മൂന്നാം ടെസ്റ്റില്‍ നിന്ന് പിന്മാറി അശ്വിന്‍; കുടുംബപരമായ ആത്യാവശ്യത്തിനായി ചെന്നൈയിലേക്ക് മടങ്ങി

രണ്ടാം ദിനമായ ഇന്ന് അശ്വിന്‍ 500 ടെസ്റ്റ് വിക്കറ്റെന്ന നാഴികക്കല്ല് പിന്നിട്ടിരുന്നു
മൂന്നാം ടെസ്റ്റില്‍ നിന്ന് പിന്മാറി അശ്വിന്‍; കുടുംബപരമായ ആത്യാവശ്യത്തിനായി ചെന്നൈയിലേക്ക് മടങ്ങി

രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരെ രാജ്‌കോട്ടില്‍ പുരോഗമിക്കുന്ന മൂന്നാം ടെസ്റ്റില്‍ നിന്നും പിന്മാറി ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍ രവിചന്ദ്രന്‍. കുടുംബപരമായ അത്യാവശ്യ കാരണങ്ങള്‍ കൊണ്ടാണ് താരം ടെസ്റ്റില്‍ നിന്ന് ഒഴിവായതെന്ന് ബിസിസിഐ അറിയിച്ചു. മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിവസം താരം ചെന്നൈയിലേക്ക് മടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.

'ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡും ടീമും അശ്വിനെ പൂര്‍ണമായും പിന്തുണയ്ക്കുന്നു. കളിക്കാരുടെയും അവരുടെ പ്രിയപ്പെട്ടവരുടെയും ആരോഗ്യവും ക്ഷേമവും വളരെ പ്രധാനപ്പെട്ടതാണ്. ഈ ബുദ്ധിമുട്ട് നിറഞ്ഞ സമയങ്ങളില്‍ അശ്വിന്റെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സ്വകാര്യതയെ മാനിക്കണമെന്ന് ബോര്‍ഡ് അഭ്യര്‍ത്ഥിക്കുന്നു', ബിസിസിഐ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

ഇംഗ്ലണ്ടിനെതിരായ മത്സരം മൂന്നാം ദിനത്തിലേക്ക് കടക്കുമ്പോള്‍ അശ്വിന്റെ ആഭാവം ടീം ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണ്. മൂന്നാം ടെസ്റ്റിന്‍റെ രണ്ടാം ദിനമായ ഇന്ന് അശ്വിന്‍ 500 ടെസ്റ്റ് വിക്കറ്റെന്ന നാഴികക്കല്ല് പിന്നിട്ടിരുന്നു. ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ സാക് ക്രൗളിയെ പുറത്താക്കിയാണ് അശ്വിന്‍ ചരിത്രനേട്ടം സ്വന്തമാക്കിയത്. 14-ാം ഓവറിലെ ആദ്യ പന്തില്‍ തന്നെ ക്രൗളിയെ രജത് പട്ടിദാറിന്റെ കൈകളിലെത്തിച്ചാണ് അശ്വിന്‍ ടെസ്റ്റില്‍ 500 വിക്കറ്റ് പൂര്‍ത്തിയാക്കിയത്.

മൂന്നാം ടെസ്റ്റിലെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സില്‍ 445 റണ്‍സിന് ഇന്ത്യ പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് തകര്‍ത്തടിച്ച് മുന്നേറുന്നതിനിടെയാണ് ക്രൗളിയെ പുറത്താക്കി അശ്വിന്‍ ഇന്ത്യയ്ക്ക് നിര്‍ണായക ബ്രേക്ക് ത്രൂ സമ്മാനിച്ചത്. 28 പന്തില്‍ രണ്ട് ബൗണ്ടറിയടക്കം 15 റണ്‍സെടുത്താണ് ക്രൗളി കൂടാരം കയറിയത്.

മൂന്നാം ടെസ്റ്റില്‍ നിന്ന് പിന്മാറി അശ്വിന്‍; കുടുംബപരമായ ആത്യാവശ്യത്തിനായി ചെന്നൈയിലേക്ക് മടങ്ങി
ഐതിഹാസികം ഈ 'അശ്വമേധം'; 500 വിക്കറ്റ് ക്ലബ്ബില്‍ അശ്വിന്‍; കുംബ്ലെയ്ക്ക് പിന്നിൽ രണ്ടാമൻ

രണ്ടാം ടെസ്റ്റ് അവസാനിക്കുമ്പോള്‍ 499 വിക്കറ്റുകളായിരുന്നു അശ്വിന്റെ സമ്പാദ്യം. ക്രൗളിയുടെ വിക്കറ്റ് തെറിപ്പിച്ചതോടെ അശ്വിന്‍ 500 വിക്കറ്റ് നേട്ടത്തിലെത്തി. ഇതിഹാസ താരം അനില്‍ കുംബ്ലെയ്ക്ക് ശേഷം 500 വിക്കറ്റ് ക്ലബ്ബിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് അശ്വിന്‍. ടെസ്റ്റ് ചരിത്രത്തില്‍ 500 വിക്കറ്റുകള്‍ വീഴ്ത്തുന്ന ഒന്‍പതാമത് ബൗളറും അഞ്ചാമത് സ്പിന്നറുമാണ് അശ്വിന്‍. മുത്തയ്യ മുരളീധരന്‍, ഷെയ്ന്‍ വോണ്‍, അനില്‍ കുംബ്ലെ, നഥാന്‍ ലിയോണ്‍ എന്നിവരാണ് അശ്വിന് മുന്‍പ് ഈ നേട്ടത്തിലെത്തിയ സ്പിന്നര്‍മാര്‍.

ഏറ്റവും വേഗം 500 വിക്കറ്റ് ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡും അശ്വിനെ തേടിയെത്തി. 2011ല്‍ ടെസ്റ്റില്‍ അരങ്ങേറിയ അശ്വിന്‍ 98-ാം മത്സരത്തിലാണ് 500 വിക്കറ്റ് സ്വന്തമാക്കിയത്. 87-ാം ടെസ്റ്റില്‍ 500 വിക്കറ്റ് നേട്ടത്തിലെത്തിയ ശ്രീലങ്കന്‍ മുന്‍ താരം മുത്തയ്യ മുരളീധരനാണ് ഈ റെക്കോര്‍ഡില്‍ ഒന്നാമന്‍. 105 ടെസ്റ്റില്‍ 500 വിക്കറ്റെടുത്ത അനില്‍ കുംബ്ലെയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് അശ്വിന്‍ രണ്ടാമതെത്തിയത്. ഷെയ്ന്‍ വോണ്‍ (108), ഗ്ലെന്‍ മക്ഗ്രാത്ത് (110) എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.

Related Stories

No stories found.
logo
Reporter Live
www.reporterlive.com