'ലോകകപ്പ് നേടിയ ടീമുകളിലെ 'ട്രെന്‍ഡ്' ഇല്ല'; ഇന്ത്യന്‍ ടീമില്‍ ആശങ്കയറിച്ച് രവി ശാസ്ത്രി

വളരെ സന്തുലിതമായ ബാറ്റിംഗ് ലൈനപ്പ് വേണമെങ്കില്‍ ആദ്യ ആറിലെങ്കിലും കുറഞ്ഞത് രണ്ട് ഇടംകൈയന്‍ ബാറ്റര്‍മാരെങ്കിലും വേണമെന്നും അദ്ദേഹം പറഞ്ഞു.
'ലോകകപ്പ് നേടിയ ടീമുകളിലെ 'ട്രെന്‍ഡ്' ഇല്ല'; ഇന്ത്യന്‍ ടീമില്‍ ആശങ്കയറിച്ച് രവി ശാസ്ത്രി

മുംബൈ: 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ബാറ്റിംഗ് സ്‌ക്വാഡില്‍ ഇന്ത്യ നേരിടാന്‍ പോകുന്ന വെല്ലുവിളികള്‍ വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. ടീമില്‍ രണ്ട് ഇടംകൈയന്‍ ബാറ്റര്‍മാരുടെ അഭാവമുണ്ടെന്നാണ് രവി ശാസ്ത്രി പറയുന്നത്. ഓപ്പണറായി ഇടംകൈയന്‍ ബാറ്റര്‍ തന്നെ വേണമെന്നില്ലെന്നും പക്ഷേ ടോപ് ഫോറില്‍ രണ്ട് ഇടംകൈയന്‍ ബാറ്റര്‍മാര്‍ വേണമെന്ന് താന്‍ ആഗ്രഹിക്കുന്നു. പക്ഷേ അങ്ങനെയാരും ടീം സാധ്യതാ പട്ടികയിലില്ലെന്നും ശാസ്ത്രി പറഞ്ഞു.

'നിങ്ങള്‍ ശരിയായ ബാലന്‍സ് വരുത്തേണ്ടതുണ്ട്. നമ്മുടെ ടോപ്പില്‍ ഒരു ഇടംകൈയന്‍ ബാറ്റര്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?', ശാസ്ത്രി ചോദിച്ചു. നിലവില്‍ പ്രഖ്യാപിക്കപ്പെട്ട ഏകദിന ടീമിലെ ടോപ് സിക്‌സിലുള്ള ഏക ഇടംകൈയന്‍ ബാറ്റര്‍ ഇഷാന്‍ കിഷനാണ്. വളരെ സന്തുലിതമായ ബാറ്റിംഗ് ലൈനപ്പ് വേണമെങ്കില്‍ ആദ്യ ആറിലെങ്കിലും കുറഞ്ഞത് രണ്ട് ഇടംകൈയന്‍ ബാറ്റര്‍മാരെങ്കിലും വേണമെന്നും അദ്ദേഹം പറഞ്ഞു.

ഇതുവരെ ലോകകപ്പ് നേടിയ സ്‌ക്വാഡില്‍ നിര്‍ണായക ഘടകമായി ഇടംകൈയന്‍ ബാറ്റര്‍മാരുടെ സാന്നിധ്യമുണ്ടായിരുന്നതായും രവി ശാസ്ത്രി ഓര്‍മ്മിപ്പിച്ചു. 2011ല്‍ ഏകദിന ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ സ്‌ക്വാഡില്‍സുരേഷ് റെയ്‌ന, ഗൗതം ഗംഭീര്‍, യുവരാജ് സിംഗ് എന്നിവര്‍ ഇടംകൈയന്‍ ബാറ്റര്‍മാരായി ഉണ്ടായിരുന്നു. 1974, 1979 എന്നീ വര്‍ഷങ്ങളിലെ ലോകകപ്പ് സ്‌ക്വാഡിലേക്ക് പോയാല്‍ വിന്‍ഡീസിന് ആല്‍വിന്‍ കാളിചരണ്‍, റോയ് ഫ്രെഡറിക്‌സ്, ക്ലൈവ് ലോയ്ഡ് എന്നിവര്‍ ഇടംകൈയന്‍ ബാറ്റര്‍മാരായി ഉണ്ടായിരുന്നു.

പക്ഷേ 1983യില്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീം മാത്രമാണ് ഈ സാധ്യതകളെ തിരുത്തിക്കുറിച്ചത്. ടോപ് ബാറ്റര്‍മാരില്‍ ഇടംകൈയന്മാരില്ലാതെയാണ് അന്ന് ഇന്ത്യ കിരീടം ചൂടിയത്. ഓസ്‌ട്രേലിയും ഈ ട്രെന്‍ഡില്‍ നിന്ന് വ്യത്യസ്തമല്ല. 1987ല്‍ കിരീടം ചൂടിയ ഓസീസ് ടീമില്‍ അലന്‍ ബോര്‍ഡറടക്കമുള്ള നിരവധി ഇടംകൈയന്‍ ബാറ്റര്‍മാരുണ്ടായിരുന്നു. 1996 ലോകകപ്പില്‍ ലങ്കയും ഇടംകൈയന്‍ കരുത്ത് വീണ്ടും തെളിയിച്ചു. സനത് ജയസൂര്യ, അര്‍ജുന രണതുംഗ, അസങ്ക ഗുരുസിന്‍ഹ എന്നിവരടങ്ങിയ ഇടംകൈയന്‍ ബാറ്റര്‍മാരായിരുന്നു ലങ്ക ലോകകപ്പ് കിരീടം നേടിയ സ്‌ക്വാഡില്‍ ഉണ്ടായിരുന്നത്.

'ഇത് വലിയൊരു വെല്ലുവിളിയാവാന്‍ സാധ്യതയില്ല. പക്ഷേ ലോകകപ്പ് നമ്മുടെ അടുത്തെത്തിയെന്ന് തന്നെ കാണേണ്ടിയിരിക്കുന്നു. ഫോം എന്നത് വീണ്ടും പ്രധാന ഘടകമായി മാറിയിരിക്കുകയാണ്', ശാസ്ത്രി ചൂണ്ടിക്കാട്ടി. ഇത്തവണ ഇന്ത്യന്‍ സ്‌ക്വാഡില്‍ പരുക്കേറ്റ ഋഷഭ് പന്തിന് പകരം ഇഷാന്‍ കിഷനും സഞ്ജു സാംസണും ഉണ്ടെങ്കിലും സഞ്ജു വലംകൈയന്‍ ബാറ്ററാണ്. യശസ്വി ജയ്‌സ്‌വാളും തിലക് വര്‍മയും സീനിയര്‍ താരങ്ങള്‍ക്ക് പകരക്കാരനാവാന്‍ കഴിയുന്ന യുവതാരങ്ങളാണെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com