സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തി ജയ്‌സ്‌വാളും രോഹിതും; ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ശക്തമായ നിലയില്‍

ഇംഗ്ലണ്ടിനെ 218 റണ്‍സിന് പുറത്താക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു
സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തി ജയ്‌സ്‌വാളും രോഹിതും; ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ശക്തമായ നിലയില്‍

ധര്‍മ്മശാല: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ ശക്തമായ നിലയില്‍. ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ടിനെ 218 റണ്‍സിന് കൂടാരം കയറ്റി ഒന്നാം ഇന്നിങ്‌സ് ആരംഭിച്ചിരിക്കുകയാണ് ഇന്ത്യ. ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. അര്‍ദ്ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും (52*) ശുഭ്മാന്‍ ഗില്ലുമാണ് (26*) ക്രീസില്‍.

ഓപ്പണര്‍ യശസ്വി ജയ്‌സ്‌വാളിന്റെ വിക്കറ്റ് മാത്രമാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുമായി സെഞ്ച്വറിക്കൂട്ടുകെട്ട് ഉയര്‍ത്തിയ ജയ്‌സ്‌വാളിനെ ശുഐബ് ബഷീര്‍ ബെന്‍ ഫോക്‌സിന്റെ കൈകളിലെത്തിച്ചു. 58 പന്തില്‍ നിന്ന് മൂന്ന് സിക്‌സും അഞ്ച് ബൗണ്ടറിയും സഹിതം 57 റണ്‍സെടുത്താണ് ജയ്‌സ്‌വാള്‍ പുറത്തായത്.

ഇന്ത്യന്‍ സ്കോര്‍ 104ല്‍ എത്തിച്ചാണ് ജയ്‌സ്‌വാള്‍ ഡ്രെസിങ് റൂമിലേക്ക് മടങ്ങിയത്. വണ്‍ ഡൗണായി ഇറങ്ങിയ ശുഭ്മാന്‍ ഗില്ലിനെ കൂട്ടുപിടിച്ച് ഹിറ്റ്മാന്‍ പോരാട്ടം തുടർന്നു. ഇതിനിടെ രോഹിത് അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. ആദ്യ ദിനം അവസാനിക്കുമ്പോള്‍ 83 പന്തില്‍ നിന്ന് 52 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റന്‍. രണ്ട് സിക്‌സും ആറ് ബൗണ്ടറിയുമാണ് ഇതുവരെ നായകന്റെ ബാറ്റില്‍ നിന്ന് പിറന്നത്. ഒപ്പം 39 പന്തില്‍ നിന്ന് രണ്ട് സിക്‌സും രണ്ട് ബൗണ്ടറിയുമടക്കം 26 റണ്‍സെടുത്ത ഗില്ലും ക്രീസിലുണ്ട്.

സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തി ജയ്‌സ്‌വാളും രോഹിതും; ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ശക്തമായ നിലയില്‍
സ്പിന്‍ കെണിയൊരുക്കി കുല്‍ദീപും അശ്വിനും; ഇംഗ്ലണ്ടിനെ 218ന് പുറത്താക്കി ഇന്ത്യ

ധര്‍മ്മശാലയില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ ആദ്യ ദിനം മൂന്നാം സെഷന്റെ തുടക്കത്തില്‍ തന്നെ 57.4 ഓവറില്‍ 218 റണ്‍സിന് എറിഞ്ഞിടാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും അശ്വിനും രവീന്ദ്ര ജഡേജയും ചേര്‍ന്നാണ് ഇംഗ്ലീഷ് പടയുടെ നട്ടെല്ലൊടിച്ചത്.

കുല്‍ദീപ് 72 റണ്‍സുകള്‍ വഴങ്ങി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ അശ്വിന്‍ 51 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റുകള്‍ വീഴ്ത്തി. അവശേഷിക്കുന്ന ഒരു വിക്കറ്റ് ജഡേജയും പിഴുതെറിഞ്ഞു. ഇന്ത്യന്‍ സ്പിന്‍ കെണിക്ക് മുന്നില്‍ ഓപ്പണര്‍ സാക് ക്രൗളി മാത്രമാണ് ഇംഗ്ലീഷ് പടയില്‍ പിടിച്ചുനിന്നത്. 108 പന്തില്‍ 79 റണ്‍സ് നേടിയ ക്രൗളിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.

Related Stories

No stories found.
logo
Reporter Live
www.reporterlive.com