ആഷസിൽ ഇം​ഗ്ലണ്ടിന് ജീവൻമരണ പോരാട്ടം; മൂന്നാം ടെസ്റ്റ് ഇന്ന് മുതൽ

ആഷസിൽ ഇം​ഗ്ലണ്ടിന് ജീവൻമരണ പോരാട്ടം; മൂന്നാം ടെസ്റ്റ് ഇന്ന് മുതൽ

22 വർഷത്തിന് ശേഷം ഇം​ഗ്ലണ്ടിൽ ആഷസ് നേടാൻ ഓസ്ട്രേലിയ

ഹെഡിങ്‌ലി: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന് ഇന്ന് തുടക്കം. ആദ്യ രണ്ട് ടെസ്റ്റുകളും ജയിച്ച ഓസ്ട്രേലിയയ്ക്ക് മൂന്നാം മത്സരം ജയിക്കുകയോ സമനിലയിൽ ആകുകയോ ചെയ്താൽ ആഷസ് നിലനിർത്താനാകും. എന്നാൽ ഇനിയുള്ള മൂന്ന് മത്സരങ്ങളും ജയിച്ചാൽ മാത്രമെ ഇം​ഗ്ലണ്ടിന് ആഷസ് നേടാൻ കഴിയു. അതിനാൽ ഇന്ന് തുടങ്ങുന്ന മൂന്നാം ആഷസ് ഇം​ഗ്ലണ്ടിന് ജീവൻമരണ പോരാട്ടമാണ്.

22 വർഷത്തിന് ശേഷം ഇം​ഗ്ലണ്ടിൽ ആഷസ് നേടാനുള്ള സുവർണ്ണാവസരമാണ് ഓസ്ട്രേലിയയ്ക്ക് കൈവന്നിരിക്കുന്നത്. 2001 ൽ സ്റ്റീവ് വോയുടെ നായക മികവിൽ ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ അവരുടെ നാട്ടിൽ തോൽപ്പിച്ചിരുന്നു. 4-1 നായിരുന്നു അന്ന് ഓസ്ട്രേലിയൻ വിജയം. അതിനിടെ രണ്ടാം ടെസ്റ്റിൽ പരാജയപ്പെട്ട ടീമിൽ നിന്ന് മാറ്റങ്ങളുമായി ഇം​ഗ്ലണ്ട് മൂന്നാം ആഷസിനുള്ള ടീമിനെ പ്രഖ്യാപിച്ചു. ഒലി പോപ്പ് പരിക്കേറ്റ് പുറത്തായതിനാല്‍ ഹാരി ബ്രൂക്ക് മൂന്നാം നമ്പറിൽ കളിക്കും.

പേസര്‍ ജെയിംസ് ആന്‍ഡേഴ്സൺ കഴിഞ്ഞ ടെസ്റ്റില്‍ അരങ്ങേറിയ ജോഷ് ടങ്ങ് എന്നിവർക്ക് മൂന്നാം ടെസ്റ്റില്‍ ഇം​ഗ്ലണ്ട് വിശ്രമം അനുവദിച്ചു. മോശം പ്രകടനമാണ് ആൻഡേഴ്സൻ്റെ സ്ഥാനം നഷ്ടമാക്കിയത്. എന്നാൽ മികച്ച പ്രകടനം നടത്തിയ ജോഷ് ടങ്ങിനെ ഒഴിവാക്കിയത് ആരാധകരെ ഞെട്ടിച്ചു. പരിക്കിൽ നിന്ന് മോചിതനായ മൊയീന്‍ അലി ടീമിൽ തിരിച്ചെത്തി. പേസര്‍മാരായ ക്രിസ് വോക്സ് മാര്‍ക്ക് വുഡ് എന്നിവരും ഇം​ഗ്ലണ്ടിന്റെ മൂന്നാം ടെസ്റ്റിനുള്ള ടീമിൽ ഇടം പിടിച്ചു.

ഓസ്ട്രേലിയൻ ടീമിനെ ഇന്ന് മത്സരത്തിന് മുമ്പ് മാത്രമെ പ്രഖ്യാപിക്കൂ. പരിക്കേറ്റ് പുറത്തായ സ്പിന്നർ നഥാൻ ലിയോണിന് പകരം ടോഡ് മർഫി ഓസ്ട്രേലിയൻ ടീമിലെത്തിയേക്കും. ഓസീസ് നിരയിൽ മറ്റ് മാറ്റങ്ങൾക്ക് സാധ്യതയില്ല. 72 ആഷസ് പരമ്പരകൾ നടന്നതിൽ ഒരിക്കൽ മാത്രമാണ് 2-0 ത്തിന് പിന്നിലായ ടീം പിന്നീട് തിരികെ വന്നിട്ടുള്ളത്. 1936-37 സീസണിൽ ഡോൺ ബ്രാഡ്മാൻ്റെ ഓസ്ട്രേലിയൻ ടീമാണ് രണ്ട് മത്സരങ്ങൾ തോറ്റ് പിന്നിലായ ശേഷം പരമ്പര 3-2 ന് ജയിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com