സെഞ്ചുറിയനില്‍ ദക്ഷിണാഫ്രിക്കന്‍ പേസാക്രമണം; ഇന്ത്യയ്ക്ക് ഇന്നിങ്‌സ് തോല്‍വി

ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക മുന്നിലെത്തി.
സെഞ്ചുറിയനില്‍ ദക്ഷിണാഫ്രിക്കന്‍ പേസാക്രമണം; ഇന്ത്യയ്ക്ക് ഇന്നിങ്‌സ് തോല്‍വി

സെഞ്ചുറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഇന്നിങ്‌സ് തോല്‍വി. ഇന്നിങ്‌സിനും 32 റണ്‍സിനുമാണ് ഇന്ത്യ പരാജയം വഴങ്ങിയത്. 163 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് കടവുമായി മൂന്നാം ദിനം രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ ദക്ഷിണാഫ്രിക്ക 34.1 ഓവറില്‍ 131 റണ്‍സിന് എറിഞ്ഞിടുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ വിരാട് കോഹ്‌ലിക്ക് മാത്രമാണ് പിടിച്ചുനില്‍ക്കാനായത്. ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക മുന്നിലെത്തി. സ്കോര്‍: ഇന്ത്യ- 245,131, ദക്ഷിണാഫ്രിക്ക- 408.

രണ്ടാം ഇന്നിങ്‌സിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യയ്ക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ നഷ്ടമായി. ഹിറ്റ്മാനെ മൂന്നാം ഓവറില്‍ കഗിസോ റബാദ ഡക്കാക്കി മടക്കിയതോടെയാണ് ഇന്ത്യന്‍ ഇന്നിങ്‌സിന്റെ തകര്‍ച്ച ആരംഭിക്കുന്നത്. ആറാം ഓവറില്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്‌വാളിനും മടങ്ങേണ്ടി വന്നു. മൂന്നാം വിക്കറ്റില്‍ ഒരുമിച്ച ശുഭ്മാന്‍ ഗില്‍- വിരാട് കോഹ്‌ലി സഖ്യമാണ് ഇന്ത്യന്‍ നിരയില്‍ അല്‍പ്പമെങ്കിലും പ്രതിരോധിച്ചുനിന്നത്.

വണ്‍ഡൗണായി എത്തിയ ശുഭ്മാന്‍ ഗില്ലിനെ (26) മാര്‍കോ ജാന്‍സണ്‍ കൂടാരം കയറ്റി. പിന്നീട് ക്രീസിലെത്തിയവരെല്ലാം നിരാശപ്പെടുത്തി. ശ്രേയസ് അയ്യര്‍ (6), കെ എല്‍ രാഹുല്‍ (4), രവിചന്ദ്രന്‍ അശ്വിന്‍ (0), ശര്‍ദുല്‍ താക്കൂര്‍ (2), ജസ്പ്രീത് ബുമ്ര (0), മുഹമ്മദ് സിറാജ് (4) എന്നിവര്‍ അതിവേഗം മടങ്ങി. ഒരുവശത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരിക്കുമ്പോഴും നാലാമനായി ക്രീസിലെത്തിയ വിരാട് കോഹ്‌ലി പ്രതിരോധിച്ചുനിന്നു. 82 പന്തില്‍ നിന്ന് 12 ബൗണ്ടറിയും ഒരു സിക്‌സുമടക്കം 76 റണ്‍സ് നേടിയ കോഹ്‌ലിയുടെ വിക്കറ്റാണ് അവസാനം നഷ്ടമായത്. മാര്‍കോ ജാന്‍സണ്‍ എറിഞ്ഞ 35-ാം ഓവറിന്റെ ആദ്യ പന്തില്‍ കോഹ്‌ലിയെ കഗിസോ റബാദ പിടികൂടിയതോടെ ഇന്ത്യന്‍ ഇന്നിങ്‌സ് അവസാനിച്ചു. അവസാനക്കാരനായി ഇറങ്ങിയ പ്രസിദ്ധ് കൃഷ്ണ (0) പുറത്താകാതെ നിന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com