എംസിസിയിൽ വനിതാ പ്രാതിനിധ്യം; ജുലൻ ​ഗോസ്വാമി, ഹെതർ‌ നൈറ്റ് എന്നിവർക്ക് അം​ഗത്വം

ഇം​ഗ്ലണ്ട് പുരുഷ ടീം ക്യാപ്റ്റൻ ഒയിൻ മോർ​ഗനും കമ്മിറ്റിയിലിടം നേടി
എംസിസിയിൽ വനിതാ പ്രാതിനിധ്യം; ജുലൻ ​ഗോസ്വാമി, ഹെതർ‌ നൈറ്റ് എന്നിവർക്ക് അം​ഗത്വം

ലണ്ടൻ: മുൻ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരമായ ജുലൻ ​ഗോസ്വാമി, വനിതാ ടീം ക്യാപ്റ്റൻ ഹെതർനെെറ്റ് എന്നിവർ എംസിസി ലോക ക്രിക്കറ്റ് കമ്മിറ്റിയിൽ അം​ഗത്വം നേടി. ഇം​ഗ്ലണ്ട് പുരുഷ ടീം ക്യാപ്റ്റൻ ഒയിൻ മോർ​ഗനും കമ്മിറ്റിയിലിടം നേടി. തിങ്കളാഴ്ചയാണ് ഇം​ഗ്ലണ്ടിലെ മെറിൽബോൺ ക്രിക്കറ്റ് ക്ലബ്ബ് ഇക്കാര്യം അറിയിച്ചത്. വനിതാ ക്രിക്കറ്റിന്റെ വളർച്ചക്കൊപ്പം കമ്മിറ്റിയിലെ വനിതാ പ്രാതിനിധ്യം വർധിപ്പിക്കുന്നതിന് വേണ്ടിയാണ് താരങ്ങളെ തെരഞ്ഞെടുത്തതെന്ന് കമ്മിറ്റി അറിയിച്ചു.

പത്മശ്രീ, അർജുന അവാർഡ് ജേതാവായ ജുലൻ ​ഗോസ്വാമി ലോകത്തിലെ തന്നെ ഏറ്റവും മികച്ച വനിതാ ഫാസ്റ്റ് ബൗളർമാരിൽ ഒരാളായാണ് കണക്കാക്കപ്പെടുന്നത്. 2002 മുതൽ 2022 വരെ ഇന്ത്യയ്ക്ക് വേണ്ടി പന്തെടുത്ത ജുലൻ എല്ലാ ഫോർമാറ്റുകളിലുമായി 355 വിക്കറ്റുകൾ നേടി. അന്താരാഷ്ട്ര ക്രിക്കറ്റിലെ ഒരു വനിതാ ബൗളറുടെ ഏറ്റവും കൂടുതൽ വിക്കറ്റ് നേട്ടമാണിത്. 12 ടെസ്റ്റുകൾ, 204 ഏകദിനങ്ങൾ, 68 ടി ട്വന്റികൾ എന്നിവയിലാണ് ജുലന്റെ വിക്കറ്റ് നേട്ടം. ഏകദിന ക്രിക്കറ്റിൽ 255 വിക്കറ്റുകളാണ് ജുലന്റെ സമ്പാദ്യം. ഇത് വനിതാ അന്താരാഷ്ട്ര ക്രിക്കറ്റിലെ റെക്കോർഡ് നേട്ടമാണ്.‌

2007ലെ ഐസിസി വനിതാ പ്ലേയർ ഓഫ് ദ ഇയറായി പ്രഖ്യാപിച്ചത് ജുലനെയായിരുന്നു. 2008 മുതൽ 2011 വരെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നയിച്ചതും ജുലനായിരുന്നു. 2016 ജനുവരിയിൽ ഐസിസി വനിതാ ഏകദിന ബൗളിം​ഗ് റാങ്കിങ്ങിൽ ജുലൻ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു. 2005, 2009, 2013, 2017, 2022 എന്നീ വർഷങ്ങളിൽ വനിതാ ഏകദിന ലോകകപ്പുകളിൽ ജുലൻ ഇന്ത്യയുടെ ബൗളിം​ഗ് നിരയുടെ കുന്തമുനയായി.

ഇംഗ്ലണ്ടിന്റെ വനിതാ ക്രിക്കറ്റ് ഓൾറൗണ്ടറായ ഹെതർ നൈറ്റ് വൈറ്റ് ബോൾ ക്രിക്കറ്റിൽ 5,000-ലധികം അന്താരാഷ്ട്ര റൺസും പത്ത് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 705 റൺസുമാണ് നേടിയത്. 2016ലാണ് ഹെതർനൈറ്റ് ഇം​ഗ്ലണ്ട് വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ പദവിയിലേക്ക് എത്തുന്നത്. ക്യാപ്റ്റൻസി ഏറ്റെടുത്ത് വെറും ഒരു വർഷത്തിന് ശേഷം ഇം​ഗ്ലണ്ടിന് ലോകകപ്പ് നേടിക്കൊടുക്കാൻ ഹെതറിന് സാധിച്ചു.

സമകാലിക അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരിലൊരാളായാണ് ഇം​ഗ്ലണ്ടിന്റെ ഒയിൻ മോർ​ഗനെ കണക്കാക്കുന്നത്. 2019 പുരുഷ ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെ തകർത്തെറിഞ്ഞ് ഇം​ഗ്ലീഷ് പട കിരീടം ഉയർത്തിയത് മോർ​ഗന്റെ നായകത്വത്തിലാണ്. ഈ വർഷം ആദ്യം താരം എംസിസിയുടെ ഓണററി ലൈഫ് അംഗത്വം നേടുകയും ചെയ്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com