'സച്ചിനെ കോഹ്‌ലി തോളിലേറ്റി നടന്നതിന് കാരണമുണ്ട്'; ചരിത്ര നിമിഷം ഓര്‍ത്തെടുത്ത് സേവാഗ്

'സച്ചിനെ കോഹ്‌ലി തോളിലേറ്റി നടന്നതിന് കാരണമുണ്ട്'; ചരിത്ര നിമിഷം ഓര്‍ത്തെടുത്ത് സേവാഗ്

ലോകകപ്പ് വിജയത്തിന് ശേഷമുള്ള ടീം ഇന്ത്യയുടെ ആഘോഷം ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു

മുംബൈ: 2011ല്‍ ലോകകപ്പ് കിരീടം നേടിയപ്പോള്‍ സച്ചിനെ തോളിലേറ്റി ആരാധകരുടെ മുന്നിലൂടെ നടന്നായിരുന്നു ഇന്ത്യ വിജയം ആഘോഷിച്ചത്. ലോകകപ്പ് കിരീടമില്ലാതെ ഇതിഹാസം കരിയര്‍ അവസാനിപ്പിക്കരുതെന്ന ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ ആഗ്രഹം സഫലമായതിന്റെ എല്ലാ സന്തോഷവും ആവേശവും ആഘോഷത്തിലുണ്ടായിരുന്നു. അന്ന് വാംഖെഡെ സ്‌റ്റേഡിയത്തില്‍ ആരാധകര്‍ക്ക് മുന്നിലൂടെ സച്ചിനെ തോളിലേറ്റി നടക്കാനുള്ള ദൗത്യം വിരാട് കോഹ്‌ലി ഏറ്റെടുക്കുകയായിരുന്നുവെന്ന് ഓര്‍മ്മിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സേവാഗ്.

'ഞാനടക്കമുള്ള സീനിയര്‍ താരങ്ങള്‍ക്ക് അന്ന് നല്ല പ്രായമുണ്ടായിരുന്നു. പലരും പരിക്കിന്റെ പിടിയിലുമായിരുന്നു. നല്ല ഭാരമുണ്ടായിരുന്ന സച്ചിനെ ഞങ്ങള്‍ക്ക് തോളിലേറ്റാന്‍ കഴിയുമായിരുന്നില്ല. ആ ദൗത്യം ഞങ്ങള്‍ യുവതാരങ്ങളെ ഏല്‍പ്പിക്കുകയായിരുന്നു. നിങ്ങള്‍ ചെന്ന് സച്ചിനെ പൊക്കിയെടുത്ത് സ്റ്റേഡിയം മുഴുവന്‍ കറങ്ങി വരണമെന്ന് ഞങ്ങള്‍ പറഞ്ഞു. അങ്ങനെയാണ് വിരാട് കോഹ്‌ലി സച്ചിനെ തോളിലേറ്റുന്നത്', മുഖത്ത് ഒരു ചിരിയോടെ സേവാഗ് പറഞ്ഞു. ചൊവ്വാഴ്ച നടന്ന 2023 ഐസിസി ലോകകപ്പ് ഫിക്‌സ്ചര്‍ ഇവന്റില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഞങ്ങള്‍ 2011 ലോകകപ്പ് കളിച്ചത് സച്ചിന് വേണ്ടിയായിരുന്നു. ഞങ്ങള്‍ കിരീടം നേടുകയും ചെയ്തു. ലോകകപ്പില്‍ നിന്ന് സച്ചിന് അര്‍ഹിച്ച വിടവാങ്ങല്‍ ലഭിക്കുകയും ചെയ്തു', സേവാഗ് പറഞ്ഞു. ലോകകപ്പ് വിജയത്തിന് ശേഷമുള്ള ടീം ഇന്ത്യയുടെ ആഘോഷം ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സച്ചിനെ തോളിലേറ്റി സ്‌റ്റേഡിയം ചുറ്റുന്ന വിരാട് കോഹ്‌ലിയുടെയും മറ്റ് താരങ്ങളുടെ ചിത്രം ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ മനോഹരമായ ഏടായി മാറി. ഫൈനലില്‍ ശ്രീലങ്കയെ ആറ് വിക്കറ്റിന് തകര്‍ത്തെറിഞ്ഞാണ് ഇന്ത്യ കിരീടം ചൂടിയത്.

2011ന് ശേഷം വീണ്ടും ഇന്ത്യ ഏകദിന ലോകകപ്പിന് ആതിഥേയത്വം വഹിക്കുകയാണ്. 2013ന് ശേഷം ടീം ഇന്ത്യക്ക് രാജ്യാന്തര തലത്തില്‍ ഒരു കിരീടവും നേടാനായിട്ടില്ല. കിരീടവരള്‍ച്ചക്ക് അന്ത്യം കുറിക്കാന്‍ ടീം ഇന്ത്യയ്ക്ക് ഈ ലോകകപ്പ് ടൂര്‍ണമെന്റ് നല്ലൊരു അവസരമാണ്. 2011 ലോകകപ്പില്‍ ഇന്ത്യ എന്താണോ നേടിയത് അത് ആവര്‍ത്തിക്കാനുള്ള മികച്ച അവസരമാണ് വിരാട് കോഹ്‌ലിക്കും സംഘത്തിനും ഈ ലോകകപ്പ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com