ഹെന്റിച്ച് ക്ലാസന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലേക്ക് ക്ലാസനെ പരിഗണിച്ചിരുന്നില്ല
ഹെന്റിച്ച് ക്ലാസന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയുടെ സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഹെന്റിച്ച് ക്ലാസന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. അപ്രതീക്ഷിതമായാണ് 32കാരനായ താരം ടെസ്റ്റ് കരിയറിന് വിരാമമിട്ടത്. ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച മധ്യനിര ബാറ്റര്‍മാരില്‍ ഒരാളായ ക്ലാസന്‍ അവസാന നാല് വര്‍ഷത്തിനിടെ നാല് ടെസ്റ്റുകള്‍ മാത്രമാണ് കളിച്ചത്. 2023 മാര്‍ച്ചില്‍ വിന്‍ഡീസിനെതിരായ ഹോം ടെസ്റ്റിലാണ് ക്ലാസന്‍ അവസാനമായി ടെസ്റ്റിന് ഇറങ്ങിയത്. അതേസമയം വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ ക്ലാസന്‍ ദക്ഷിണാഫ്രിക്കയെ പ്രതിനിധീകരിക്കുന്നത് തുടരും.

'കുറച്ച് ഉറക്കമില്ലാത്ത രാത്രികൾക്ക് ശേഷം ഞാൻ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചു. റെഡ് ബോൾ ക്രിക്കറ്റ് എനിക്ക് ഏറെ പ്രിയപ്പെട്ട ഫോർമാറ്റായതിനാൽ ഇത് വളരെ ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയെ പ്രതിനിധീകരിക്കാൻ സാധിച്ചതില്‍ ഞാൻ ഭാഗ്യവാനാണ്. അതൊരു മികച്ച യാത്രയായിരുന്നു. എന്റെ ടെസ്റ്റ് ക്യാപ്പാണ് എനിക്ക് ഏറ്റവും വിലയേറിയ തൊപ്പി', ഹെൻറിച്ച് ക്ലാസൻ പ്രസ്താവനയിലൂടെ പറഞ്ഞു.

അതേസമയം വിരമിക്കൽ തീരുമാനത്തിന് പിന്നിലെ കാരണം ക്ലാസൻ വ്യക്തമാക്കിയിട്ടില്ല. ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലേക്ക് ക്ലാസനെ പരിഗണിച്ചിരുന്നില്ല. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ കൈല്‍ വെറെയ്‌നെ ആയിരുന്നു ദക്ഷിണാഫ്രിക്ക വിക്കറ്റ് കീപ്പറായി എടുത്തത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com