അണ്ടര്‍ 19 ലോകകപ്പ്; നേപ്പാളിനെയും കീഴടക്കി ഇന്ത്യ സെമിയില്‍

ആദ്യം ബാറ്റുചെയ്ത ഇന്ത്യ ക്യാപ്റ്റന്‍ ഉദയ് സഹ്‌റാന്റെയും സച്ചിന്‍ ദാസിന്റെയും സെഞ്ച്വറിക്കരുത്തിലാണ് മികച്ച സ്കോറിലെത്തിയത്
അണ്ടര്‍ 19 ലോകകപ്പ്; നേപ്പാളിനെയും കീഴടക്കി ഇന്ത്യ സെമിയില്‍

ജൊഹന്നാസ്ബര്‍ഗ്: അണ്ടര്‍ 19 ലോകകപ്പില്‍ തകര്‍പ്പന്‍ വിജയത്തോടെ ഇന്ത്യ സെമി ഫൈനലില്‍. സൂപ്പര്‍ സിക്‌സ് റൗണ്ടിലെ രണ്ടാം മത്സരത്തില്‍ നേപ്പാളിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ കൗമാരപ്പട സെമി ബെര്‍ത്ത് ഉറപ്പിച്ചത്. നേപ്പാളിനെതിരെ 132 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

ആദ്യം ബാറ്റുചെയ്ത ഇന്ത്യ ക്യാപ്റ്റന്‍ ഉദയ് സഹ്‌റാന്റെയും സച്ചിന്‍ ദാസിന്റെയും സെഞ്ച്വറിക്കരുത്തില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സെടുത്തു. എന്നാല്‍ ഇന്ത്യ ഉയര്‍ത്തിയ 298 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ നേപ്പാളിന്റെ മറുപടി 165 റണ്‍സില്‍ അവസാനിച്ചു. നാല് വിക്കറ്റുമായി തിളങ്ങിയ സൗമി കുമാര്‍ പാണ്ഡേയാണ് നേപ്പാളിന്റെ നട്ടെല്ലൊടിച്ചത്. തുടര്‍ച്ചയായ നാലാം മത്സരത്തിലാണ് സൗമി നാല് വിക്കറ്റ് വീഴ്ത്തുന്നത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ നേപ്പാള്‍ തുടക്കത്തില്‍ ചെറുത്തുനിന്നെങ്കിലും പിന്നീട് തകര്‍ന്നടിഞ്ഞു. രണ്ട് വിക്കറ്റിന് 71 എന്ന നിലയില്‍നിന്ന് 6 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ അവര്‍ക്ക് 5 വിക്കറ്റുകള്‍ നഷ്ടമായി. വാലറ്റത്തെ കൂട്ടുപിടിച്ച് ക്യാപ്റ്റന്‍ ദേവ് ഖനാല്‍ നടത്തിയ ചെറുത്തുനില്‍പ്പാണ് നേപ്പാള്‍ സ്‌കോര്‍ 100 കടത്തിയത്. നാലാമനായി ക്രീസിലെത്തി 33 റണ്‍സെടുത്ത നായകന്‍ ദേവ് ഖനാലാണ് നേപ്പാള്‍ നിരയിലെ ടോപ് സ്‌കോറര്‍.

ദര്‍ഗേഷ് ഗുപ്ത (29), അര്‍ജുന്‍ കുമാല്‍ (26), ദീപക് ബോഹറ (22), ആകാശ് ചന്ദ് (19) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്ന മറ്റു നേപ്പാള്‍ താരങ്ങള്‍. ഉത്തം താപ്പ മാഗര്‍ (8), ബിഷല്‍ ബിക്രം (1), ഗുല്‍സന്‍ ഝാ (1), ദീപക് ദുമ്രെ (0), ദീപേശ് കാന്‍ഡല്‍ (0), സുഭാഷ് ഭന്ദരി (5) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ഇന്ത്യക്കുവേണ്ടി സൗമി പാണ്ഡിയുടെ നാല് വിക്കറ്റുകള്‍ക്ക് പുറമേ അര്‍ഷിന്‍ കുല്‍ക്കര്‍ണി രണ്ടും രാജ് ലിംബാനി, ആരാധ്യ ശുക്ല, മുരുഗന്‍ അഭിഷേക് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

അണ്ടര്‍ 19 ലോകകപ്പ്; നേപ്പാളിനെയും കീഴടക്കി ഇന്ത്യ സെമിയില്‍
സച്ചിനും സഹ്‌റാനും സെഞ്ച്വറി; അണ്ടര്‍ 19 ലോകകപ്പില്‍ നേപ്പാളിനെതിരെ ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഉദയ് സഹ്‌റാന്‍ നേപ്പാളിനെ ഫീല്‍ഡിങ്ങിനയയ്ക്കുകയായിരുന്നു. ആ തീരുമാനം ശരിയായെന്ന് തെളിയിക്കുന്നതായിരുന്നു ഇന്ത്യയുടെ പ്രകടനം. സ്‌കോര്‍ ബോര്‍ഡില്‍ 62 റണ്‍സ് ഉള്ളപ്പോള്‍ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍മാരായ ആദര്‍ശ് സിങ് (21), അര്‍ഷിന്‍ കുല്‍ക്കര്‍ണി (18), വണ്‍ ഡൗണായി എത്തിയ പ്രിയാന്‍ഷു മോളിയ (19) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്.

പക്ഷേ പിന്നീട് ക്രീസിലൊരുമിച്ച നായകന്‍ സഹറാനും സച്ചിന്‍ ദാസും തകര്‍ത്തടിച്ചതോടെ ഇന്ത്യന്‍ സ്‌കോര്‍ കുതിച്ചു. 48-ാം ഓവറില്‍ 277 റണ്‍സ് നേടിയപ്പോഴാണ് പിന്നീട് വിക്കറ്റ് വീഴുന്നത്. സെഞ്ച്വറിയും കടന്ന് കുതിക്കുകയായിരുന്ന സച്ചിന്‍ ദാസിനെ പുറത്താക്കി ഗുല്‍സന്‍ ഝായാണ് നിര്‍ണായക കൂട്ടുകെട്ട് തകര്‍ത്തത്. 101 പന്തില്‍ 11 ബൗണ്ടറിയും മൂന്ന് സിക്‌സുമടക്കം 116 റണ്‍സെടുത്ത് ഇന്ത്യയുടെ ടോപ് സ്‌കോററായാണ് സച്ചിന്‍ മടങ്ങിയത്. സച്ചിന്‍ തന്നെയാണ് മത്സരത്തിലെ താരവും.

രണ്ട് ഓവറുകള്‍ക്ക് ശേഷം ഉദയ് സഹ്‌റാനെയും ഇന്ത്യയ്ക്ക് നഷ്ടമായി. സെഞ്ച്വറി നേടിയതിന് പിന്നാലെ സഹ്‌റാനെ ഗുല്‍സന്‍ ഝാ പിടികൂടുകയായിരുന്നു. 107 പന്തില്‍ ഒന്‍പത് ബൗണ്ടറികളടക്കം 100 റണ്‍സാണ് ഇന്ത്യന്‍ നായകന്റെ സമ്പാദ്യം. ന്യൂസിലന്‍ഡിനെതിരായ കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി നേടി ഇന്ത്യയുടെ വിജയശില്‍പ്പിയായ മുഷീര്‍ ഖാന്‍ ഒന്‍പത് റണ്‍സുമായി പുറത്താകാതെ നിന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com