ഏഷ്യാഡില്‍ 'സര്‍പ്രൈസ്' ക്യാപ്റ്റനെ അവതരിപ്പിച്ച് ദിനേശ് കാര്‍ത്തിക്

ഇന്ത്യയുടെ ക്യാപ്റ്റനായി വെറ്ററന്‍ ബാറ്റര്‍ ശിഖര്‍ ധവാനെ പരിഗണിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെയാണ് നിര്‍ദേശവുമായി ദിനേശ് കാര്‍ത്തിക് രംഗത്തെത്തിയത്
ഏഷ്യാഡില്‍ 'സര്‍പ്രൈസ്' ക്യാപ്റ്റനെ അവതരിപ്പിച്ച് ദിനേശ് കാര്‍ത്തിക്

മുംബൈ: ഏഷ്യാഡ് ഗെയിംസില്‍ ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനെ ഇന്ത്യയുടെ ക്യാപ്റ്റനായി നിയമിക്കണമെന്ന ആവശ്യവുമായി വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്. ഇന്ത്യയുടെ ക്യാപ്റ്റനായി വെറ്ററന്‍ ബാറ്റര്‍ ശിഖര്‍ ധവാനെ പരിഗണിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെയാണ് നിര്‍ദേശവുമായി ദിനേശ് കാര്‍ത്തിക് രംഗത്തെത്തിയത്. ഏകദിന ലോകകപ്പില്‍ പങ്കെടുക്കുന്നില്ലെങ്കില്‍ അശ്വിനെ ഏഷ്യാഡില്‍ ഇന്ത്യന്‍ ക്യാപ്റ്റനാക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ചൈന ആതിഥേയത്വം വഹിക്കുന്ന ഏഷ്യന്‍ ഗെയിംസ് സെപ്റ്റംബറിലാണ് ആരംഭിക്കുന്നത്.

'ഏകദിന ലോകകപ്പ് ടീമിലില്ലെങ്കില്‍ അശ്വിനെ ഏഷ്യന്‍ ഗെയിംസില്‍ ബിസിസിഐ ക്യാപ്റ്റനാക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ബൗളിംഗ് നിലവാരവും നേടിയ വിക്കറ്റുകളുടെ എണ്ണവും കണക്കിലെടുത്താല്‍ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളാണ് അശ്വിന്‍. ടീമിന്റെ ക്യാപ്റ്റനാകാനുള്ള എല്ലാ യോഗ്യതയും അശ്വിനുണ്ട്. ഏഷ്യന്‍ ഗെയിംസിലെങ്കിലും അശ്വിന് ക്യാപ്റ്റന്‍ പദവി നല്‍കണമെന്നും അദ്ദേഹം അത് അര്‍ഹിക്കുന്നുണ്ടെന്നും എനിക്ക് തോന്നുന്നു', ദിനേശ് കാര്‍ത്തിക് പറഞ്ഞു. ഒരു ചടങ്ങില്‍ അതിഥിയായി എത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐസിസിയുടെ ഏകദിന ലോകകപ്പ് നടക്കുന്ന സമയത്ത് തന്നെയാണ് ഏഷ്യന്‍ ഗെയിംസ് മത്സരങ്ങളും നടക്കുക. ഈ സാഹചര്യത്തില്‍ ലോകകപ്പിന്റെ ഭാഗമാകുന്നവരെ പരിഗണിക്കാതെ ബി ടീമിനെയായിരിക്കും ചൈനയിലെ ഗ്വാങ്ഷുവില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിനായി ഇന്ത്യ അയക്കുക. നിലവില്‍ ഒരു ഫോര്‍മാറ്റിലും ഭാഗമല്ലാത്ത ഓപ്പണര്‍ ശിഖര്‍ ധവാനായിരിക്കും ഇന്ത്യയെ നയിക്കുകയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com