സ്റ്റോക്സ് പോരാട്ടം ഫലം കണ്ടില്ല; രണ്ടാം ആഷസിലും ഓസീസ്

ബെയർസ്റ്റോയുടെ ഔട്ടിൽ പ്രതിഷേധിച്ച് ഇം​ഗ്ലണ്ട് താരങ്ങൾ
സ്റ്റോക്സ് പോരാട്ടം ഫലം കണ്ടില്ല; രണ്ടാം ആഷസിലും ഓസീസ്

ലോഡ്സ്: ആഷസ് ക്രിക്കറ്റിൽ രണ്ടാം ടെസ്റ്റിലും ഓസ്ട്രേലിയയ്ക്ക് ജയം. ബെൻ സ്റ്റോക്സ് ഇം​ഗ്ലണ്ടിനായി നടത്തിയ ഒറ്റയാൾ പോരാട്ടത്തിന് ശേഷം 43 റൺസ് ജയമാണ് ഓസ്ട്രേലിയ നേടിയത്. മത്സരത്തിൻ്റെ അവസാന ദിനമായ ഇന്ന് 4 ന് 114 എന്ന നിലയിലാണ് ഇം​ഗ്ലണ്ട് ബാറ്റിങ് പു:നരാരംഭിച്ചത്. സ്കോർ 177 ൽ എത്തിയപ്പോൾ ബെൻ ഡക്കറ്റ് പുറത്തായി. 83 റൺസാണ് ഡക്കറ്റ് നേടിയത്. അഞ്ചാം വിക്കറ്റിൽ സ്റ്റോക്സ് - ഡക്കറ്റ് സഖ്യം 132 റൺസ് കൂട്ടിച്ചേർത്തു.

കാര്യമായ സംഭാവന നൽകാതെ ജോണി ബെയർസ്റ്റോ മട‌ങ്ങി. വിവാദ​ റൺഔട്ടിലൂടെയാണ് ബെയർസ്റ്റോ പുറത്തായത്. കാമറൂൺ ​ഗ്രീനിൻ്റെ പന്തിൽ ഒഴിഞ്ഞുമാറിയ ബെയർസ്റ്റോ ബൗളിങ്ങ് പൂർത്തിയായ ശേഷം ക്രീസിൽ നിന്ന് വിട്ടുപോയി. ഈ അവസരത്തിൽ ബെയർസ്റ്റോയെ വിക്കറ്റ് കീപ്പർ അലക്സ് ക്യാരി റൺഔട്ടാക്കി. ഓസ്ട്രേലിയൻ ടീമിനെതിരെ ഇം​ഗ്ലണ്ട് ആരാധകർ പ്രതിഷേധവും ഉയർത്തി. ബെയർസ്റ്റോ പുറത്താകുമ്പോൾ 6 വിക്കറ്റിന് 193 റൺസെന്ന നിലയിലായിരുന്നു ഇം​ഗ്ലണ്ട്.

ഏഴാം വിക്കറ്റിൽ സ്റ്റോക്സ് - ബോർഡ് സഖ്യം 118 റൺസ് കൂട്ടിച്ചേർത്തു. സ്റ്റോക്സ് ക്രീസിൽ ഉണ്ടായിരുന്നപ്പോൾ ഇം​ഗ്ലണ്ടിന് ജയപ്രതീക്ഷ ഉണ്ടായിരുന്നു. 214 പന്തിൽ 9 ഫോറും 9 സിക്സും സഹിതം സ്റ്റോക്സ് 155 റൺസ് നേടി. ഏഴാമനായി സ്റ്റോക്സ് പുറത്തായതോടെയാണ് ഇം​ഗ്ലണ്ട് തോൽവിയിലേക്ക് നീങ്ങിയത്. പിന്നീട് 26 റൺസ് മാത്രമാണ് ഇം​ഗ്ലണ്ടിന് കൂട്ടിച്ചേർക്കാൻ കഴിഞ്ഞത്. രണ്ടാം ഇന്നിം​ഗ്സിൽ ഇം​ഗ്ലണ്ട് 327 റൺസിന് പുറത്ത്. പരമ്പരയിൽ ഓസ്ട്രേലിയ 2-0 ത്തിന് മുന്നിലെത്തി. ഇനി ബാക്കിയുള്ള മൂന്ന് ആഷസ് ടെസ്റ്റിൽ ഒരണ്ണത്തിൽ ജയിക്കുകയോ സമനില ആകുകയോ ചെയ്താൽ ആഷസ് ഓസ്ട്രേലിയ നേടും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com