'അഹമ്മദാബാദ് വേദി വിവാദം അനാവശ്യം'; ലോകകപ്പ് തര്‍ക്കത്തില്‍ വസീം അക്രം

'അഹമ്മദാബാദ് വേദി വിവാദം അനാവശ്യം'; ലോകകപ്പ് തര്‍ക്കത്തില്‍ വസീം അക്രം

ഏകദിന ക്രിക്കറ്റ് ലോകകപ്പ് കളിക്കാന്‍ പാക് പട ഇന്ത്യയിലെത്തുമോയെന്ന കാര്യത്തില്‍ ആശങ്കയുണ്ടായിരുന്നു.

ഇസ്ലാമാബാദ്: ഏകദിന ലോകകപ്പില്‍ പങ്കെടുക്കാന്‍ പാകിസ്താന്‍ ഇന്ത്യയിലേക്ക് എത്തില്ലെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി മുന്‍ പാക് പേസര്‍ വസീം അക്രം. മത്സരം നടത്താന്‍ നിശ്ചയിച്ചത് എവിടെയായാലും പാകിസ്താന്‍ അവിടേക്ക് എത്തുമെന്നാണ് അക്രം പറഞ്ഞത്. ഒക്ടോബര്‍ 15ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ഇന്ത്യ-പാക് പോരാട്ടം നടക്കുക.

'അതിലൊരു പ്രശ്‌നവുമില്ല. മത്സരം നിശ്ചയിച്ച സ്ഥലത്ത് തന്നെ പാകിസ്താന്‍ കളിക്കാനെത്തും. 'ഞങ്ങള്‍ അഹമ്മദാബാദില്‍ കളിക്കില്ല' എന്ന അനാവശ്യമായ വിവാദത്തെക്കുറിച്ച് നിങ്ങള്‍ പാക് കളിക്കാരോട് ഒന്ന് ചോദിച്ചുനോക്കൂ. മത്സരം എവിടെയാണ് ഷെഡ്യൂള്‍ ചെയ്തതെന്ന് അവര്‍ കാര്യമാക്കുന്നേയില്ല', അക്രം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. 'നിങ്ങള്‍ക്ക് 'ഈഗോ' ഉണ്ടെങ്കില്‍ എന്ത് തെറ്റാണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കി സംസാരിക്കണം. നമുക്ക് അത് ചെയ്യാന്‍ കഴിയുമോ എന്ന് മനസ്സിലാക്കി പ്ലാന്‍ ചെയ്യണം. നമുക്ക് ചെയ്യാന്‍ കഴിയാത്ത കാര്യമാണെങ്കില്‍ അത് ചെയ്യാതിരിക്കുക. ചെയ്താല്‍ അത് നമുക്ക് ചിരിക്കാനുള്ള ഒരു കാരണമായി മാത്രമേ മാറുകയുള്ളൂ. ഞങ്ങളെല്ലാവരും രാജ്യത്തോട് സ്‌നേഹമുള്ളവരാണ്. അവരെല്ലാവരും പ്രവര്‍ത്തിക്കുന്നത് രാജ്യത്തിന് വേണ്ടിയാണെന്നതില്‍ യാതൊരു സംശയവുമില്ല. എല്ലാത്തിനും ഒടുവില്‍ ഇത് വെറുമൊരു ഗെയിമാണ്. സര്‍ക്കാര്‍ ഇത് അവരുടെ പ്രശ്‌നമാണെന്ന നിലയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുകയും ചെയ്യും', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏകദിന ക്രിക്കറ്റ് ലോകകപ്പ് കളിക്കാന്‍ പാക് പട ഇന്ത്യയിലെത്തുമോയെന്ന കാര്യത്തില്‍ ആശങ്കയുണ്ടായിരുന്നു. ഏഷ്യാ കപ്പില്‍ പങ്കെടുക്കാന്‍ പാകിസ്താനിലേക്ക് വരില്ലെന്ന് ഇന്ത്യ മുന്‍പ് പറഞ്ഞിരുന്നു. ഇന്ത്യ വരാതിരുന്നാല്‍ ലോകകപ്പ് കളിക്കാന്‍ ഇന്ത്യയിലേക്ക് എത്തില്ലെന്ന നിലപാട് പാകിസ്താനും സ്വീകരിച്ചിരുന്നു. എന്നാല്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ശ്രീലങ്കയെ വേദിയാക്കി നടത്താമെന്ന് സമ്മതിച്ച് പാകിസ്താന്‍ വിട്ടുവീഴ്ച ചെയ്യുകയായിരുന്നു. പകരം അഹമ്മദാബാദില്‍ ഇന്ത്യയ്‌ക്കെതിരെ കളിക്കാന്‍ എത്തില്ലെന്ന ആവശ്യം പാകിസ്താന്‍ മുന്നോട്ട് വെക്കുകയും ചെയ്തു.

ഏകദിന ലോകകപ്പിന്റെ മത്സരക്രമങ്ങള്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യയ്‌ക്കെതിരായ മത്സരം അഹമ്മദാബാദില്‍ തന്നെ ഷെഡ്യൂള്‍ ചെയ്തതില്‍ പിസിബി അതൃപ്തി പ്രകടിപ്പിച്ചു. മത്സരം പുനഃക്രമീകരിക്കണമെന്നും വേദി മാറ്റണമെന്നുമുള്ള പിസിബിയുടെ ആവശ്യം ഐസിസി തള്ളുകയാണ് ചെയ്തത്. അഹമ്മദാബാദ് പിച്ചില്‍ പാകിസ്താന് മുന്‍ പരിചയമില്ലാത്തത് ഇന്ത്യയ്ക്ക് അനുകൂലമാകുമെന്ന് വിലയിരുത്തലുണ്ട്. അഹമ്മദാബാദ് സ്റ്റേഡിയം പുനര്‍നിര്‍മ്മിച്ചതിന് ശേഷം ഒരു മത്സരം പോലും പാക് പട ഇവിടെ കളിച്ചിട്ടില്ല.

ഒക്ടോബര്‍ അഞ്ചിന് ആരംഭിക്കുന്ന ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ഇംഗ്ലണ്ടും ന്യൂസിലന്‍ഡുമാണ് ഏറ്റുമുട്ടുക. എട്ടിന് ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് ലോകകപ്പിന്റെ ഉദ്ഘാടന മത്സരവും ഫൈനലും നടക്കുന്നത്. നിലവില്‍ ഇന്ത്യയുടെ ഏറ്റവും വലിയ സ്‌റ്റേഡിയമാണ് അഹമ്മദാബാദ്. 2016ലെ ടി ട്വന്റി ലോകകപ്പാണ് പാകിസ്താന്‍ അവസാനമായി ഇന്ത്യയില്‍ കളിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com