് മുന്നില്‍ മികച്ച വിജയലക്ഷ്യമുയര്‍ത്തി റോയല്‍സ്‌

പരാഗ് ഓണ്‍ ഫയര്‍; ക്യാപിറ്റല്‍സിന് മുന്നില്‍ മികച്ച വിജയലക്ഷ്യമുയര്‍ത്തി റോയല്‍സ്‌

അര്‍ദ്ധസെഞ്ച്വറി നേടിയ റിയാന്‍ പരാഗിന്റെ നിര്‍ണായക പ്രകടനമാണ് റോയല്‍സിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്

ജയ്പൂര്‍: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 186 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ്. ആദ്യം ബാറ്റുചെയ്ത റോയല്‍സ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സാണ് അടിച്ചുകൂട്ടിയത്. തുടക്കത്തില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട ടീമിനെ അര്‍ദ്ധസെഞ്ച്വറി നേടിയ റിയാന്‍ പരാഗിന്റെ നിര്‍ണായക പ്രകടനമാണ് പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. താരം 45 പന്തില്‍ പുറത്താകാതെ 84 റണ്‍സെടുത്തു.

14 ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സെന്ന നിലയിലായിരുന്ന രാജസ്ഥാനെ അവസാന ആറ് ഓവറുകളില്‍ പരാഗും ജുറേലും ഹെറ്റ്മയറും ചേര്‍ന്നാണ് 92 റണ്‍സ് നേടി മികച്ച സ്‌കോറിലേക്ക് നയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങേണ്ടി വന്ന റോയല്‍സിന് പവര്‍പ്ലേയ്ക്കുള്ളില്‍ തന്നെ ഓപ്പണര്‍ യശസ്വി ജയ്‌സ്‌വാളിനെയും (5) ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണെയും (15) നഷ്ടമായി. പിന്നാലെ ജോസ് ബട്ട്‌ലറും (11) കൂടാരം കയറി.

പിന്നീട് ക്രീസിലൊരുമിച്ച റിയാന്‍ പരാഗും രവിചന്ദ്രന്‍ അശ്വിനും രാജസ്ഥാനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റുകയായിരുന്നു. നാലാം വിക്കറ്റില്‍ 54 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയര്‍ത്തിയത്. ടീം സ്‌കോര്‍ 90 റണ്‍സിലെത്തിയതിന് പിന്നാലെ അശ്വിന് (29) മടങ്ങേണ്ടി വന്നു. പകരമിറങ്ങിയ ധ്രുവ് ജുറേലിനെ കൂട്ടുപിടിച്ച് പരാഗ് പോരാട്ടം തുടര്‍ന്നു. പരാഗിനൊപ്പം 52 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ജുറേല്‍ (20) മടങ്ങിയത്. തുടര്‍ന്നെത്തിയ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (14*) പരാഗിനൊപ്പം ചേര്‍ന്ന് സ്‌കോര്‍ 185ലെത്തിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com