വിശാഖപട്ടണം ടെസ്റ്റ്; ഇന്ത്യന്‍ വിജയത്തിലേക്ക് 9 വിക്കറ്റ് ദൂരം,ഇംഗ്ലണ്ടിന് വേണ്ടത് 332 റണ്‍സ്

രണ്ടാം ഇന്നിങ്‌സില്‍ 255 റണ്‍സെടുത്ത് ഇന്ത്യ പുറത്തായിരുന്നു
വിശാഖപട്ടണം ടെസ്റ്റ്; ഇന്ത്യന്‍ വിജയത്തിലേക്ക് 9 വിക്കറ്റ് ദൂരം,ഇംഗ്ലണ്ടിന് വേണ്ടത് 332 റണ്‍സ്

വിശാഖപട്ടണം: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് വിജയിക്കാന്‍ 332 റണ്‍സ് വേണം. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് മൂന്നാം ദിനം അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സെന്ന നിലയിലാണ്. 27 പന്തില്‍ 28 റണ്‍സെടുത്ത ബെന്‍ ഡക്കറ്റിനെയാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. രവിചന്ദ്രന്‍ അശ്വിനാണ് ഡക്കറ്റിന്റെ വിക്കറ്റ് വീഴ്ത്തിയത്. 29 റണ്‍സെടുത്ത് സാക് ക്രൗളി, ഒന്‍പത് റണ്‍സെടുത്ത് റെഹാന്‍ അഹമ്മദ് എന്നിവരാണ് ക്രീസില്‍.

ഇന്ത്യയുടെ 399 റണ്‍സ് ലീഡ് മറികടക്കാന്‍ രണ്ട് ദിവസവും ഒന്‍പത് വിക്കറ്റുമാണ് സന്ദര്‍ശകരുടെ മുന്നിലുള്ളത്. രണ്ടാം ഇന്നിങ്‌സില്‍ 255 റണ്‍സെടുത്ത് ഇന്ത്യ പുറത്തായിരുന്നു. യുവതാരം ശുഭ്മാന്‍ ഗില്ലിന്റെ തകര്‍പ്പന്‍ സെഞ്ച്വറിക്കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ ലീഡിലെത്തിയത്. മോശം ഫോമിന്റെ പേരില്‍ മുന്‍ താരങ്ങളുടെയടക്കം വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്ന ഗില്‍ ബാറ്റുകൊണ്ട് മറുപടി നല്‍കിയിരിക്കുകയാണ്. 147 പന്തുകള്‍ നേരിട്ട താരം 11 ബൗണ്ടറിയും രണ്ട് സിക്‌സും ഉള്‍പ്പടെ 104 റണ്‍സെടുത്തു. താരത്തിന്‍റെ മൂന്നാം ടെസ്റ്റ് സെഞ്ച്വറിയാണിത്.

മൂന്നാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ 29 എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയെ തുടരെ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി ജെയിംസ് ആന്‍ഡേഴ്‌സണ്‍ പ്രതിരോധത്തിലാക്കിയിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ (13) വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടപ്പെട്ടത്. പിന്നാലെ ആദ്യ ഇന്നിങ്‌സില്‍ ഇരട്ട സെഞ്ച്വറി നേടിയ യശസ്വി ജയ്‌സ്‌വാളും (17) പുറത്തായി.

പിന്നീട് ക്രീസിലൊരുമിച്ച ശുഭ്മാന്‍ ഗില്‍-ശ്രേയസ് അയ്യര്‍ സഖ്യം ഇന്ത്യന്‍ സ്‌കോര്‍ നൂറ് കടത്തി. എന്നാല്‍ ശ്രേയസിന് (29) അധികനേരം ക്രീസില്‍ പിടിച്ചുനില്‍ക്കാനായില്ല. തൊട്ടുപിന്നാലെ രജത് പട്ടിദാറും (9) അതിവേഗം മടങ്ങി. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഒരുമിച്ച ഗില്‍-അക്സര്‍ പട്ടേല്‍ സഖ്യം ക്രീസിലുറച്ചതോടെ 51.3 ഓവറില്‍ ഇന്ത്യ 200 പിന്നിട്ടു. സെഞ്ച്വറി തികച്ചതിന് പിന്നാലെ ഗില്ലിന് പോരാട്ടം അവസാനിപ്പിക്കേണ്ടി വന്നു. ശുഐബ് ബഷീറിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സിന് ക്യാച്ച് നല്‍കിയാണ് ഗില്‍ പുറത്തായത്.

വിശാഖപട്ടണം ടെസ്റ്റ്; ഇന്ത്യന്‍ വിജയത്തിലേക്ക് 9 വിക്കറ്റ് ദൂരം,ഇംഗ്ലണ്ടിന് വേണ്ടത് 332 റണ്‍സ്
ഒടുവില്‍ സെഞ്ച്വറിയടിച്ച് ഗില്ലിന്റെ മറുപടി; ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് കൂറ്റന്‍ ലീഡ്

ഗില്‍ മടങ്ങിയതിന് പിന്നാലെ ഇന്ത്യ കൂട്ടത്തകര്‍ച്ച നേരിട്ടു. മധ്യനിരയും വാലറ്റവും ചെറുത്തുനില്‍ക്കാന്‍ കഴിയാതെ മടങ്ങി. അക്സര്‍ പട്ടേലും (45) അശ്വിനുമാണ് (29) അല്‍പ്പമെങ്കിലും പൊരുതിയത്. ശ്രീകര്‍ ഭരത് (6), കുല്‍ദീപ് യാദവ് (0), ജസ്പ്രീത് ബുമ്ര (0), മുകേഷ് കുമാര്‍ (0*) എന്നിങ്ങനെയാണ് മറ്റു സ്‌കോറുകള്‍. ഇംഗ്ലണ്ടിന് വേണ്ടി ടോം ഹാര്‍ട്‌ലി നാല് വിക്കറ്റ് വീഴ്ത്തി. റെഹാന്‍ അഹമ്മദ് മൂന്നും ജെയിംസ് ആന്‍ഡേഴ്‌സണ്‍ രണ്ടും വീതം വിക്കറ്റുകള്‍ വീഴ്ത്തി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com