'ക്രിക്കറ്റ് ദൈവങ്ങള്‍' തെരുവില്‍ കണ്ടുമുട്ടിയപ്പോള്‍

'ക്രിക്കറ്റ് ദൈവങ്ങള്‍' തെരുവില്‍ കണ്ടുമുട്ടിയപ്പോള്‍

വര്‍ഷങ്ങളായി സൗഹൃദം കാത്തുസൂക്ഷിക്കുന്ന ഇരുവരെയും വീണ്ടും ഒരുമിച്ച് കണ്ടതിന്റെ ഹരത്തിലാണ് ആരാധകര്‍

ലണ്ടന്‍: ലണ്ടനിലെ തെരുവില്‍ കണ്ടുമുട്ടിയ ക്രിക്കറ്റ് ഇതിഹാസങ്ങളുടെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്റെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാക്കിയിരിക്കുന്നത്. ബ്രയാന്‍ ലാറക്കൊപ്പം നില്‍ക്കുന്ന സച്ചിന്റെ ചിത്രങ്ങള്‍ മിനിറ്റുകള്‍ കൊണ്ടാണ് വൈറലായത്. വര്‍ഷങ്ങളായി സൗഹൃദം കാത്തുസൂക്ഷിക്കുന്ന ഇരുവരെയും വീണ്ടും ഒരുമിച്ച് കണ്ടതിന്റെ ഹരത്തിലാണ് ആരാധകര്‍. അപ്രതീക്ഷിതമായി മറ്റൊരു ഗോള്‍ഫറെ കണ്ടുമുട്ടിയെന്ന അടിക്കുറിപ്പോടെ പ്രത്യക്ഷപ്പെട്ട ചിത്രങ്ങള്‍ നിരവധി ആരാധകര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു.

ക്രിക്കറ്റ് ലോകം കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച താരങ്ങളാണ് ഇന്ത്യന്‍ ടീം മുന്‍ ക്യാപ്റ്റനായ സച്ചിന്‍ ടെണ്ടുല്‍ക്കറും വിന്‍ഡീസ് മുന്‍ ക്യാപ്റ്റനായ ബ്രയാന്‍ ലാറയും. 2008 ഒക്ടോബര്‍ 17ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തിരുത്തുന്നതു വരെ അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ കളിക്കാരന്‍ എന്ന ബഹുമതിക്കുടമയായിരുന്നു ലാറ. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 34,457 റണ്‍സിന്റെ റെക്കോര്‍ഡ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സ്വന്തമാക്കിയപ്പോള്‍ ലാറ നേടിയത് 22,358 അന്താരാഷ്ട്ര റണ്‍സാണ്. ക്രിക്കറ്റില്‍ ഇതുവരെ മറ്റാര്‍ക്കും തകര്‍ക്കാനാവാത്ത ഒന്നിലധികം റെക്കോര്‍ഡുകള്‍ ഇരുവരുടെയും പേരിലുണ്ട്. വിരമിച്ചെങ്കിലും ഇരുവരും ഇപ്പോഴും ക്രിക്കറ്റില്‍ സജീവമാണ്. ലെജന്‍ഡ്‌സ് ലീഗില്‍ ഇരുവരും കളിക്കാറുണ്ട്. ലീഗില്‍ ഇന്ത്യയെ സച്ചിനും വിന്‍ഡീസിനെ ലാറയുമാണ് നയിക്കുന്നത്.

കുടുംബത്തോടൊപ്പം കെനിയയില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയ സച്ചിന്റെ ചിത്രങ്ങള്‍ കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് വൈറലായിരുന്നു. ഭാര്യ അഞ്ജലിക്കും മകള്‍ സാറയ്ക്കുമൊപ്പം കെനിയയിലെ മാസായ് മാര വന്യജീവി സങ്കേതത്തില്‍ നിന്നുള്ള ചിത്രങ്ങളും സച്ചിന്‍ തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഭാര്യയെയും മകളെയും ഒപ്പമിരുത്തി ജീപ്പിന്റെ ഡ്രൈവിംഗ് സീറ്റിലിരുന്ന് ജംഗിള്‍ സഫാരി നടത്തുന്ന സച്ചിനെ ചിത്രത്തില്‍ കാണാം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com