ആഷസ് അഞ്ചാം ടെസ്റ്റിൽ ഇം​ഗ്ലണ്ടിന് ജയം; പരമ്പര സമനിലയിൽ

അവസാന ഇന്നിം​ഗ്സിൽ സ്റ്റുവർട്ട് ബ്രോഡിന് രണ്ട് വിക്കറ്റ്
ആഷസ് അഞ്ചാം ടെസ്റ്റിൽ ഇം​ഗ്ലണ്ടിന് ജയം; പരമ്പര സമനിലയിൽ

ഓവൽ: ആഷസ് അഞ്ചാം ടെസ്റ്റിൽ ഇം​ഗ്ലണ്ടിന് 49 റൺസ് ജയം. 384 റൺസ് പിന്തുടർന്നിറങ്ങിയ ഓസ്ട്രേലിയ 334 റൺസിന് എല്ലാവരും പുറത്തായി. കരിയറിലെ അവസാന ടെസ്റ്റ് കളിച്ച സ്റ്റുവർട്ട് ബ്രോഡ് രണ്ട് വിക്കറ്റ് വീഴ്ത്തി. വിജയത്തോടെ ബ്രോഡിന് യാത്രയപ്പ് നൽകാനായത് ഇം​ഗ്ലണ്ട് ടീമിന് ആശ്വാസമായി. പരമ്പര സമനില ആയെങ്കിലും ഓസ്ട്രേലിയ ആഷസ് നിലനിർത്തി. പരമ്പര സമനില ആയാൽ കഴിഞ്ഞ തവണത്തെ ജേതാക്കൾക്കാണ് ആഷസ് ട്രോഫി ലഭിക്കുക.

അവസാന ദിനം വിക്കറ്റ് നഷ്ടമാകാതെ 135 എന്ന നിലയിലാണ് ഓസ്ട്രേലിയ ബാറ്റിങ് തുടങ്ങിയത്. മത്സരം തുടങ്ങി ആദ്യ മണിക്കൂറിൽ തന്നെ മൂന്ന് വിക്കറ്റുകൾ ഓസ്ട്രേലിയയ്ക്ക് നഷ്ടമായി. വാർണർ, ഖ്വാജ, ലബുഷെയ്ൻ എന്നിവരുടെ വിക്കറ്റുകളാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്. നാലാം വിക്കറ്റിലെ സ്മിത്ത് - ഹെഡ് സഖ്യത്തിന്റെ പോരാട്ടം 95 റൺസ് കൂട്ടിച്ചേർത്തു. ഇരുവരും പുറത്തായതോടെ ഓസ്ട്രേലിയ തോൽവിയിലേക്ക് നീങ്ങുകയായിരുന്നു.

ഇം​ഗ്ലണ്ടിന് വേണ്ടി ക്രിസ് വോക്സ് നാലും മൊയീൻ അലി മൂന്നും വിക്കറ്റ് വീഴ്ത്തി. മാർക് വുഡ് ഒരു വിക്കറ്റെടുത്തു. അവസാന മത്സരം കളിച്ച ഓസ്ട്രേലിയയുടെ ഒൻപത്, പത്ത് വിക്കറ്റുകളാണ് ബ്രോഡ് വീഴ്ത്തിയത്. ടോഡ് മർഫി, അലക്സ് ക്യാരി എന്നിവരാണ് ബ്രോഡിൻ്റെ അവസാന വിക്കറ്റുകൾ. ഇതോടെ 604 വിക്കറ്റുകളുമായി ബ്രോഡ് കളം വിട്ടു.

അവസാന ടെസ്റ്റിലും ബ്രോഡിൻ്റെ നിർണായക സാന്നിധ്യം ഇം​ഗ്ലണ്ട് ടീമിലുണ്ടായിരുന്നു. രണ്ട് ഇന്നിം​ഗ്സുകളിലായി നാല് വിക്കറ്റ് നേടി. ആദ്യ ഇന്നിം​ഗ്സിൽ നന്നായി കളിച്ചുവന്ന ഉസ്മാൻ ഖ്വാജയെ പുറത്താക്കി. ബാറ്റിങ്ങിനിറങ്ങിയപ്പോൾ ഒരു സിക്സടക്കം നേടിയത് 15 റൺസ്. 2006 ൽ പാക്കിസ്താനെതിരെയാണ് ബ്രോഡ് അരങ്ങേറിയത്. 15 റൺസിന് 8 വിക്കറ്റ് എടുത്തതാണ് മികച്ച ബൗളിങ്ങ്. വാലറ്റത്ത് ആശ്രയിക്കാവുന്ന ബാറ്ററുമായിരുന്നു ബ്രോഡ്. പാക്കിസ്താനെതിരെ നേടിയ 169 റൺസാണ് ഉയർന്ന സ്കോർ. 167 ടെസ്റ്റിൽ നിന്ന് 3662 റൺസ് ബ്രോഡ് നേടിയിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com