അരങ്ങേറ്റത്തില്‍ അര്‍ധസെഞ്ച്വറിയടിച്ച് സര്‍ഫറാസ്; രാജ്‌കോട്ടില്‍ വൈകാരിക നിമിഷങ്ങള്‍

66 പന്തില്‍നിന്നും 62 റണ്‍സെടുത്താണ് സര്‍ഫറാസ് പുറത്തായത്
അരങ്ങേറ്റത്തില്‍ അര്‍ധസെഞ്ച്വറിയടിച്ച് സര്‍ഫറാസ്; രാജ്‌കോട്ടില്‍ വൈകാരിക നിമിഷങ്ങള്‍

രാജ്‌കോട്ട്: ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കുന്ന സര്‍ഫറാസ് ഖാന് അര്‍ധസെഞ്ച്വറി. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ 48 പന്തുകളില്‍ നിന്നാണ് സര്‍ഫറാസ് 50 റണ്‍സെടുത്തത്. പിന്നാലെ ഇന്ത്യന്‍ സ്കോര്‍ 300 കടക്കുകയും ചെയ്തു. 66 പന്തില്‍നിന്നും 62 റണ്‍സെടുത്താണ് സര്‍ഫറാസ് പുറത്തായത്. താരത്തെ മാര്‍ക് വുഡ് റണ്ണൗട്ടാക്കുകയായിരുന്നു.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പുറത്തായതിന് പിന്നാലെ ആറാമനായാണ് താരം ക്രീസിലെത്തിയത്. രവീന്ദ്ര ജഡേജയ്‌ക്കൊപ്പം മികച്ച പിന്തുണ നല്‍കിയാണ് സര്‍ഫറാസ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്.

നീണ്ട കാത്തിരിപ്പിനൊടുവിലാണ് സര്‍ഫറാസ് ഖാന്‍ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചത്. രഞ്ജി ട്രോഫിയില്‍ വിസ്മയം തീര്‍ത്തിട്ടും 26കാരനായ താരത്തിനെ സെലക്ടര്‍മാര്‍ അവഗണിക്കുകയായിരുന്നു എന്ന് വിമർശനം ഉയർന്നിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ അപ്രതീക്ഷിതമായാണ് സര്‍ഫറാസിന് ഇന്ത്യന്‍ ടീമിലേക്കുള്ള വിളിയെത്തിയത്.

ദീര്‍ഘ കാലത്തെ സ്വപ്‌ന സാക്ഷാത്കാരത്തിന് മധുരവും കൂടുതലായിരുന്നു. അതുകൊണ്ട് തന്നെ വൈകാരികവും മനോഹരവുമായ നിമിഷങ്ങള്‍ക്കാണ് രാജ്‌കോട്ടിലെ നിരഞ്ജന്‍ ഷാ സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഇന്ത്യയുടെ മുന്‍ താരം അനില്‍ കുംബ്ലെയായിരുന്നു സര്‍ഫറാസിനെ ടെസ്റ്റ് ക്യാപ്പണിയിച്ചത്. ആ നിമിഷം കുറച്ചപ്പുറം നില്‍ക്കുകയായിരുന്ന സര്‍ഫറാസിന്റെ പിതാവ് നൗഷാദ് ഖാന് അഭിമാനവും സന്തോഷവും കൊണ്ട് കരച്ചിലടക്കാനായില്ല.

അനില്‍ കുംബ്ലെയില്‍ നിന്ന് ക്യാപ് സ്വീകരിച്ച ശേഷം പിതാവിന്റെ അടുത്തേക്ക് ഓടിയെത്തിയ സര്‍ഫറാസിനെ നൗഷാദ് അഭിമാനത്താല്‍ കെട്ടിപ്പിടിച്ചു. മകന്റെ കൈയില്‍ നിന്ന് ക്യാപ് വാങ്ങി ചുംബിച്ച പിതാവ് കരച്ചിലടക്കാന്‍ പാടുപെട്ടു. 'ക്രിക്കറ്റ് മാന്യന്മാരുടെയല്ല എല്ലാവരുടെയും ഗെയിമാണ്', എന്നെഴുതിയ ടീ ഷര്‍ട്ടണിഞ്ഞാണ് പിതാവ് നൗഷാദ് ഖാന്‍ മകന്റെ അരങ്ങേറ്റ മത്സരത്തിനെത്തിയത്. ഈ സന്ദേശം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയും ചെയ്തു.

ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ താരം ജഡേജയ്‌ക്കൊപ്പം ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തി. 48 പന്തുകളില്‍ നിന്നാണ് സര്‍ഫറാസ് അര്‍ധ സെഞ്ച്വറി തികച്ചത്. ഇതോടെ ടെസ്റ്റ് അരങ്ങേറ്റത്തില്‍ അതിവേഗം അര്‍ധ സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും സര്‍ഫറാസിനെ തേടിയെത്തിയിരുന്നു. തുടക്കം ഗംഭീരമായെങ്കിലും നിരാശപ്പെടുത്തിയായിരുന്നു സര്‍ഫറാസിന്റെ മടക്കം. 66 പന്തില്‍ 62 റണ്‍സെടുത്ത സര്‍ഫറാസ് ഒടുവില്‍ രവീന്ദ്ര ജഡേജയുമായുള്ള ധാരണപ്പിശകില്‍ റണ്ണൗട്ടാവുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com