അഭിമാന നിമിഷം; അര്‍ജുന അവാര്‍ഡ് ഏറ്റുവാങ്ങി മുഹമ്മദ് ഷമി

ഇത്തവണത്തെ അര്‍ജുന അവാര്‍ഡ് ലഭിച്ച ഏക ക്രിക്കറ്റ് താരമാണ് ഷമി
അഭിമാന നിമിഷം; അര്‍ജുന അവാര്‍ഡ് ഏറ്റുവാങ്ങി മുഹമ്മദ് ഷമി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് അര്‍ജുന അവാര്‍ഡ് ഏറ്റുവാങ്ങി. 2023 ഏകദിന ലോകകപ്പില്‍ കാഴ്ച വെച്ച തകര്‍പ്പന്‍ പ്രകടനമാണ് താരത്തെ അര്‍ജുന അവാര്‍ഡിന് അര്‍ഹനാക്കിയത്. ഇത്തവണത്തെ അര്‍ജുന അവാര്‍ഡ് ലഭിച്ച ഏക ക്രിക്കറ്റ് താരമാണ് ഷമി.

ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ഫൈനല്‍ വരെയെത്തിച്ചതില്‍ സുപ്രധാന പങ്ക് വഹിച്ച താരമാണ് ഷമി. കളിച്ച ഏഴ് മത്സരങ്ങളില്‍ നിന്ന് 24 വിക്കറ്റുകളാണ് 33കാരനായ ഷമി പിഴുതത്. ലോകകപ്പ് ടൂര്‍ണമെന്റിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനും ഷമിയായിരുന്നു. ഈ നിര്‍ണായക പ്രകടത്തെ തുടര്‍ന്നാണ് ബിസിസിഐ ഷമിയുടെ പേര് അര്‍ജുന അവാര്‍ഡിന് നിര്‍ദേശിച്ചത്.

രാജ്യത്തെ കായിക താരങ്ങള്‍ക്ക് നല്‍കുന്ന മികച്ച രണ്ടാമത്തെ പുരസ്‌കാരമാണ് അര്‍ജുന അവാര്‍ഡ്. മലയാളി താരം മുരളി ശ്രീശങ്കര്‍ അടക്കം 26 കായികതാരങ്ങളാണ് 2023 അര്‍ജുന അവാര്‍ഡിന് അര്‍ഹരായത്. മികച്ച പരിശീലകര്‍ക്ക് നല്‍കുന്ന ദ്രോണാചാര്യ പുരസ്‌കാരം അഞ്ച് പേര്‍ക്ക് ലഭിച്ചു. രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരം ബാഡ്മിന്റണ്‍ താരങ്ങളായ ചിരാഗ് ഷെട്ടിയും സാത്വിക് സായ്‌രാജും പങ്കിട്ടു. ഖേല്‍ രത്‌ന വിജയികള്‍ക്ക് 25 ലക്ഷം രൂപയും അര്‍ജുന ജേതാക്കള്‍ക്ക് 15 ലക്ഷം രൂപയുമാണ് ക്യാഷ് അവാര്‍ഡ് ലഭിക്കുക.

Related Stories

No stories found.
logo
Reporter Live
www.reporterlive.com