ടീം ഇന്ത്യയ്ക്ക് ആശ്വസിക്കാം; സൂപ്പര്‍ താരങ്ങള്‍ തിരിച്ചെത്തുന്നു

ബുമ്രയ്ക്കും രാഹുലിനുമൊപ്പം ശ്രേയസ് അയ്യരും ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ടായിരുന്നു
ടീം ഇന്ത്യയ്ക്ക് ആശ്വസിക്കാം; സൂപ്പര്‍ താരങ്ങള്‍ തിരിച്ചെത്തുന്നു

ബെംഗളൂരു: ഏകദിന ലോകകപ്പിന് തിരിതെളിയാന്‍ ഇനി ശേഷിക്കുന്നത് നൂറില്‍ താഴെ ദിനങ്ങള്‍ മാത്രം. മൂന്നാം കിരീടനേട്ടത്തിന് കണ്ണുവെക്കുന്ന ടീം ഇന്ത്യയെ തേടി ശുഭവാര്‍ത്തകള്‍ എത്തുന്നതിന്റെ സന്തോഷത്തിലാണ് ക്രിക്കറ്റ് പ്രേമികള്‍. പരിക്കേറ്റ് വിശ്രമത്തിലിരിക്കുന്ന രണ്ട് മുന്‍നിര താരങ്ങള്‍ ലോകകപ്പ് കളിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പേസര്‍ ജസ്പ്രീത് ബുമ്രയും കെ എല്‍ രാഹുലും സെപ്റ്റംബറില്‍ നടക്കുന്ന ഏഷ്യാ കപ്പ് യോഗ്യതാ മത്സരങ്ങളില്‍ പങ്കെടുക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ബുമ്രയ്ക്കും രാഹുലിനുമൊപ്പം ശ്രേയസ് അയ്യരും ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ടായിരുന്നു. എന്നാല്‍ ശ്രേയസ് ഇനിയും പൂര്‍ണമായി സുഖം പ്രാപിച്ചിട്ടില്ല. താരം ഇപ്പോള്‍ ഫിസിയോതെറാപ്പിക്ക് വിധേയനായിരിക്കുകയാണ്. അയ്യറിന്റെ പരിക്കിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നതിനാല്‍ പകരക്കാരായി സഞ്ജു സാംസണിന്റെയും സൂര്യകുമാര്‍ യാദവിന്റെയും പേരുകള്‍ പരിഗണിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മാര്‍ച്ചില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ജസ്പ്രീത് ബുമ്ര പരിക്ക് മാറി എന്‍സിഎയില്‍ പരിശീലനം ആരംഭിച്ചിട്ടുണ്ടെന്നാണ് വാര്‍ത്തകള്‍. ഓഗസ്റ്റില്‍ നടക്കുന്ന ഇന്ത്യയുടെ അയര്‍ലന്‍ഡ് പര്യടനത്തിന് മുന്‍പേ താരം ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്നാണ് കരുതുന്നത്. പക്ഷേ താരത്തെ ലോകകപ്പിന് വേണ്ടിയായിരിക്കും ടീം മാനേജ്‌മെന്റ് കരുതിവെക്കുക. കഴിഞ്ഞ സെപ്റ്റംബറിലാണ് ബുമ്ര ഇന്ത്യയ്ക്ക് വേണ്ടി അവസാനമായി കളിച്ചത്. കഴിഞ്ഞ മെയ് മാസത്തില്‍ വലതു തുടയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് കെഎല്‍ രാഹുല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നത്. അക്കാദമിയില്‍ കഠിനപരിശീലനം നടത്തി മത്സരത്തിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിലാണ് മധ്യനിരാ ബാറ്ററായ രാഹുല്‍ ഇപ്പോള്‍.

Related Stories

No stories found.
logo
Reporter Live
www.reporterlive.com